അതും പറഞ്ഞ് ഞാൻ നോക്കിയത് താടകയുടെ മുഖത്തേക്ക് ആയിരുന്നു.
തുറന്നിട്ടിരുന്ന വാതിലിനടുത്തായി നിന്നിരുന്ന അവൾ ഞാൻ പറഞ്ഞതെല്ലാം കേട്ടെന്ന് എനിക്കുറപ്പായിരുന്നു.
അവളുടെ മുഖത്ത് ദേഷ്യമിരച്ചെത്തുന്നത് ഞാൻ വ്യക്തമായി കണ്ടു. എന്റെ ഹൃദയമൊരുനിമിഷം മിടിക്കാൻ മറന്ന് പോയി.
ഞാൻ വാതിൽക്കലേക്ക് പകച്ചുനോക്കുന്നതുകണ്ട ജിൻസിയും അമ്മുവും തിരിഞ്ഞുനോക്കിയപ്പോഴാണ് അവളെ കാണുന്നത്.
ചിരിച്ചോണ്ടിരുന്ന ജിൻസിയുടെ മുഖമൊരുനിമിഷം കൊണ്ട് മ്ലാനമാവുന്നത് ഞാൻ കണ്ടു.
ഇന്നത്തോടെ എന്റേകാര്യത്തിലൊരു തീരുമാനമാവും എന്നെനിക്കുറപ്പായിരുന്നു.
എന്താണ് സംഭവിക്കുക എന്ന് ഇവളുടെ കാര്യത്തിൽ പ്രവചിക്കാനും കഴിയില്ല.
താടകയുടെ നോട്ടമൊരുനിമിഷം അവിടുള്ള ഫ്ലവർവേസിലേക്ക് നീളുന്നത് ഒരു ഞെട്ടലോടെ ഞാൻ കണ്ടു. അത് വച്ചുതലക്കടിക്കാനുള്ള പ്ലാനാണോ എന്ന ചിന്ത മനസിലെത്തിയതും ഞാനൊന്നൂടെ ഞെട്ടി.
ഞെട്ടി ഞെട്ടി വട്ടായിപ്പോകുവോ എന്നെനിക്കാ നിമിഷം തോന്നിപ്പോയി. ഒരുമിനുട്ടിനുള്ളിൽ എത്രവട്ടം എന്ന് വച്ചാണ് ഞെട്ടുന്നത്.
എന്നാൽ ഒരക്ഷരം പോലും പറയാതെ തിരിഞ്ഞുനടന്ന അഭിരാമിയെ കണ്ട് ഞാനൊന്നൂടെ ഞെട്ടി.
എന്തൊക്കെയോ പ്രതീക്ഷിച്ചു ഒന്നും സംഭവിക്കാത്ത ആശ്വാസം അല്ലേ അവിടെ വേണ്ടേ എന്നെന്നോട് തന്നെ ചോദിച്ചപ്പോൾ
” താൻ പോടോ എനിക്കിഷ്ടമുള്ളത് അങ്ങ് തരും ” എന്നാണെന്റെ ഉള്ളിലിരുന്ന് മനസ് എന്ന തെണ്ടി പറഞ്ഞത്
ചിരിയും കളിയും നിറഞ്ഞിരുന്ന ഹാൾ ഒരുനിമിഷം കൊണ്ടായിരുന്നു നിശബ്ദമായത്.
ജിൻസിയുടെയും അമ്മുവിന്റെയും മുഖത്തും ഒരു പകപ്പ് ഞാൻ കണ്ടു.
” നിന്റെ കാര്യത്തിലിന്നത്തോടെ ഒരു തീരുമാനം ആകൂടാ… ”
കുറച്ചുനേരത്തെ നിശബ്ദത മുറിച്ചത് ജിൻസി എന്നോടായി ഇങ്ങനെ പറഞ്ഞപ്പോഴായിരുന്നു.
” തെണ്ടീ… പേടിപ്പിക്കല്ലേ…! ”
ഒന്ന് ആശ്വസിച്ചു വരുന്നേ ഉണ്ടായിരുന്നുള്ളൂ… അതിനിടെ അവളുടെ കോണച്ച വർത്താനം കേട്ട് അത് മാറിക്കിട്ടി.
ഇനിയുമവിടെ ഇരുന്നാ വട്ടായിപ്പോകൂന്ന് തോന്നിയതും രണ്ടിനേം വിളിച്ച് താഴെ ഫ്ലാറ്റിന്റെ തന്നെ പാർക്കിലേക്ക് ചെന്നിരുന്നു.
നല്ല രസമാണ് അവിടെ. കുറേ മരങ്ങൾ ഓക്കെ ആയി അതിനിടയിൽ മരത്തിന്റെ തണലുപറ്റി കുറേ ഇരിപ്പിടങ്ങളും.
അങ്ങനെയൊന്നിൽ ഞങ്ങൾ ഇരുന്നു. ഓരോന്നൊക്കെ സംസാരിച്ച് ഇരുന്ന് സമയം പോയതറിഞ്ഞില്ല. അത്രേം നേരം കൊണ്ട് എന്റെ താടകയെപ്പേടി ഒന്ന് കുറഞ്ഞിരുന്നു.
പെട്ടന്നായിരുന്നു പാർക്കിങ്ങിലേക്ക് കയറിവരുന്ന ഒരു ബ്ലാക്ക് എന്റവർ എന്റെ ശ്രെദ്ധയിൽ പെട്ടത്. വീട്ടിലെ കാർ ആയിരുന്നു അത്. ഞാൻ വേഗം എണീറ്റ് അങ്ങോട്ട് നടന്നു.