“മൊബൈൽ സിഗ്നൽ വെച്ച് നോക്കിയാൽ ആ വണ്ടി നാസിക്ക് ടൗണിൽ. നാസിക്ക് ടൗണിൽ നിന്നും പോകാവുന്ന സ്ഥലങ്ങൾ പലതാണ്. ഒന്ന് മുംബൈ… അത് പോകാൻ ചാൻസ് ഇല്ല കാരണം മുംബൈ പോകാൻ ആയിരുന്നു എങ്കിൽ അവർക്ക് നാസിക്ക് വരേണ്ട കാര്യം ഇല്ല ലോണാവാലയിൽ നിന്ന് നേരിട്ട് പോയാൽ പെട്ടെന്ന് എത്തും.
രണ്ടാമത് സൂറത്… ഗുജറാത്ത്. അതിനും ചാൻസ് കുറവ് ആണ്, കാരണം അങ്ങോട്ട് പോവാൻ ആണേലും മുംബൈ വഴി പോണത് ആണ് എളുപ്പം.
മൂന്നാമത് മധ്യ പ്രദേശ്… അങ്ങോട്ട് കടക്കണം എങ്കിൽ അവർ നാസിക്ക് ടച്ച് ചെയ്യണ്ട ആവിശ്യം ഇല്ല. നാസിക്ക് എത്തുന്നതിന് മുന്നേ തന്നെ നേരിട്ട് മധ്യപ്രദേശിലേക്ക് കടക്കാം.” അസ്ലൻ ഓരോന്നായി കണക്ക് കൂട്ടി. അൽപ സമയത്തിന് ശേഷം അയാളുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞത് കണ്ട് കൂട്ടാളികൾക്ക് ഒരു ആശ്വാസം തോന്നി. കാരണം അവർക്ക് അറിയാം അയാളെ… അയാളുടെ അസാമാന്യ ചിന്താശക്തിയെ. അയാൾ എപ്പോഴൊക്കെ ഇങ്ങനെ ചിന്തിച്ച് ഇരുന്നിട്ടുണ്ടോ അതിന്റെ ഒക്കെ അവസാനം അയാൾ കണ്ണ് തുറക്കുന്നത് പ്രതീക്ഷ നൽകുന്ന ഒരു വാർത്തയും കൊണ്ട് ആവും.
പൊടുന്നനെ അയാൾ കണ്ണ് തുറന്ന് ചാടി എഴുനേറ്റു. കൂടെ ഉള്ള 10 പേരും അയാളുടെ വാക്കുകൾക്ക് ആയി കാതോർത്തു.
“അവർ എവിടേം പോയിട്ടില്ല, ഇവിടെ അടുത്ത് എവിടെയോ ഉണ്ട്. അവർ നാസിക്ക് സിറ്റിയിൽ കേറീട്ടുണ്ട് എന്നാൽ മുംബൈ, സൂറത്, മധ്യപ്രദേശ്.. അങ്ങോട്ടൊക്കെ പോകാൻ ഉള്ള ചാൻസ് ഇല്ല. നാസിക്ക് സിറ്റിയിൽ കയറിയിട്ട് മാത്രം പോകാൻ പറ്റുന്ന ബാക്കി ഒരേ ഒരു റൂട്ടേ ഉള്ളു… തൃയമ്പകേശ്വർ…
എന്റെ ഊഹം ശെരിയാണ് എങ്കിൽ അവർ ആ റൂട്ടിൽ തന്നെ ആവും പോയിട്ടുണ്ടാവുക. ഒരു കാര്യം ചെയ്യാം, നമുക്ക് ആ റൂട്ടിൽ കുറച്ച് നേരം പോയിട്ട് ഏതെങ്കിലും cctv പരിശോധിക്കാം. അതിൽ ആ വണ്ടി ഉണ്ടാകും എനിക്ക് ഉറപ്പാണ്.”
“പക്ഷെ ഭായ് നമ്മൾ നമ്മുടെ ഏരിയയിൽ cctv വീഡിയോസ് ചെക്ക് ചെയ്ത പോലെ ഇവിടെ ചെക്ക് ചെയ്യാൻ പറ്റില്ലല്ലോ, നമുക്ക് ഇവിടെ ഹോൾഡ് ഇല്ലല്ലോ അല്ലെങ്കിൽ സിറ്റിയിൽ തന്നെ നമുക്ക് അത് ചെക്ക് ചെയ്യാരുന്നല്ലോ.”