സൗരവിന്റെ ടീമിന് നമ്മളെ ഇതുവരെ ലൊക്കേറ്റ് ചെയ്യാൻ പറ്റിയിട്ടില്ല അത്കൊണ്ട് തന്നെ ഈ പരിപാടിക്ക് നമ്മൾ 10 പേരാണ് ഉള്ളിൽ കേറുന്നത്. പുറത്ത് കാവൽ നിക്കാൻ ഒന്നും ആരും വേണ്ട. ഉള്ളിൽ കയറി ഒരു മണിക്കൂറിനുള്ളിൽ പുറത്ത് എത്തണം. ഓക്കേ? ” അസ്ലൻ പറഞ്ഞു നിർത്തി എല്ലാവരെയും ഒന്ന് നോക്കി.
“പക്ഷേ ഭായ് ഇവരെ എങ്ങനെ നമ്മൾ കൊണ്ടുപോകും?”
“അവരിങ്ങോട്ട് വന്നത് ആ ട്രക്കിൽ അല്ലേ… അതിൽ തന്നെ കൊണ്ടുപോകാം. നമ്മൾ മഹീന്തർ ഉൾപ്പടെ എല്ലാവരേം പൊക്കി വണ്ടിൽ ഇടണം. ഇവിടെ വെച്ച് ആരേം കൊല്ലണ്ട. നമ്മൾ ഇവിടെ വന്നതിനു ഒക്കെ സാക്ഷികൾ ഉണ്ട്. അത്കൊണ്ട് തന്നെ ആ ട്രക്കിൽ ഇവിടെ നിന്നും നമുക്ക് പോണം പിന്നെ ഇവിടെ നിന്ന് പോകുമ്പോ മുഖം മറക്കണം. നമ്മുടെ ഏരിയ എത്തി കഴിഞ്ഞ് മതി അവരുടെ ദേഹത്ത് കത്തി കേറ്റുന്നത്.
അഥവാ ആരെങ്കിലും ഇതിനിടക്ക് രക്ഷപെടാൻ നോക്കിയാൽ, തീർത്തേക്ക്, ഒന്നും നോക്കണ്ട. തെളിവ് ഒന്നും നമുക്ക് എതിരെ ഉണ്ടാവരുത്. രക്ഷപെടാൻ ശ്രമിക്കുന്നത് ജാനകി മാത്രം ആയിരിക്കും. അവളെ എന്ത് ചെയ്യണം എന്നെനിക്ക് അറിയാം.” അസ്ലൻ ക്രൂരമായി ഒന്ന് പുഞ്ചിരിച്ചു.
അസ്ലൻ പറഞ്ഞ പ്ലാൻ എല്ലാവരും ശ്രദ്ധയോടെ കേട്ടു. സംശയങ്ങൾ എല്ലാം അവർ ചോദിച്ചു മനസ്സിലാക്കി. അപ്പോഴേക്കും വൈകുന്നേരം ആയിരുന്നു.
” വിവേക്… നീ ചെല്ല്. ആരും കാണാത്ത ഒരിടത്ത് നിന്ന് ആ വീട് നിരീക്ഷിക്ക്. രാത്രി 1 മണി കഴിഞ്ഞ് നമ്മൾ ഇവിടെ നിന്നും ഇറങ്ങും. അപ്പോഴേക്കും നീ അതിനുള്ളിലേക്ക് ആരൊക്കെ പോയിട്ടുണ്ട് എന്ന് നോക്കി വെക്കണം. 1.15 ഓടെ ഉള്ളിൽ കയറണം. എല്ലാം കഴിഞ്ഞ് 2.15ഓടെ തിരിച്ചു ഇറങ്ങണം. മനസ്സിലായല്ലോ.
പിന്നെ ഒരു കാര്യം ഇവിടെ ഫോണിന് റേഞ്ച് കുറവായത് കൊണ്ട് തമ്മിൽ വിവരങ്ങൾ കൈമാറാൻ പറ്റിയെന്നു വരില്ല. ഈ പ്ലാൻ എല്ലാവരും ഫോളോ ചെയ്യുക ഓക്കേ? ”
“ഓക്കേ ഭായ്…” തൽക്കാലത്തേക്ക് എല്ലാവരും പിരിഞ്ഞു. വിവേക് വേഗം അസ്ലൻ പറഞ്ഞ സ്ഥലത്തേക്ക് പോയി. മഹീന്തറിന്റെ വീടിന് മുന്നിൽ അൽപ്പം മാറി മരങ്ങളുടെ മറ പിടിച്ച് അവൻ നിന്നു. കണ്ണിമ ചിമ്മാതെ അവൻ നിരീക്ഷണം തുടങ്ങി.