“യ്യോ ഇന്ന് കാക്ക മലര്‍ന്നു പറക്കുവല്ലോ” ശാന്ത ചിരിച്ചുകൊണ്ട് പറഞ്ഞു.
“ശാന്തേച്ചി, ഞാനൊരു കാര്യം ചോദിക്കട്ടെ” അവരുടെ ഒപ്പം നടന്നു സൈക്കിള്‍ ഉരുട്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു.
“ചോദിക്ക് കുട്ടാ”
“ചേച്ചി എന്താ കല്യാണം ഒഴിഞ്ഞത്”
“ആഹാ ഇതാണോ വല്യ ചോദ്യം? അയാളൊരു കെഴങ്ങനാരുന്നു മോനെ. ഒന്നിനും കൊള്ളിക്കാത്തവന്‍. എന്റെ കാശ് മൊത്തം കുടിച്ചു തീര്‍ത്തിട്ട് എന്നെ സംശയോം. അടിച്ചെറക്കി നായിന്റെ മോനെ ഞാന്‍. എന്റെ ജീവിതം തകര്‍ത്തത് ആ ദ്രോഹിയാ” പകയോടെ അവര്‍ പറഞ്ഞു.
“ചേച്ചി ഇതൊക്കെ ഗീതയോട് പറഞ്ഞിട്ടുണ്ടോ”
“അയാള്‍ കൊള്ളരുതാത്തവന്‍ ആരുന്നെന്ന് പറഞ്ഞിട്ടുണ്ട്. അല്ലാതെ വിസ്തരിച്ചൊന്നും പറഞ്ഞിട്ടില്ല. ങാ എന്താ”
“അവളോട് എല്ലാം പറയണം ചേച്ചീ. ഈ ആണുങ്ങടെ കൈയിലിരിപ്പ് അവളും അറിയട്ടെ. കല്യാണം കഴിക്കുന്നേനു മുന്നേ ജീവിതത്തെപ്പറ്റി ഇങ്ങനൊക്കെ ചിലത് അറീന്നത് നല്ലതല്ലേ” തന്ത്രപൂര്‍വ്വം ഞാന്‍ പറഞ്ഞു.
ശാന്ത എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് ഒന്നിരുത്തി മൂളി.
“അല്ല, നിനക്കെന്താ അവളുടെ കാര്യത്തില്‍ ഇത്ര താല്‍പര്യം? ങേ?? നിങ്ങള് തമ്മീ..” അവര്‍ സംശയത്തോടെ എന്നെ നോക്കി.
“യ്യോ ഞങ്ങള്‍ തമ്മീ നല്ല കൂട്ടാ. അത്രേ ഉള്ളു. എന്നെക്കാള്‍ മൂത്തതാ ചേച്ചി ഗീത”
“അതെനിക്കറിയാം. എന്നാലും എന്നോട് മിണ്ടാന്‍ കൂട്ടാക്കാത്ത നീ ഇത് പറയാന്‍ എന്റെ അടുക്കെ വന്നത്..” അവര്‍ വീണ്ടും സംശയത്തോടെ ചോദിച്ചു.
“അവള്‍ക്ക് വീട്ടുകാര് കല്യാണം ആലോചിക്കുന്നുണ്ട്. അപ്പം ഞാന്‍ ചേച്ചിയുടെ കാര്യം വെറുതെ ഓര്‍ത്തു. അങ്ങനൊന്നും അവള്‍ക്ക് വരരുത് എന്നാ എന്റെ ആഗ്രഹം. കാരണം അവളൊരു പാവം പെണ്ണാ ചേച്ചീ. അവള്‍ടെ ഇപ്പഴത്തെ ധാരണ എല്ലാ ആണുങ്ങളും നല്ലവരാന്നാ”
ശാന്ത ചിരിച്ചിട്ട് ഇങ്ങനെ പറഞ്ഞു:
“കെട്ടാന്‍ മുട്ടി നില്‍ക്കുമ്പം എല്ലാ ആണുങ്ങക്കും പെണ്ണുങ്ങക്കും അങ്ങനെ തോന്നും. അപ്പൊ അവരുടെ ആവശ്യം വേറെ ആണല്ലോ. കൊറച്ച് കഴീമ്പം അല്ലെ ഓരോന്നിന്റെ കൊണം പുറത്ത് വരൂ”
“അതെ ചേച്ചീ. ചേച്ചി ഇതൊക്കെ അവളോട് പറയണം. പ്ലീസ്”