: അച്ചോടാ… രണ്ടും മൂക്കറ്റം കയറ്റിയിട്ട് വന്നിരിക്കുന്നു.. അമ്മേ.. നിങ്ങളിത് കാണുന്നില്ലേ
: നീ ഒന്ന് മിണ്ടാതിരിയെടി മോളെ… അവരുടെ ആ ചിരി കണ്ടാൽ മതിയല്ലോ.. ഒരമ്മപെറ്റ അളിയന്മാരെ പോലുണ്ട്..
: ആഹ് ബെസ്ററ്…
: ശ്രീകുട്ടാ എത്രെണ്ണം കഴിച്ചെടാ…
: ഓഹ് ആകെ 4 പെഗ്ഗ്…
ഇതെല്ലം കണ്ടും കേട്ടും ലക്ഷികുട്ടിക്ക് ചിരി വരുന്നുണ്ട്. ഞാൻ അച്ഛനെയും കൂട്ടി കഴിക്കാൻ ഇരിക്കുമ്പോഴും അവരെല്ലാവരും കൂടി ഓരോന്ന് പറഞ്ഞ് ചിരിക്കുന്നുണ്ട്. ലെക്ഷ്മികുട്ടിയും ഇന്ദിരാമ്മയും ഭയങ്കര കമ്പനിയായെന്ന് തോനുന്നു. അവരുടെ മുഖത്തെ സന്തോഷവും ചിരിയും കണ്ടാൽ മതിയല്ലോ മനസ് നിറയാൻ.
കഴിച്ചുകഴിഞ്ഞ് അമ്മയെയും ലെച്ചുവിനെയും വീട്ടിലാക്കി നേരെ തുഷാരയുടെ വീട്ടിലേക്ക് വിട്ടു. രണ്ടാളും നന്നായി കഴിച്ചതുകൊണ്ട് വണ്ടി ഓടിക്കാൻ കൂട്ടുകാരനെയും കൂട്ടിയിട്ടാണ് യാത്ര. അവരെ ഇറക്കി തുഷാരയുടെ അച്ഛന്റെ വണ്ടിയുമായി കല്യാണവീട്ടിലേക്ക് തിരിച്ചെത്തി. കിച്ചാപ്പിയുടെ വീട്ടിലെ പാട്ടും കൂത്തും ഒക്കെ കഴിഞ്ഞ് അവിടെത്തന്നെ കൂട്ടുകാരെല്ലാവരും കൂടി കിടന്നുറങ്ങിയാണ് ആഘോഷങ്ങൾ കൊഴുപ്പിച്ചത്.
കാലത്ത് ചെറുക്കനെ ഒരുക്കിയിറക്കാനുള്ള അവകാശം ഞങ്ങൾ കൂട്ടുകാർക്കാണ്. കല്യാണം നടക്കുന്ന ഹാളിലേക്ക് പോകാൻ ഞങ്ങൾ കൂട്ടുകാർക്ക് മാത്രമായി പ്രത്യേകം വണ്ടിയുണ്ട്. പോകുന്ന വഴിലുടനീളം പാട്ടും ഡാൻസുമായി തിമിർക്കുകയാണ് എല്ലാവരും. ഇതൊക്കെയല്ലേ ഏതൊരു പ്രവാസിയേയും നാട്ടിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിക്കുന്ന ഘടകം. പഴയ പ്രവാസ ജീവിതം ഓർക്കുമ്പോൾ കരച്ചിൽ വരും ചില സമയങ്ങളിൽ. നഷ്ടങ്ങളുടെ നീണ്ട നിരതന്നെയുണ്ടാവും ഏതൊരു പ്രവാസിക്കും. കല്യാണം, ഉത്സവം, ഉറൂസ്, പെരുന്നാള് അങ്ങനെ എന്തെല്ലാം നഷ്ടങ്ങൾ…
കല്യാണപെണ്ണായി ചമഞ്ഞൊരുങ്ങിയ നീതുവിന്റെ മുഖത്തെ ചിരി കാണണം. മനസ്സിൽ ഉറങ്ങിക്കിടന്ന പ്രണയം താലിച്ചരടിൽ ഊട്ടിയുറപ്പിക്കുന്ന അസുലഭ നിമിഷം. കിച്ചാപ്പിക്ക് ചെറിയ കൈവിറ ഉണ്ടോന്ന് ഒരു സംശയം… ആള് വലിയ നേതാവൊക്കെ ആണെങ്കിലും താലികെട്ടുമ്പോ കൈവിറക്കുന്നത് അത്ര മോശമൊന്നുമല്ല. ഇനിയിപ്പോ എന്റെ കാര്യം കണ്ടറിയണം.
ആഹ്… നമ്മുടെ കാന്താരി പെണ്ണിനെക്കുറിച്ച് പറഞ്ഞില്ലല്ലോ അല്ലെ. കുടുംബസമേതം രാവിലെതന്നെ എത്തിയിരുന്നു. സാരിയിൽ പെണ്ണിനെ കാണാൻ നല്ല ചേലുണ്ടെന്ന് മുൻപ് പറഞ്ഞതുകൊണ്ടാണെന്ന് തോനുന്നു, ഇന്നും നല്ല സുന്ദരി മോളായിട്ടാണ് ഉടുത്തൊരുങ്ങിയിരിക്കുന്നത്. ഇന്നലത്തെ വെള്ളമടിയോടെ അച്ഛൻ എന്റെ ചങ്ക് ബ്രോയെപ്പോലെയായി. ഇന്ദിരാമ്മയ്ക്ക് ലക്ഷ്മികുട്ടിയെ കിട്ടിയതോടെ രണ്ടാളും വാതോരാതെ തള്ളി മറിക്കുന്നുണ്ട്. നീതുവിന്റെ ക്ഷണപ്രകാരം കോളേജ് ടീം മുഴുവൻ വന്നിട്ടുണ്ട്. എല്ലാവരെയും ഒരിക്കൽക്കൂടി കാണുവാനുള്ള അവസരമായി. ഭക്ഷണമൊക്കെ കഴിഞ്ഞ് തുഷാരയെ ലെച്ചുവിനെ ഏല്പിച്ച് അച്ഛനും അമ്മയും വീട്ടിലേക്ക് തിരിച്ചു.