അസ്ലന്റെ കൂടെ വിജയ് നിൽക്കുന്നത് കണ്ടതും സാജിദും ബാക്കി ഉള്ളവരും കാര്യം മനസ്സിലായപോലെ അവിടെ നിന്നും പെട്ടെന്ന് ആരും കാണാത്ത ഒരിടത്തേക്ക് മാറി നിന്നു.
ഇനി വെച്ച് താമസിപ്പിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ അസ്ലൻ വിജയ്യോട് ആ ട്രക്കിനെ പറ്റി ചോദിക്കാൻ തയ്യാറായി.
“വിജയ്… ദാ ആ കിടക്കുന്ന ട്രക്ക് കണ്ടോ ഞാൻ അത്പോലെ ഒരെണ്ണം എടുക്കാൻ ആണ് ഉദ്ദേശിച്ചത്. നിങ്ങളുടെ ആണോ അത്?” അസ്ലൻ ചൂണ്ടികാണിച്ച സ്ഥലത്തേക്ക് വിജയുടെ കണ്ണ് പോയി.
“എയ്… അത് ഞങ്ങളുടെ അല്ല അത് മഹീന്തർ ഭായിയുടെ ആണ്.” മഹീന്തർ ഭായ്…വിജയ്യുടെ വായിൽ നിന്നും ആ പേര് കേട്ടതും അസ്ലന്റെ പക എരിയാൻ തുടങ്ങി.
“അതാരാ? പുള്ളി ആ വണ്ടി കൊടുക്കുവോ? എവിടെ ഉള്ളതാ?” അസ്ലൻ അറിയാണ്ട് തന്നെ അവന്റെ വായിൽ നിന്നും പല പല ചോദ്യങ്ങൾ വന്നുകൊണ്ടേ ഇരുന്നു.
“പുള്ളി അത് കൊടുക്കുന്ന കാര്യം ഡൗട്ട് ആണ്. പുള്ളിക്ക് ആ വണ്ടിയോട് ഭയങ്കര അറ്റാച്ച്മെന്റ് ആണ്. ആൾടെ വീട് ദേ നിങ്ങൾ ഇങ്ങോട്ട് തിരിഞ്ഞപ്പോ ലാസ്റ്റ് കണ്ട വർക്ഷോപ് ഇല്ലേ അതിന്റെ ബാക്കിൽ ആണ്.”
“വിജയ് ഒന്ന് വരുവോ ജസ്റ്റ് അയാളെ ഒന്ന് കാണിച്ച് തന്നാൽ മതി ബാക്കി ഞാൻ അയാളോട് ചോദിച്ച് നോക്കാം നേരിട്ട്.” ദേഷ്യം കൊണ്ട് അലറി വിളിച്ച് വിജയുടെ വായിൽ നിന്ന് തന്നെ സത്യങ്ങൾ എല്ലാം ഊറ്റി എടുക്കാൻ അറിയാഞ്ഞിട്ടല്ല, ഇപ്പോൾ സംയമനം പാലിക്കുന്നത് ആണ് എന്തുകൊണ്ടും ബുദ്ധി. തങ്ങളായിട്ട് എല്ലാരുടെയും മുന്നിൽ ഇപ്പൊ ഒരു പ്രശ്നം ഉണ്ടാക്കിയാൽ ഒരുപക്ഷേ ആ പെൺകുട്ടികളെ സംരക്ഷിക്കുന്നവർ ഇത് അറിഞ്ഞാൽ, അവരിവിടെ തന്നെ ഉണ്ടെങ്കിൽ ഉടനെ തന്നെ അവരെ ഇവിടുന്നും മാറ്റാൻ സാധ്യത ഉണ്ട് എന്ന ബോധ്യം അയാൾക്ക് ഉണ്ടായിരുന്നു.
ആ പെൺകുട്ടികളെ ലൊക്കേറ്റ് ചെയ്യുന്നവരെ ഒരു പ്രശ്നവും ഉണ്ടാക്കാൻ പാടില്ല എന്നയാൾ കണക്ക്കൂട്ടി.
“ഞാൻ ആളെ കാണിച്ച് തരാം ബാക്കി ഒക്കെ നിങ്ങൾ തമ്മിൽ ആയിക്കോ.. ഓക്കേ?” വിജയ് പറഞ്ഞതിനോട് അസ്ലൻ ഒട്ടും ആലോചിക്കാതെ തന്നെ യോജിച്ചു. അയാൾക്ക് വേണ്ടതും അത് തന്നെ ആയിരുന്നു.