മഹീന്തർ : “ഹ.. ചൂടാവതെടാ നായെ…. നിനക്ക് ഇനി ഇവിടെ നിന്നൊരു തിരിച്ചുപോക്ക് ഇല്ല അസ്ലൻ… നീ എന്ന ചെകുത്താന്റെ കഥ ഇവിടെ തീരും. തീർക്കും ഞങ്ങൾ. അതിന് മുൻപ് നീ അറിയണം ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന്. കഥ മുഴുവൻ അറിഞ്ഞിട്ട് വേണം നീ മരിക്കാൻ. അത് എന്തിനാണ് എന്നറിയുമോ?? മരിക്കും മുന്നേ നീ അറിയണം നീ ഒരു വട്ട പൂജ്യം ആണെന്ന്. നിന്നെക്കാൾ വലിയ ആളുകളും ഈ ഭൂമിയിൽ ഉണ്ടെന്ന് കേട്ടോഡാ…”
ഹരി :”കഥ പറയാൻ ദേ കിഷോർ ബെസ്റ്റ് ആണ്. പറഞ്ഞ് കൊടുക്കെടാ കേട്ട് രസിക്കട്ടെ അവൻ. ” ഹരി തോളിൽ ഒന്ന് തട്ടിയതും കിഷോർ മുന്നിലേക്ക് കയറി നിന്ന് അസ്ലനെ ഒന്ന് പുച്ഛത്തോടെ നോക്കി. ശേഷം പറഞ്ഞു തുടങ്ങി. കിഷോറിന്റെ വാക്കുകളിലൂടെ…
ഒരാഴ്ച്ചക്ക് മുന്നേ ഉള്ളൊരു പ്രഭാതം… അസ്ലനെ കുറിച്ച് കിഷോറിൽ നിന്നും മറ്റുള്ളവരിൽ നിന്നെല്ലാം അറിഞ്ഞ കാര്യങ്ങൾ വെച്ച് ഹരി ഒരു പ്ലാൻ ആസൂത്രണം ചെയ്തു. അത് വിവരിക്കാൻ ആയി എല്ലാവരും ആ നടുമുറ്റത്തു ഒത്തുകൂടി.
“ഞാൻ ഇപ്പൊ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് എല്ലാവർക്കും അതേപോലെ അക്സെപ്റ്റ് ചെയ്യാൻ പറ്റണം എന്നില്ല. പക്ഷേ ഇത് വിജയിച്ചാൽ അസ്ലൻ എന്ന ഒരുവനെ ഇനി ഒരാളും ഭയക്കേണ്ടി വരില്ല.” എല്ലാവരും ആകാംഷയോടെ ഹരിയെ തന്നെ നോക്കി ഇരുന്നു.
“ഭായ്… അവൻ എന്തായാലും നമ്മളെ തേടി വരും. അത് ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും. ഇപ്പൊ തന്നെ അവൻ ആ അന്വേഷണം തുടങ്ങി കാണണം. നമുക്ക് ഓരോ നിമിഷവും വിലപ്പെട്ടത് ആണ്.”
“ഹരി.. എല്ലാം നീ പറയുംപോലെ ചെയ്യാം. ഞങ്ങൾ എല്ലാവരും നിന്റെ കൂടെ തന്നെ ഉണ്ട് നീ ധൈര്യം ആയിട്ട് പറ.” മഹീന്തർ അവനെ പ്രോത്സാഹിപ്പിച്ചു.
“ഭായ് ആദ്യമായി നമുക്ക് അവന്റെ നീക്കങ്ങൾ ആണ് അറിയേണ്ടത്. നമ്മളെ അന്വേഷിക്കുന്നതിൽ അവന്റെ പ്രോഗ്രസ്സ് എന്താണെന്ന് കറക്റ്റ് ആയിട്ട് മോണിറ്റർ ചെയ്യണം നമുക്ക്. എന്നാലേ അവൻ എടുക്കുന്ന ഓരോ പടിക്കും നമുക്ക് ഒരു മറുപടി ഉണ്ടാക്കാൻ പറ്റു.