മഹീന്തർ ചോട്ടുവിന്റെയും വിജയുടെയും കൂടെ പരിചയം ഇല്ലാത്ത ഒരാളെ കണ്ട് ഒന്ന് സംശയിച്ചു. എന്നാൽ അത് പുറത്ത് കാണിക്കാതെ തന്നെ അയാൾ അവർക്ക് അരികിലേക്ക് നടന്നടുത്തു.
“ഭായ്… ഇത് ഇർഷാദ് ഭായ്.. മഹി ഭായിയെ കാണാൻ വെയിറ്റ് ചെയ്യുവായിരുന്നു.” വിജയ് പറഞ്ഞത് കേട്ട് മഹീന്തർ അസ്ലനെ നോക്കി അധികം തെളിച്ചമില്ലാത്ത ഒരു ചിരി ചിരിച്ചു.
“ആരാണ്? എനിക്ക് മനസിലായില്ല.” മഹീന്തർ ഒന്ന് ശങ്കിച്ചു.
“പറയാം, ഭായ് ഈ പെട്ടി വെച്ചിട്ട് വരൂ. നല്ല ഭാരം ഉണ്ടല്ലോ.” അസ്ലൻ അത് പറഞ്ഞതും പെട്ടി ചോട്ടുവിന്റെ കയ്യിൽ കൊടുത്ത ശേഷം അവന്റെ കാതിൽ എന്തോ പറഞ്ഞിട്ട് അയാൾ അസ്ലനെ നോക്കി.
അസ്ലൻ മനസ്സിലാക്കാൻ ഉള്ളത് എല്ലാം അതിനകം തന്നെ മനസ്സിലാക്കിയിരുന്നു. ഇനി അയാൾക്ക് മഹീന്ദരിനോട് സംസാരിക്കേണ്ട ആവിശ്യം തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ ഇത്രേം ആയ സ്ഥിതിക്ക് ഇനി ഇയാളോട് ഒന്നും മിണ്ടാതെ കടന്ന് കളഞ്ഞാൽ അത് ഇവർക്ക് സംശയം തോന്നാൻ സാധ്യത ഉണ്ട്.
ഇന്ന് രാത്രി ഈ വീടിനുള്ളിൽ കേറുന്നത് വരെ ഇവർക്ക് മനസ്സിലാവരുത് ഈ അസ്ലൻ അവരുടെ ശ്വാസം ചെല്ലുന്ന ദൂരത്തോളം എത്തീട്ടുണ്ട് എന്നത്. അത് അയാൾക്ക് നിർബന്ധം ആയിരുന്നു.
“ഹലോ.. എന്റെ പേര് ഇർഷാദ്… ഞാൻ ഇവിടെ എന്റെ വണ്ടി ശെരിയാക്കാൻ വന്നത് ആയിരുന്നു. എനിക്ക് ഒരു ട്രക്ക് എടുക്കാൻ ഉദ്ദേശം ഉണ്ടായിരുന്നു, അപ്പോഴാണ് നിങ്ങളുടെ ട്രക്ക് ഇവിടെ കിടക്കുന്ന കണ്ടത്. എനിക്കും ഇത്പോലെ ഒരെണ്ണം വാങ്ങണം എന്നുണ്ട്. ഭായ്ക്ക് ഇത് കൊടുക്കാൻ താല്പര്യം ഉണ്ടോ എന്നറിയാൻ വന്നത് ആണ്.” അസ്ലൻ തന്റെ കഥകൾ മഹീന്ദരിന് മുന്നിൽ നിരത്തി.
“ഓ.. സോറി ഭായ്.. ഞാൻ ഈ വണ്ടി കൊടുക്കുന്നില്ല. അത് എനിക്ക് വെറും വണ്ടി അല്ല എനിക്ക് സ്വന്തം എന്ന് പറയാൻ ആകെ ഉള്ള ഒരാൾ ആണ്. ഭായ്ക്ക് പക്ഷേ താല്പര്യം ഉണ്ടെങ്കിൽ ഞാൻ എന്റെ സുഹൃത്തുക്കളോട് ചോദിച്ചു നോക്കാം.”
“മതി… അതുമതി. വല്യ ഉപകാരം.” അസ്ലൻ എങ്ങനെ എങ്കിലും ആ സംസാരം ഒഴിവാക്കി അവിടെ നിന്നും പോണം എന്നായിരുന്നു മനസ്സിൽ. അധികം സമയം കളയാതെ തന്നെ പ്ലാൻ ചെയ്ത് തുടങ്ങണം. ഇന്ന് രാത്രി തന്നെ തന്റെ മറ്റൊരു മുഖം ഇവിടെ നിക്കുന്നവന്മാർ എല്ലാം കാണേണ്ടി വരും എന്ന് ഓർത്തപ്പോൾ തന്നെ അയാളുടെ കുടിലമനസ്സിൽ ഒരു ചിരി നിറഞ്ഞു.