എന്റെ മുറിയുടെ മുന്നിൽ എത്തി അച്ഛൻ നിന്നു.
“എടുക്കാനുള്ളത് വേഗം എടുത്തോ” അത് മാത്രം പറഞ്ഞ് പുറത്തേക്ക് പോയി. ഞെട്ടൽ ഒന്നും തോന്നിയില്ല. ഒരു പെണ്ണ് പിടിയനെ വീട്ടിൽ നിർത്താൻ അവർക്ക് ബുദ്ധിമുട്ടുണ്ടാവുമല്ലോ.
അത്യാവശ്യം ഡ്രസ്സും , സർട്ടിഫിക്കറ്റുകളും പിന്നെ കൈയ്യിൽ കിട്ടിയ എന്തൊക്കെയോ എല്ലാം കൂടെ ഒരു ചെറിയ ബാഗിൽ എടുത്ത് പുറത്ത് ഇറങ്ങി.
എങ്ങോട്ട് പോവണം , ഒന്നും അറിയില്ലെങ്കിലും മുന്നോട്ട് നടന്നു. കൈയ്യിൽ എന്റെ എന്ന് പറയാൻ ആകെ ഉള്ളത് ഇത്തിരി പൈസ മാത്രമാണ്. അമ്മ അവിടെ നിൽക്കുന്നത് കണ്ടു. ഒന്നും പറയാനില്ല , അതുകൊണ്ട് നടന്നു.
അപ്പോഴേക്കും കാറുമായി അച്ഛൻ വന്നു.
“കേറ്” ്് മറിച്ചൊന്നും പറഞ്ഞില്ല , കയറി.
ഗെയ്റ്റ് കടന്ന് റോഡിലേക്ക് കയറുമ്പോഴാണ് ബൈക്കിൽ പാഞ്ഞ് വരുന്ന വിക്കിയേയും , സച്ചിയേയും കണ്ടത്. അവർ അടുത്ത് എത്തിയിരുന്നു , പക്ഷെ കാർ നിന്നില്ല.
റെയിൽവേസ്റ്റേഷൻ എത്തും വരെ അച്ഛൻ ഒന്നും സംസാരിച്ചില്ല.
ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയ എന്റെ കൈയ്യിൽ കുറച്ച് അഞ്ഞൂറിന്റെ നോട്ടുകൾ വച്ചുതന്നു.
“വേണ്ട” അത് തിരിച്ച് കൊടുത്തെങ്കിലും വാങ്ങിയില്ല.
“ശാന്തൻ സ്റ്റേഷനിൽ വരും” അതും പറഞ്ഞ് ബലമായി പൈസ എന്റെ പോക്കറ്റിൽ വച്ച് തിരിഞ്ഞ് നോക്കാതെ നടന്നു. കാർ കൺമുന്നിൽ നിന്ന് മറയും വരെ ഞാൻ അവിടെ നോക്കിനിന്നു.
അമ്മയുടെ കസിൻ ഒരു ദേവിക ചിറ്റയുണ്ട്. അവരുടെ ഭർത്താവാണ് ശാന്തൻ. ശരിക്കും പേര് പ്രശാന്ത് , ചെന്നൈയിൽ ട്രാന്സ്പോര്ട്ടേഷൻ ഡിപ്പാർട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥനാണ്.
തൽകാലം ഒരു ജോലി സംഘടിപ്പിക്കുന്നത് വരെ അവരെ ബുദ്ധിമുട്ടിപ്പിക്കുക , അത് അല്ലാതെ എന്റെ മുമ്പിൽ വേറെ വഴിയൊന്നും തെളിഞ്ഞില്ല. അല്ലെങ്കിലും ഡിഗ്രിക്ക് മേലെ ഡിഗ്രികളും കൊണ്ട് പലരും ജോലി അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ഒരു ഇംഗ്ളീഷ് ബിരുദവും ഡിസൈനിങ്ങ് കമ്പവും കൊണ്ട് ഞാൻ തൊഴിൽ കമ്പോളത്തിൽ ഇറങ്ങേണ്ടത്.
അങ്ങനെ പലതും ഓർത്ത് പ്ളാറ്റ്ഫോമിൽ എത്തി. ടിക്കറ്റ് എടുത്ത് ദൂരെ കണ്ട ഒരു ഇരിപ്പിടത്തിൽ ചെന്ന് ഇരുന്നു.