: അല്ല അമ്മേ… ഇവൾക്ക് ഇവിടെ മെമ്പർഷിപ്പ് കൊടുത്തോ..?
: ഞങ്ങൾ അന്നേ കൊടുത്തില്ലേ… നീയല്ലേ വല്ല്യ ഡിമാൻഡ് ആക്കിയത്.
: ഏട്ടന് അസൂയ ആണമ്മേ… മടിയിൽ കിടക്കുന്ന കണ്ടിട്ട്
: എടി പെണ്ണേ.. നിന്റെ തലയിലുള്ള പേനൊക്കെ അമ്മയ്ക്ക് കൊടുക്കാൻ ആണോ മടിയിൽ തലയും വച്ച് കിടക്കുന്നേ
: അയ്യടാ… എന്റെ തലയിൽ പേനൊന്നുമില്ല. ഇത് ഞാൻ പൊന്നുപോലെ കൊണ്ടുനടക്കുന്ന ബോഡിയാ
തുഷാരയുടെ ഓരോ വർത്തമാനം കേട്ട് ഇരിക്കുമ്പോൾ എത്രതവണ ചിരിച്ചെന്നറിയില്ല. അവളുടെ വർത്തമാനം കേൾക്കാൻ തന്നെ പ്രത്യേക സുഖമുണ്ട്. ഓരോന്ന് പറഞ്ഞുവരുന്നതിനിടയിൽ ബീച്ചിലേക്ക് പോകാം എന്ന നിർദ്ദേശം വന്നത് ലെച്ചുവിൽനിന്നാണ്. ബീച്ചിലേക്കുള്ള യാത്രയിലുടനീളം തുഷാരയുടെയും ലെച്ചുവിന്റെയും വാതോരാതെയുള്ള വർത്തമാനം കേട്ട് ബീച്ചിലെത്തിയത് അറിഞ്ഞില്ല.
ചാൽ ബീച്ചിലെ സായാഹ്നം അൽപ്പം തിരക്കേറിയതാണ്. അസ്തമയ സൂര്യനെ കണ്ട് അലതല്ലി വരുന്ന തിരകളിൽ ഉല്ലസിക്കാൻ കുടുംബവുമായി എത്തുന്നവർ കുറവല്ല. അസ്തമയ സൂര്യനോളം ഭംഗിയുണ്ട് കുടുംബശ്രീ ഷോപ്പിലെ മുളക് ബജിക്കും ഗോപി മഞ്ചൂരിയനും. മണൽ പരപ്പിൽ കാല് നീട്ടിയിരുന്ന് തിരകളെ നോക്കി ചൂടുള്ള ഗോപി മഞ്ചൂരിയനിലേക്ക് സോസ് ഒഴിച്ച് കഴിക്കുന്ന സുഖം ഒന്ന് വേറെതന്നെയാണ്.
ശാന്തമായി കരയെ തഴുകുന്ന തിരമാലകളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ മുട്ടോളം കയറ്റിവച്ച പാന്റിന് താഴെ കാണുന്ന വെളുത്ത് കൊഴുത്ത കാൽ മസിലുകളിൽ കുഞ്ഞൻ രോമങ്ങൾ ഈറനണിഞ്ഞു നിൽക്കുന്ന കാഴ്ച അതിമനോഹരം. ലെച്ചുവിന്റെ കാലിൽ കിടക്കുന്ന പോലുള്ള ഒരു പാദസരം കൂടി ഉണ്ടെങ്കിൽ തുഷാരയുടെ കാലുകൾക്ക് എന്ത് അഴകായിരിക്കും. തിരയും കരയും അസ്തമയ സൂര്യന്റെ പ്രഭയിൽ ചെമ്പട്ടണിയുന്ന കാഴ്ച മതിവരുവോളമാസ്വദിച്ച് എല്ലാവരും തിരിച്ചുപോകാനൊരുങ്ങി.നേരം ഇരുട്ടുന്നതിന് മുൻപായി തുഷാരയെ വീട്ടിൽ കൊണ്ടാക്കിയ ശേഷം തിരിച്ച് വീട്ടിലെത്തിയപ്പോൾ എല്ലാവരും ഹാപ്പി. തുഷാരയുടെ വീട്ടുകാരെ അമ്മയ്ക്കും ലെച്ചുവിനും നന്നായി ഇഷ്ടപ്പെട്ടു. നല്ല സുഹൃത്തുക്കളെപോലെ പരസ്പരം പെരുമാറുന്ന അവരുടെ കൂടെ ഒരു ബന്ധത്തിന് ആരും ആഗ്രഹിക്കും.
********
കോളേജ് ജീവിതം അടിച്ചുപൊളിച്ചു മുന്നോട്ട് പോയി. സെന്റ് ഓഫ് പാർട്ടി, പരീക്ഷ, പ്രണയം അങ്ങനെ എല്ലാം കൊണ്ടും അടിപൊളി. പരീക്ഷ കഴിഞ്ഞ് എങ്ങനെങ്കിലും ഒരു ജോലിക്ക് കയറിയാൽ മതിയെന്നായി എല്ലാവർക്കും. എനിക്ക് മാത്രം നേരെ തിരിച്ചാണ്. കുറച്ചുകൂടി ഈ ജീവിതം നീണ്ടുപോയെങ്കിൽ എന്നാണ് എന്റെ മനസ്സിൽ. അവസാന ദിവസങ്ങളിൽ തുഷാരയുമൊത്ത് ഓരോ മരച്ചുവട്ടിലും ഇരുന്ന് സംസാരിച്ചതിന് കണക്കില്ല. ഇനി ഒരു വർഷം കൂടിയുണ്ട് എന്റെ കട്ടുറുമ്പിന്. ഞാൻ കൂടെയില്ലാത്ത ഒരുവർഷത്തെക്കുറിച്ച് ചിന്തിക്കാൻ പോലും അവൾക്ക് പറ്റുന്നില്ല.