എല്ലാം കഴിഞ്ഞ് അവളുടെ തോളിലൂടെ കയ്യിട്ട് ഡൈനിങ് ഹാളിലേക്ക് നടക്കുമ്പോഴേക്കും ജിൻസി ഭക്ഷണമൊക്കെ വിളമ്പി വച്ചായിരുന്നു.
ചപ്പാത്തിയും ചിക്കൻ കറിയും. ഇതൊക്കെയുണ്ടാക്കാൻ ഇവൾക്കെപ്പോ സമയം കിട്ടിയെന്ന് ഞാനോർത്തു.
അമ്മു വേണ്ടായെന്നൊക്കെ പറഞ്ഞെങ്കിലും അവളെക്കൊണ്ട് കഴിപ്പിച്ചേ ജിൻസി അടങ്ങിയുള്ളു. നല്ല രുചിയുണ്ടെന്ന് അമ്മുവിന്റെ മുഖഭാവത്തിൽനിന്ന് മനസിലായെങ്കിലും പനികാരണം ആണെന്ന് തോന്നുന്നു എനിക്കതിന്റെ രുചി മനസിലായില്ല.
” ജിൻസി… പനിയൊക്കെ മാറി ഇതുപോലെ ഒരിക്കെക്കൂടി ഉണ്ടാക്കിത്തരണംട്ടോ… എനിക്ക് ടേസ്റ്റ് കിട്ടണില്ല… ”
കഴിക്കണതിനിടെ ഞാൻ പറഞ്ഞത് കേട്ട് അവളെന്നെയൊന്ന് തുറിച്ചുനോക്കി.
” ഉത്തരവിടുമ്പോ ഉണ്ടാക്കിത്തരാൻ ഞാനാരാ നിന്റെ വേലക്കാരിയോ…!”
അവളുടെ മറുപടികേട്ട ഞാനാകെ വിളറിപ്പോയി. അവളുടെ മറുപടി കേട്ട് അമ്മുവാകട്ടെ ചിരിയടക്കാൻ പാടുപെടുകയായിരുന്നു.
എന്റെ ഭാവം കണ്ട് ജിൻസിയുടെ മുഖത്തൊരു ചിരി പടർന്നു.
” ആഹ്… ഞാനൊന്ന് ആലോചിക്കട്ടെ… ”
അമ്മുവിനെ നോക്കിയൊന്ന് കണ്ണിറുക്കി ജിൻസി എന്നോടായി പറഞ്ഞു.
വാതുറന്നാൽ അത് കറങ്ങിത്തിരിഞ്ഞെന്റെ തലയിൽ തന്നെവന്ന് വീഴും എന്ന് ഏറക്കുറെ ഉറപ്പായത്തിനാൽ ഞാൻ പ്ലേറ്റിലോട്ട് കോൺസെൻട്രേറ്റ് ചെയ്തു. ഇടക്ക് തലയുയർത്തി നോക്കിയപ്പോൾ രണ്ടും എന്നെനോക്കി ചിരിച്ചോണ്ട് ഇരിക്കുന്നുണ്ടായിരുന്നു.
എന്നാലതിന് പട്ടിവിലകൊടുത്ത് ഇറച്ചികടിച്ചുപറിക്കാനാണ് ഞാൻ ശ്രെദ്ധിച്ചത്. വായക്ക് രുചിയില്ലാത്തതുകൊണ്ട് ഇടക്ക് വച്ച് എണീറ്റ് പോവാനൊരു ശ്രെമം നടത്തിയെങ്കിലും അത് ദയനീയമായിപ്പരാജയപ്പെട്ടു. ജിൻസിയുടെ തുറിച്ചുനോട്ടം മാത്രം മതിയായിരുന്നു ഞാൻ വീണ്ടുമവിടെയിരിക്കാൻ.
അവസാനം കഴിപ്പൊക്കെ കഴിഞ്ഞ് എനിക്കുള്ള മരുന്നുമെടുത്ത് തന്നശേഷം ജിൻസി അവളുടെ ഫ്ലാറ്റിലേക്ക് പോയി. ചെറുതായി ക്ഷീണം തോന്നുന്നുണ്ടായിരുന്നു. സോഫയിൽ എന്റൊപ്പമിരുന്നിരിന്ന അമ്മുവിന്റെ മടിയിലേക്ക് തലചായ്‌ച്ച് ഞാനവിടെത്തന്നെ കിടന്നുറങ്ങിപ്പോയി.
അമ്മുവിന്റെയും ജിൻസിയുടെയും ചിരിയും സംസാരവും കെട്ടാണ് ഞാനുണർന്നത്. ഞാനപ്പോഴും അമ്മുവിന്റെ മടിയിൽ തന്നെയായിരുന്നു കിടന്നിരുന്നത്. അമ്മുവിന്റെ വിരലുകൾ എന്റെ മുടിയിഴക്കിടയിലൂടെ ഓടിനടപ്പുണ്ടായിരുന്നു.
ഞാൻ കണ്ണുതുറന്നത് കണ്ട് ജിൻസി എന്നെനോക്കി ചിരിച്ചു.
” ആഹാ എണീറ്റോ കുംഭകർണൻ…! ”
അവളുടെ ചിരിയോടെയുള്ള ചോദ്യം ഞാൻ കേട്ടോ എന്ന് എനിക്ക് തന്നെ സംശയമായിരുന്നു.
കാരണം വൈകുന്നേര സൂര്യന്റെ പൊൻകിരണങ്ങൾ മാറ്റുകൂട്ടിയ അവളുടെ മുഖത്തിന്റെ കാന്തിയിൽ ഭ്രമിച്ചുപോയിരുന്നു ഞാൻ. തുറന്നിട്ടിരുന്ന ബാൽകണിയുടെ സ്ലൈഡിങ് വിൻഡോയിലൂടെ കടന്നുവന്ന സുഖമുള്ളൊരു കാറ്റ് അഴിച്ചിട്ടിരുന്ന അവളുടെ മുടിയിഴകളെ തലോടി കടന്നുപോയതും കണ്ണെടുക്കാതെ ഞാൻ നോക്കിനിന്നു.