ചെറുതായിട്ടൊന്ന് ഞെട്ടിയിട്ടുണ്ട് കക്ഷി. ഫ്ലാറ്റ് മാറിപ്പോയോ എന്ന സംശയത്തോടെ നിന്ന അവൾക്ക് ഹാളിലേ സോഫയിൽ ഇരിക്കുന്ന എന്നെ കണ്ടതും അല്പം ആശ്വാസമായെന്ന് തോന്നുന്നു.
” കേറിപ്പോരമ്മൂ… ഫ്ലാറ്റ് മാറീട്ടില്ല. ”
വന്നിരിക്കുന്നത് എനിക്ക് പരിചയമുള്ള ആളാണ് എന്ന് മനസിലായതും ജിൻസി ഒരു ചിരിയോടെ അവൾക്കായി ഡോർ മുഴുവനും തുറന്നുകൊടുത്തു.
” ജിൻസീ… ഇത് അമൃത എന്ന അമ്മു. ഞാനിന്നലെ പറഞ്ഞില്ലേ ഇവിടെ ഒരു ഫ്രണ്ട് ഉണ്ടെന്ന്… ഇതാണ് ആള്. പിന്നേ അമ്മൂ ഇത് ജിൻസി. ഇവിടെ ഓപ്പോസിറ്റ് ഫ്ലാറ്റിലാണ്. ഇവളാണെന്നെ ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. ആള് ഡോക്ടർ ആണുട്ടോ.. ”
ഞാൻ രണ്ടുപേരെയും പരസ്പരം പരിചയപ്പെടുത്തിക്കൊടുത്തു. അവർ പരസ്പരം നോക്കി ചിരിച്ചു.
” എടാ നിനക്ക് ഫുഡ് എടുക്കട്ടെ…അമ്മു കഴിച്ചതാണോ..?”
ജിൻസി എന്നോടും അമ്മുവിനോടുമായി ചോദിച്ചു.
” അതിന് ഞാനിനീം പല്ലേച്ചിട്ടില്ല. ”
അളിഞ്ഞ ഒരു ചിരിയോടെ ഞാൻ പറഞ്ഞതും ജിൻസിയൊന്ന് മുഖം വക്രിച്ചുകാട്ടി.
” ഞാൻ കഴിച്ചിട്ടാ പോന്നത് ചേച്ചി… ”
എന്ന അമ്മുവിന്റെ മറുപടിയും പിന്നാലെയെത്തി.
” അമ്മു ഒന്നിവന്റെ കൂടെ ചെല്ല്… ആൾക്ക് ഇടക്ക് തലകറക്കം ഉണ്ട്. ഞാനപ്പോഴേക്ക് ഫുഡ് എടുത്ത് വെക്കാം. ”
എന്നെ അമ്മുവിനെയേൽപ്പിച്ച് അവൾ അടുക്കളയിലേക്ക് തന്നെ തിരിച്ചുപോയി.
അതോടെ അമ്മു എന്നെപ്പിടിച്ചെഴുന്നേൽപ്പിച്ച് ഉന്തിത്തള്ളി ബാത്‌റൂമിലെ ബേസിനു മുന്നിൽ കൊണ്ട് ചെന്ന് നിർത്തി.
അവിടെ ഹോൾഡറിൽ കിടന്നിരുന്ന എന്റെ ബ്രെഷ് എടുത്ത് അതിൽ പേസ്റ്റ് പുരട്ടി എന്റെ നേരെ നീട്ടി അവളൊന്ന് ആക്കിചിരിച്ചു.
“എന്താടി പൊട്ടക്കണ്ണി ഒരാക്കിയ ചിരി… ”
അവളുടെ കയ്യിൽനിന്നും ബ്രഷ് വാങ്ങി ഞാൻ കണ്ണുരുട്ടി.
” ഏയ്… ഒന്നുല്ലേ…. മോൻ വേഗം പല്ലേക്കാൻ നോക്ക്… ഇല്ലേൽ ജിൻസിയേച്ചിയുടെ കയ്യീന്ന് കിട്ടും… ”
അപ്പോഴും അവളുടെ മുഖത്താ തൊലിഞ്ഞ ചിരി അതേപടി നിൽപ്പുണ്ടായിരുന്നു.
എന്നാൽ ഇപ്രാവിശ്യം അതിന് വല്യ മൈൻഡ് കൊടുക്കാതെ ഞാൻ പല്ല് തേപ്പ് തുടർന്നു.
തലചുറ്റലുണ്ടെന്ന് ജിൻസി പറഞ്ഞതുകൊണ്ടാണെന്ന് തോന്നുന്നു ഞാൻ പല്ല് തേച്ചുകഴിയുന്നത് വരെയും അവളെന്നേം നോക്കി ബാത്‌റൂമിന്റെ ഡോറിനടുത്തുതന്നെ നിൽപ്പുണ്ടായിരുന്നു.