കിച്ചാപ്പിയുടെ വീട്ടിലേക്കുള്ള യാത്രയിൽ പാട്ടുംകൂത്തുമായി അടിച്ചുപൊളിക്കാൻ ലെച്ചുവും തുഷാരയുമുണ്ട്. കല്യാണ പെണ്ണിനേയും ചെക്കനേയും വണ്ടിയിൽ നിന്നും ഇറക്കി ബാൻഡ്മേളത്തിന്റെ അകമ്പടിയോടെയാണ് വീട്ടിലേക്ക് ആനയിച്ചത്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും നീതുവിനെ നാട്ടുകാരും കൂട്ടുകാരും രണ്ടുകൈയും നീട്ടി സ്വീകരിച്ചു. വൈകുന്നേരത്തെ റിസെപ്ഷനും ഫോട്ടോയെടുപ്പും എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരുമ്പോഴേക്കും ക്ഷീണിച്ചു.
: ശ്രീകുട്ടാ… നിങ്ങൾ രണ്ടാളും ഇങ്ങനെ കല്യാണവും കൂടി നടന്നോ… നിനക്ക് കെട്ടണ്ടേ
: എന്റെ ലെച്ചു… ഇതെന്താ ആരും പറയാത്തതെന്ന് ഓർക്കുവായിരുന്നു ഞാൻ. നീ ഒന്ന് കാര്യങ്ങൾ വേഗം നടപ്പാക്കാൻ പറയെടോ
: അമ്പട കള്ളാ… മൂത്തിരിക്കുവാണല്ലേ… തുഷാരെ,,,, നീ കേട്ടോടി
: ചേച്ചിക്കൊന്നും ഒരു താല്പര്യം ഇല്ലാഞ്ഞിട്ടാ… ഏട്ടൻ പറഞ്ഞപോലെ വേഗം നടത്തി തന്നൂടെ
: ഉവ്വ…. ഞാൻ പറയാം ട്ടോ… അത് പോട്ടെ, ഇന്നലെ അച്ഛൻ എന്താ ഈ കള്ളുകുടിയനെക്കുറിച്ച് പറഞ്ഞത്…
: അച്ഛൻ എന്നെ പുകഴ്ത്തി കൊന്നു. കെട്ടിപിടിച്ച് ഒരുമ്മയും തന്നിട്ടാ വിട്ടത്…
: എന്തിന്…!
: അച്ഛന് ആൺകുട്ടികൾ ഇല്ലാത്ത വിഷമം പണ്ടേ ഉള്ളതാ… ഇപ്പൊ എനിക്കൊരു മോനെ കിട്ടിയെന്ന് പറഞ്ഞ് അമ്മയെ എടുത്ത് പൊക്കുന്നതൊക്കെ കണ്ടു. ആള് ഭയങ്കര ഹാപ്പിയാ.. അല്ലെങ്കിലും രണ്ടെണ്ണം അടിച്ചാൽ ഭയങ്കര സ്നേഹമാണ്. രണ്ടാളുടെയും കളി കാണാൻ നല്ല രസാണ്…
ലെച്ചുവും തുഷാരയും സംസാരിച്ചിരിക്കുന്നതിനിടയിൽ ഞാൻ പോയി നല്ലൊരു കുളി പാസാക്കി. ഇനി അവളെ വീട്ടിൽ കൊണ്ടുവിടാൻ പോകണം. ലെച്ചുവിനെ നിർബന്ധിച്ചെങ്കിലും അവൾ വന്നില്ല. ഞങ്ങൾക്കിടയിൽ കട്ടുറുമ്പാവേണ്ടെന്ന് കരുതിക്കാണും. രാവിലെ മുതൽ തുഷാര ലെച്ചുവിന്റെ കൂടെയായിരുന്നല്ലോ. ഇനി കുറച്ച് സമയം അനിയന് ഒറ്റയ്ക്ക് പെണ്ണിനോട് ശൃങ്കാരിക്കാൻ അവസരം കൊടുക്കാമെന്ന് കരുതിക്കാണും. തുഷാരയുടെ വീട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ പറയാനുണ്ടായിരുന്നത് കല്യാണത്തെകുറിച്ചാണ്. ഇനിയിപ്പോ നമ്മുടെ ഊഴമാണ്. എത്രയും പെട്ടെന്ന് ആയാൽ അത്രയും നല്ലത്…
***********
തുഷാരയുടെ വീട്ടുകാരുമൊത്ത് ആലോചിച്ച് കല്യാണത്തിനുള്ള ആലോചനകൾ സജീവമായി. കല്യാണത്തിന് എന്തായാലും വരുമെന്ന് പാച്ചു പറഞ്ഞിട്ടുണ്ട്. അതോടെ ലെച്ചുവിന്റെ മുഖം വിടർന്ന് കണ്ടു. പാച്ചുവിനോടുള്ള അവളുടെ ഇഷ്ടത്തിന്റെ ആഴം പലപ്പോഴും അറിഞ്ഞിട്ടുണ്ടെങ്കിലും ഈ തവണ ലെച്ചു ഭയങ്കര സന്തോഷത്തിലാണ്. ഞാനും ആഗ്രഹിച്ചിരുന്നു എന്റെ കല്യാണ സമയത്ത് പാച്ചു ഇവിടെ ഉണ്ടാവണമെന്ന്. കാരണം എനിക്കൊരു ജീവിതമുണ്ടാവുമ്പോൾ ലെച്ചു മാത്രം പഴയ ഒറ്റപ്പെടലിലേക്ക് വീണ്ടും പോകരുതല്ലോ..