അവൾ വേഗം പുറത്തിറങ്ങി താക്കോൽ പഴുതിലൂടെ പുറത്തേക്കു നോക്കി. അവിടെ ഒരാളെ അവന്റെ ശിങ്കിടികൾ ചേർന്ന് തല്ലി ചതയ്ക്കുന്നു. ഏകദേശം ഒരു 15 മിനിറ്റ് നേരത്തെ മർദനങ്ങൾക്ക് ശേഷം അയാളെ അവർ എന്തോ ഒന്ന് ഇൻജെക്ട് ചെയ്തു. അത് എന്താണെന്ന് ഒരു ഡോക്ടർ ആയ അവൾക്ക് മനസിലാക്കാൻ അധികനേരം വേണ്ടി വന്നില്ല. മാത്രമല്ല ഏതാനും ആഴ്ചകൾക്ക് മുൻപ് തങ്ങളെ ഇവിടെ കൊണ്ടുവന്നപ്പോഴും മയക്കി കിടത്താനായി അവർ ആ ഇൻജെക്ഷൻ എല്ലാവർക്കും നൽകിയിരുന്നത് അവൾ ഓർത്തു.
ഇൻജെക്ഷൻ നൽകി മിനിറ്റുകൾക്കുള്ളിൽ അയാളുടെ ശരീരത്തിന്റെ അനക്കം നിന്നു. അപ്പോഴേക്കും അയാളെ രണ്ടുപേർ ചേർന്ന് മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ജാനകി വീണ്ടും രക്ഷപെടാൻ ഉള്ള പഴുതുകൾ തേടിക്കൊണ്ടിരുന്നു. ഇവിടെ വന്നതിനു ശേഷം രാത്രിയാകുന്നതും പകൽ ആകുന്നതും അറിയുന്നില്ല. ആ വലിയ മുറിക്ക് പുറത്തേക്ക് തുറക്കപെടുന്ന ഒരു ദ്വാരം പോലും ഇല്ല. ആകെ ഉള്ള ഒരു വാതിൽ തുറക്കപ്പെടുന്നത് മെയിൻ ഹാളിലേക്ക് ആണ് എന്നാൽ അവിടെ എപ്പോഴും ആരെങ്കിലും ഒക്കെ കാണും.
ഭക്ഷണം തരാൻ വരുന്നത് ഒക്കെ അവന്റെ ആളുകൾ തന്നെ ആണ്, അവരെല്ലാം തന്നെ ഞങ്ങളെ നോട്ടം കൊണ്ട് പലതവണ ബലാത്സംഗം ചെയ്ത് കഴിഞ്ഞു.
ആദ്യം എല്ലാത്തിനോടും പേടി ആയിരുന്നു, എന്നാൽ ജീവിതത്തിൽ പേടിച്ചു പേടിച്ചു പേടി ഇല്ലാതാവുന്ന ഒരു സമയം വരും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചുകൊണ്ട് ഇരിക്കുന്നത്. ഇപ്പോൾ ഒരു തരം മരവിച്ച അവസ്ഥയാണ്.
ഓരോന്ന് ആലോചിച്ചു ഇരിക്കുന്നതിനിടയിൽ വാതിൽ മലർക്കെ ചവിട്ടി തുറന്ന് അസ്‌ലാനും അവന്റെ കുറച്ച് ആൾക്കാരും അകത്തേക്ക് കയറി. കൂടെ ഒരു ഡോക്ടർ എന്ന് തോന്നിക്കുന്ന ഒരാളും ഉണ്ടായിരുന്നു.
അവരെ കണ്ട് ജാനകി ഒഴികെ എല്ലാവരും ഞെട്ടി എഴുനേറ്റു അവളുടെ പിന്നിൽ ഉള്ള ഒരു മൂലയിലേക്ക് ഒതുങ്ങി കൂടി നിന്നു.
“നോക്കി നിക്കാതെ പോയി ഓരോരുത്തരെ ആയി പിടിച്ചോണ്ട് വാടാ…” അസ്‌ലാന്റെ വാക്കുകൾ കേട്ടതും അവർ ഓരോ ആൾക്കാരെ ആയി വലിച്ചുകൊണ്ട് ആ ഡോക്ടർ എന്ന് തോന്നിക്കുന്ന ആളുടെ അടുത്തേക്ക് കൊണ്ടുപോയി.