പല വണ്ടികളും വന്ന് , പോയി. ചുറ്റും ഒരുപാട് മുഖങ്ങൾ. ചിലതിൽ സന്തോഷം , ചിലതിൽ പതിവ് തെറ്റിക്കാത്ത പതിവുകളോടുള്ള മടുപ്പ്. വല്ലാത്ത ഒരു ഏകാന്തതയുടെ പിടി ഞാൻ അറിഞ്ഞ് തുടങ്ങി. ആ ഇരിപ്പ് സഹിക്കാതെ ആയപ്പോൾ നടന്നു. എനിക്ക് പോവാനുള്ള വണ്ടി വരാൻ ഇനിയും സമയം ബാക്കിയാണ് , അതുകൊണ്ട് നടന്നു.
പ്ളാറ്റ്ഫോമിന്റെ അങ്ങേ അറ്റത്ത് വച്ചാണ് അവരെ കണ്ടത്. അച്ഛനും , അമ്മയും ഒരു ചെറിയ കുട്ടിയും. കളിയും ചിരിയുമൊക്കെയായി അവരും എങ്ങോട്ടോ പോവുകയാണ്. കുട്ടി ഒരു കുറുമ്പൻ തന്നെ , അവിടെ എല്ലാം ഓടിയും ചാടിയും പുള്ളി നല്ല ഉഷാറായി കളിക്കുകയാണ്. അതിന്റെ ഇടയിലാണ് അവൻ കഴിച്ചുകൊണ്ടിരുന്ന ബിസ്ക്കറ്റ് കൈയ്യിൽ നിന്ന് തെറിച്ച് ട്രാക്കിൽ വീണത്. അത് കണ്ട കുട്ടി കരയാൻ തുടങ്ങിയതും അവന്റെ അച്ഛൻ വേറെ ഒന്ന് വാങ്ങിക്കൊടുത്തു.
അത്രയും നേരം കൗതുകത്തോടെ അത് നോക്കിനിന്ന നവനീതിന്റെ മുഖം മാറി. നിറയാൻ തുടങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ തിരിഞ്ഞ് നടന്നു.
വിശപ്പ് വല്ലാതെ വിഷമിപ്പിച്ച് തുടങ്ങിയിരിക്കുന്നു. പോക്കറ്റിൽ തപ്പി കുറച്ച് പൈസ ഉണ്ട്. എന്തോ , അച്ഛൻ തന്ന പണം എടുക്കാൻ തോന്നിയില്ല. ഇറങ്ങുമ്പോൾ ഫോൺ എടുക്കാൻ മറന്നിരുന്നു.
അവിടെ തന്നെയുള്ള കടയിൽ നിന്ന് കിട്ടിയ എന്തോ കഴിച്ചു. പിന്നെയും കുറച്ച് നേരം കാത്തിരുന്ന ശേഷമാണ് ട്രെയിൻ വന്നത്. സീസൺ അല്ലാത്തത് കൊണ്ട് തിരക്ക് ഉണ്ടായിരുന്നില്ല.
ശ്രീക്കുട്ടി , അവൾക്ക് എന്ത് പറ്റിക്കാണും? മനസ്സ് വീണ്ടും തന്റെ പ്രിയപ്പെട്ടവരേ തേടുകയാണ്. കവിളുകളെ നനച്ച് ഒഴുകിക്കൊണ്ടിരുന്ന കണ്ണുനീർ മാത്രം അവന് തടയാൻ കഴിഞ്ഞില്ല.
രാത്രിയുടെ ഇരുട്ട് മായ്ച്ച് പതിയെ വെളിച്ചം എത്തിനോക്കി. അപ്പോഴും ഉറക്കം വരാൻ മടിക്കുന്ന കണ്ണുകളുമായി ഇരുന്ന അവനേയും വഹിച്ചുകൊണ്ട് ആ തീ കണ്ണും കത്തിച്ച് ട്രെയിൻ മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു.
***
ആരോ ്് തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. പുലർച്ചെ എപ്പോഴോ കണ്ണ് ചിമ്മിയിരുന്നു.
നോക്കിയപ്പോൾ ഇറങ്ങേണ്ട സ്ഥലം എത്തിയിരുന്നു. ട്രെയിനിൽ നിന്ന് പതുക്കെ പുറത്തിറങ്ങി. ആളുകളുടെ കൂടെ ഞാനും നടന്ന് ചെന്നൈ നഗരത്തിലേക്ക് ചേർന്നു.