“ശിക്ഷ ഒക്കെ വിധിക്കാൻ വരട്ടെ. ആദ്യം നീ ഇവിടെ നിന്ന് രക്ഷപ്പെടണം. അത് എന്തായാലും ഞങ്ങൾ ജീവിച്ചു ഇരിക്കുമ്പോൾ നടക്കില്ല. നീ ഞങ്ങളെ തേടി എത്തിയത് അല്ല അസ്ലൻ… ഞങ്ങൾ ആണ് നിന്നെ ഇങ്ങോട്ട് എത്തിച്ചത്. നിനക്കായുള്ള കാത്തിരിപ്പിൽ ആയിരുന്നു ഞങ്ങൾ എല്ലാവരും.
ശെരിയാണ്… നീ ഒരു ബുദ്ധിരാക്ഷസൻ തന്നെ ആണ്. നിന്നെ ഒരിക്കലും ഞങ്ങൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്തിട്ടില്ല. അത്കൊണ്ട് തന്നെ ആണ് നിന്നെ കുടുക്കാൻ നിന്റെ പ്ലാനിനും മുകളിൽ ഞങ്ങൾ ഒരു പ്ലാൻ ഒരുക്കിയത്. അത് വിജയിച്ചു എന്നതിനുള്ള തെളിവ് ആണ് 10 പേരുമായി ഇരുളിന്റെ മറവ് പറ്റി വന്ന നീ ഇപ്പൊ ഒറ്റക്ക് ഞങ്ങൾ ഇത്രേം പേരുടെ മുന്നിൽ വെളിച്ചത്ത് നിൽക്കുന്നത്.” ഹരിയുടെ വാക്കുകൾ കേൾക്കും തോറും അസ്ലന്റെ കണ്ണുകൾ കുറുകി.
“എന്റെ ഏട്ടാ.. ഇങ്ങനെ നെടുനീളൻ ഡയലോഗ് അടിച്ചാൽ ഒന്നും ഇവന് മനസ്സിലാവില്ല. ഇവനിപ്പോഴും ഇതെങ്ങനെ സംഭവിച്ചു എന്നുള്ള ചിന്തയിൽ തന്നെ ആണ്. ആ സർപ്രൈസ് ഏട്ടൻ തന്നെ അങ്ങ് പൊളിക്ക്. അത് കഴിഞ്ഞ് വേണം എനിക്ക് ഇവനോട് രണ്ട് പറയാൻ.” ജാനകി പല്ലിറുമ്മി.
അസ്ലൻ ചുറ്റും നോക്കി. ആരുടേയും മുഖത്ത് ഭയം കാണാൻ അയാൾക്ക് കഴിഞ്ഞില്ല. പ്രത്യേകിച്ച് മൂന്ന് മാസത്തിനു മുകളിൽ തന്റെ ഒരു നിഴലനക്കം കണ്ടാൽ തന്നെ ഭയന്ന് നിലവിളിച്ചിരുന്ന ആ പെൺകുട്ടികളുടെ മുഖത്ത് ഇപ്പൊ ഭയം എന്ന വികാരമേ ഇല്ല. മറിച്ച് എന്തും നേരിടും എന്നുള്ള ആത്മധൈര്യം ആണ്. അത് അയാളെ വല്ലാതെ അലോസരപ്പെടുത്തി.
ഇത്ര നാൾ തന്റെ ഇരകളുടെ ഭയം ആയിരുന്നു അയാൾക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജം. എന്നാൽ അവൻ മറന്നുപോയ ഒരു കാര്യം ഉണ്ട്, ഭയന്ന് ഭയന്ന് ഒരുനാൾ ആ ഭയം ഇല്ലാതാവുന്ന ഒരു കാലം വരും എല്ലാവർക്കും. ആ നിമിഷം മുതൽ അവർ മരണത്തെ പോലും ഭയക്കില്ല. സർവൈവൽ എക്സിസ്റ്റൻസ്… ജീവിക്കാൻ വേണ്ടി ഉള്ള പോരാട്ടം. അത് ആ പെൺകുട്ടികൾ തുടങ്ങിക്കഴിഞ്ഞു.
“പ്ഫാ… നിർത്തെഡി… എന്റെ കയ്യിൽ ഞെരിഞ്ഞു ഒടിഞ്ഞു നിന്നത് മറന്നിട്ടില്ലല്ലോ നീ അല്ലേ?? നേരം ഒന്ന് ഇരുട്ടി വെളുത്തു എന്ന് വെച്ച് അസ്ലൻ ഇപ്പോഴും പഴേ അസ്ലൻ തന്നെ ആണ്. ഒറ്റക്ക് വെട്ടിപ്പിടിച്ചു ഉണ്ടാക്കിയത് ആണ് ഞാൻ എല്ലാം. അത്കൊണ്ട് നിന്നോടൊക്കെ പൊരുതാൻ ഞാൻ ഒറ്റക്ക് മതി… എന്താ സംശയം ഒണ്ടോ നിനക്ക്?? ദേഷ്യം കൊണ്ട് അയാൾ വിറക്കുന്നുണ്ടായിരുന്നു. എന്നാൽ അതേ സമയം ഇത് എങ്ങനെ സംഭവിച്ചു എന്നൊരു ആശയക്കുഴപ്പം അപ്പോഴും അയാൾക്ക് ഉണ്ടായിരുന്നു.