കണക്കുപുസ്തകം 2 [Wanderlust]

Posted by

ഇതുപറയുമ്പോൾ കണ്ണുകൾ നിറഞ്ഞ വൈഗയെ ഹരി തന്റെ മാറോട് ചേർത്തുപിടിച്ചു. വളർച്ചയുടെ ഘട്ടങ്ങളിലൊന്നും  അമ്മയില്ലാതെ വളർന്ന വൈഗയ്ക്ക്  എല്ലാം തന്റെ ഹരിയേട്ടനാണ്. ഉമ്മറത്ത് കിടത്തിയ രണ്ട് ശവശരീരങ്ങളിൽ കെട്ടിപിടിച്ച് കരഞ്ഞ ആ കൊച്ചുകുട്ടി പിന്നീട് തേങ്ങിക്കരഞ്ഞുറങ്ങിയത് മുഴുവൻ ഹരിയുടെ നെഞ്ചിലാണ്. അമ്മവീട്ടിൽ അമ്മാവന്റെയും അമ്മായിയുടെയും സ്നേഹലാളനകൾ ഏറ്റുവാങ്ങി വളർന്ന രണ്ടു കുട്ടികൾ ഇന്ന് മാനംമുട്ടെ വളർന്നു. പെങ്ങൾക്കുവേണ്ടി തന്റെ ജീവിതം മാറ്റിവച്ച ഹരിയെക്കുറിച്ചോർത്ത് വൈഗാലക്ഷ്മി എന്നും അഭിമാനിച്ചിരുന്നു. തന്റെ ഇഷ്ടങ്ങളേക്കാൾ ഹരി പ്രാധാന്യം നൽകിയത് വൈഗയുടെ ഇഷ്ടങ്ങൾക്കാണ്. കുട്ടികളില്ലാത്ത അമ്മാവനും അമ്മായിക്കും രണ്ടുമക്കളെ കിട്ടിയ സന്തോഷത്തിൽ അവർ രണ്ടുപേരെയും നേർവഴിക്ക് നടത്തി ജീവിത വിജയങ്ങൾ കൈപ്പിടിയിലൊതുക്കാൻ പ്രാപ്തരാക്കി.

നാട്ടുകാർ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞതും പത്ര മാധ്യമങ്ങൾ കൊട്ടിഘോഷിച്ചതുമായ ലക്ഷ്മണന്റെ ആത്മഹത്യ ഹരിയെ മാനസികമായി വല്ലാതെ തളർത്തിയ കാലം. സ്കൂളിലും നാട്ടുകാർക്കിടയിലും കളിയാക്കലുകൾ കേട്ടുവളർന്ന ഹരിക്ക് സ്വന്തം അച്ഛനോട് വെറുപ്പ് തോന്നിത്തുടങ്ങിയ കാലം. കഥയറിയാതെ ഏട്ടന്റെ കൈപിടിച്ച് സ്കൂളിലേക്ക് പോയിരുന്ന വൈഗയെ മറ്റു വിദ്യാർഥികൾ കുത്തിനോവിച്ചപ്പോൾ അവളെ ചേർത്തുടിച്ച് തല കുനിച്ച് നടന്ന ഹരിക്ക് മനസ്സിൽ വാശിയായിരുന്നു ഒരിക്കലെങ്കിലും ഈ നാട്ടിലൂടെ തലയുയർത്തി നടക്കണമെന്ന്.

പഠനം കഴിഞ്ഞ് സ്വന്തമായി സമ്പാദിക്കാനും, ചെറിയ സംരംഭങ്ങൾ തുടങ്ങി ബിസിനസിലേക്ക് ചുവടുവച്ചപ്പോഴും ഹരി അറിയാത്ത ഒരു സത്യമുണ്ടായിരുന്നു. ഹരി വളർന്ന് നല്ലൊരു നിലയിൽ എത്തുന്നതുവരെ അമ്മാവൻ അവനിൽനിന്നും മറച്ചുവെച്ച സത്യം. ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിക്കുന്നതിന് മുൻപ് ഹരിക്ക് കൊടുക്കാനായി ലക്ഷ്മണൻ എഴുതി പോസ്റ്റ് ചെയ്ത കത്ത്. ആ കത്ത് വായിച്ചു കഴിഞ്ഞതും ഹരി തന്റെ അച്ഛനെയോർത്ത് വിലപിച്ചു.  സത്യമറിയാതെ ഇത്രയും നാൾ അച്ഛനെ വെറുത്തിരുന്ന ഹരിയുടെ പിന്നീടുള്ള ലക്ഷ്യം കെട്ടുകഥയുടെ ചുരുളഴിക്കലായി മാറി. വൈഗയെ പഠിപ്പിച്ച് ഉന്നതപദവിയിൽ എത്തിക്കുന്നതുവരെ ഹരിക്ക് വിശ്രമമില്ലായിരുന്നു. തന്റെ  യൂണിഫോമിൽ ആദ്യത്തെ സല്യൂട്ട് സ്വന്തം ഏട്ടന് നൽകികൊണ്ട് ജോലിയിൽ പ്രവേശിച്ച വൈഗയുടെ സഹായത്തോടെ ബ്ലെസ്സിയെയും അമ്മയെയും തിരയുകയായിരുന്നു ഹരി ഇത്രയും നാൾ. അവസാനം യാദൃച്ഛികമായി ബാറിൽവച്ച് മേരിയെ കണ്ടുമുട്ടിയ ഹരി വൈഗവഴി മാലപ്പടക്കത്തിന് തിരികൊളുത്തി. ലക്ഷ്മണന്റെ മകളാണ് ബാറിലെ റെയ്ഡിന് പിന്നിലെന്ന് അവറാച്ചനെ അറിയിച്ചുകൊണ്ട് തന്നെ കളി തുടങ്ങണമെന്ന് ഹരിയുടെ നിർബന്ധമായിരുന്നു. പെണ്ണിനെ ഇറക്കി കളിച്ചവർക്ക് പെണ്ണിനെ വച്ചുതന്നെ ചെക്ക് പറയുന്ന രീതി അവറാച്ചന് മനസ്സിലാവാൻ കിടക്കുന്നതേ ഉള്ളു.

Leave a Reply

Your email address will not be published. Required fields are marked *