അസ്ലൻ ചോട്ടുവിനെ അടിമുടി ഒന്ന് നോക്കി, അവൻ ഉറങ്ങുവായിരുന്നു എന്നാണ് പറഞ്ഞത് എന്നാൽ അത് കള്ളമാണെന്ന് അവന്റെ മുഖം കണ്ടാൽ അറിയാം. ഉറങ്ങിയതിന്റെ ഒരു ലക്ഷണവും അവന്റെ മുഖത്ത് ഇല്ല. മാത്രമല്ല അവന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയ രീതിയിൽ തന്നെ ഒരു പന്തികേട് തോന്നി. ഡോർ മുഴുവനായി തുറക്കാതെ ആദ്യം തല മാത്രം ഇട്ട്, ശേഷം ഡോർ അങ്ങനെ തന്നെ പിടിച്ചുകൊണ്ട് ആണ് അവൻ പുറത്തേക്ക് ഇറങ്ങിയത്. എന്തോ ഉള്ളിൽ ഒളിപ്പിക്കുന്ന പോലെ അയാൾക്ക് ഫീൽ ചെയ്തു. അയാളുടെ സംശയങ്ങൾ വീണ്ടും ബലപ്പെട്ട് തുടങ്ങി.
“ഭായ് ഫുഡ് വാങ്ങാൻ പോയി. ഇപ്പൊ വരും. നിങ്ങൾ ആരാണ്?”
“എന്റെ പേര് ഇർഷാദ്, ഞാൻ ഒരു വണ്ടിടെ കാര്യം സംസാരിക്കാൻ ആയി വന്നത് ആയിരുന്നു. മഹീന്തർ പോയിട്ട് ഒത്തിരി നേരം ആയോ?” അവരെയെല്ലാം ചുട്ടെരിക്കാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും അസ്ലൻ വളരെ വിനീതമായി സംസാരിക്കാൻ തുടങ്ങി.
മഹീന്തർ വരുന്നതിന് മുൻപ് ഇവനിൽ നിന്ന് എന്തെങ്കിലും ചോർത്താൻ പറ്റുവോന്നു നോക്കണം. അസ്ലൻ മനസ്സിൽ ഓർത്തു.
“അല്ല നിങ്ങൾ ഇവിടെ ഫുഡ് ഒന്നും ഉണ്ടാക്കില്ലേ?” അസ്ലൻ അവന്റെ ചൂണ്ട എറിഞ്ഞു തുടങ്ങി.
“വല്ലപ്പോഴും… സാധാരണ ഹോട്ടലിൽ പോയി കഴിക്കൽ ആണ് പതിവ്.”
“അല്ല അപ്പൊ ഇവിടെ നിങ്ങൾ രണ്ടുപേരും മാത്രേ ഉള്ളോ മഹീന്തറിന്റെ ഫാമിലി ഒക്കെ അപ്പൊ എവിടെ?”
“ഭായിയുടെ ഫാമിലി ഒക്കെ ഞങ്ങൾ തന്നെ ആണ്.” വിജയ് പറഞ്ഞ ആ മറുപടി അസ്ലന് അത്ര സുഖിച്ചില്ല എങ്കിലും അയാൾ അത് മുഖത്ത് കാണിച്ചില്ല.
“അല്പം വെള്ളം കിട്ടുവോ കുടിക്കാൻ?” അസ്ലൻ ചോട്ടുവിനോട് ചോദിച്ചത് കേട്ട് വിജയ് അയാളെ ഒന്ന് നോക്കി.
“ഭായ് ഇപ്പൊ കുടിച്ചല്ലേ ഉള്ളു പിന്നേം ദാഹിക്കാൻ തുടങ്ങിയോ?”
“ആഹ് അത് ആ മരുന്നിന്റെ ആണ്, അത് കഴിച്ചാൽ പെട്ടന്ന് വിശപ്പും ദാഹോം ഒക്കെ വരും. ബുദ്ധിമുട്ട് ആണേൽ വേണ്ട കേട്ടോ.” തന്റെ ഭാഗം ന്യായികരിക്കാൻ അസ്ലൻ ശ്രമിച്ചു. എന്നാൽ അയാൾക്ക് വേണ്ടി ഇരുന്നത് തന്റെ മുന്നിൽ അടഞ്ഞു കിടക്കുന്ന വാതിലിന് അപ്പുറത്തു എന്താണ് ഉള്ളത് എന്നറിയുക ആയിരുന്നു. അതിന് വേണ്ടി തന്നെ ആണ് അയാൾ ചോട്ടുവിനോട് വീണ്ടും വെള്ളം ചോദിച്ചത്.