പിന്നീട് അധികം നേരം അവിടെ നിൽക്കാൻ അയാൾ തയ്യാറായില്ല. മഹീന്തറിനോട് ഒരു സംശയം തോന്നാത്ത വിധം യാത്ര പറഞ്ഞ് വിജയ് ചോട്ടു എന്നിവരോടും പറഞ്ഞിട്ട് അയാൾ വേഗം അവിടെ നിന്നും നടന്നകന്നു. മഹീന്തർ അയാൾ പോയി കഴിഞ്ഞതും ചോട്ടുവിന്റെ കൂടെ ആ പെട്ടിയും എടുത്ത് വിജയ്ഓട് യാത്ര പറഞ്ഞ് അകത്തേക്ക് കയറി വാതിൽ അടച്ചു.
എല്ലാവരും രംഗം ഒഴിഞ്ഞപ്പോൾ മറഞ്ഞു നിന്ന സാജിദും വിവേകും മറ്റുള്ളവരും അസ്ലൻ പോയ വഴിയേ വേഗം നടന്നു. വർക്ഷോപ്പിന് അടുത്തുള്ള ഒരു പെട്ടിക്കടയിൽ നിന്നും അസ്ലൻ ഒരു സിഗരറ്റ് വാങ്ങി വലിച്ചുകൊണ്ട് മറ്റുള്ളവർക്കായി വെയിറ്റ് ചെയ്ത് നിന്നു.
സാജിദും കൂട്ടരും അയാൾക്ക് അരികിലേക്ക് നടന്നെത്തി. അയാളുടെ മുഖത്തെ ശാന്ത ഭാവം കണ്ടതും അവർക്ക് മനസ്സിലായി എന്തോ തുമ്പ് കിട്ടിയിട്ടുണ്ട് എന്ന്. അവർ അയാളുടെ വാക്കുകൾക്കായി കാതോർത്തു.
“സാജിദ്… നീ പോയി നമുക്ക് ഒരു റൂം ബുക്ക് ചെയ്യ് അടുത്തുള്ള ഒരു ഹോട്ടലിൽ. Cctv ഇല്ലാത്ത ഹോട്ടൽ ആവണം. പിന്നെ ആ മാസ്ക് വെച്ചോണം നമ്മളുടെ മുഖം ഒരിടത്തും പതിയരുത്. പണി കഴിഞ്ഞ് ഇവിടെ നിന്ന് ഒരു തെളിവും ഇല്ലാതെ വേണം പോകാൻ. ആ റൂമിൽ ഇരുന്ന് വേണം നമുക്ക് ബാക്കി കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാൻ.” അസ്ലൻ പറഞ്ഞത് കേട്ടതും സാജിദ് അടുത്തുള്ള ഹോട്ടൽ തേടി ഇറങ്ങി.
“ഭായ്… എന്തേലും വിവരം കിട്ടിയോ അവിടെ നിന്ന്? നമ്മൾ തേടി വന്നത് ഇയാളെ തന്നെ ആണോ?” വിവേകിന് ആകാംഷ അടക്കാൻ ആയില്ല.
“മ്മ്… പറയാം.. അവൻ റൂം എടുത്ത് വരട്ടെ.” അസ്ലന്റെ മറുപടി കേട്ടതും അവർക്ക് ഉറപ്പായി തങ്ങൾ തേടി വന്നത് കിട്ടിയിരിക്കുന്നു എന്ന്. അത്ര ശാന്തമായിരുന്നു അയാളുടെ മുഖം അപ്പോൾ. *****************************
ഹോട്ടൽ എലൈറ്റ്… റൂം നമ്പർ 104.
കുറഞ്ഞ സമയം കൊണ്ട് തന്നെ അസ്ലന്റെ മനസ്സിൽ ഇനി നടക്കാൻ പോകുന്ന സംഭവങ്ങളുടെ ഒരു രൂപരേഖ ഉണ്ടായിരുന്നു. അത് എല്ലാവരോടുമായി പറയാൻ വേണ്ടി ആണ് അയാൾ ഈ ഒരു റൂം എടുക്കാൻ പറഞ്ഞത് തന്നെ. അസ്ലൻ അവന്റെ പ്ലാൻ പറഞ്ഞു തുടങ്ങി.