“പോകാം ഭായ്.. വരൂ.”
വിജയോട് ചോദിക്കേണ്ട ചോദ്യങ്ങൾ അസ്ലൻ ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞിരുന്നു.
“ഇവിടെ ഇത്രേം വീടെ ഉള്ളോ വിജയ്? ഒറ്റ ആൾക്കാരെയും കാണാനില്ലല്ലോ ഈ പകൽ സമയത്ത് പോലും.” അയാൾ ഒന്നൊന്നായി ചോദിക്കാൻ തുടങ്ങി.
“ഇവിടെ അധികം ആൾക്കാർ ഇല്ല ഭായ്, വർക്ഷോപ്പിന്റെ അപ്പുറത്തെ വശത്താണ് വീടുകൾ കൂടുതൽ ഉള്ളത്. ഇവിടെ ആകെ 4-5 വീടെ ഉള്ളു. പിന്നെ എല്ലാവരും ഇപ്പൊ ജോലിയിൽ ആവും അതാ കാണാത്തത്.”
“വിജയ്ക്ക് വണ്ടി പണി ഒക്കെ അറിയുമോ?”
“അതെന്ത് ചോദ്യം ആണ് ഭായ്, അത് ഇവിടെ ഉള്ള മിക്ക ആളുകൾക്കും അറിയാം. അതല്ലേ ഞങ്ങളുടെ ചോറ്. പിന്നെ ഞങ്ങൾ ഇവിടെ തന്നെ ജീവിക്കുന്നത് കൊണ്ട് ഡെയിലി ഇത് തന്നെ കണ്ടല്ലേ വളരുന്നത് അപ്പൊ ചെറിയ പ്രായത്തിൽ തന്നെ ഒരുവിധം പഠിക്കും.”
“ഓ.. അത് നന്നായി… വേറൊന്നും അല്ല ഞാൻ ഒരു സെക്കന്റ് ഹാൻഡ് ലോറി എടുക്കാൻ ഉള്ള പ്ലാനിൽ ആയിരുന്നു. പക്ഷേ എനിക്ക് അതിനെപ്പറ്റി അത്ര ധാരണ ഇല്ല അത്കൊണ്ട് അറിയാൻ വേണ്ടി ചോദിച്ചതാ.”
“ആഹ്… ഭായ് വണ്ടി എടുക്കുന്നുണ്ടേൽ അത് നോക്കാൻ പോകുമ്പോ അറിയാവുന്ന ആരെയെങ്കിലും കൂടെ കൂട്ടുന്നത് ആണ് നല്ലത് ഇല്ലെങ്കിൽ നമുക്ക് ക്യാഷ് നഷ്ടം ആകും.” വിജയ് അയാൾക്ക് സത്യസന്ധമായി മറുപടി നൽകികൊണ്ടേ ഇരുന്നു. എന്നാൽ അവൻ അറിഞ്ഞിരുന്നില്ല അസ്ലന്റെ ചോദ്യങ്ങൾ എത്തി നിൽക്കുന്നത് ഇവിടെ പാർക്ക് ചെയ്തിരിക്കുന്ന അജ്ഞാത ട്രക്കിലേക്ക് ആണെന്ന്.
അപ്പോഴേക്കും അവർ നടന്ന് ഒരു വീടിന്റെ മുന്നിൽ എത്തിയിരുന്നു. അവിടെ നിന്ന് നോക്കിയാൽ ആ ട്രക്ക് അവിടെ പാർക്ക് ചെയ്തിരിക്കുന്നത് കാണാമായിരുന്നു.
“ഭായ് ഇവിടെ നിക്ക് ഞാൻ വെള്ളം എടുത്ത് വരാം.” വിജയ് അകത്തേക്ക് കയറിയതും സാജിദ് ബാക്കി ഉള്ളവരെയും കൂട്ടി വരുന്നത് അസ്ലൻ കണ്ടു. അയാൾ അവരെ കൈ പൊക്കി കാണിച്ചു വിലക്കി. അവിടെ നിന്നും മാറി നിൽക്കാൻ ആംഗ്യം കാണിച്ചു. അവർ വീണ്ടും അവിടെ ചുറ്റിപ്പറ്റി നിൽക്കുന്ന കണ്ടതും അസ്ലൻ ഫോൺ എടുത്ത് അവരെ വിളിക്കാനായി നോക്കി. എന്നാൽ അപ്പോഴും റേഞ്ച് ഇല്ലായിരുന്നു. അസ്ലൻ അതുകണ്ടു പല്ലിറുമ്മി. അപ്പോഴേക്കും വിജയ് വെള്ളവുമായി വന്നു.