അത്കൊണ്ട് ഇരുട്ടിൽ ആരേം ഉണർത്താതെ ആവും അവൻ നമ്മളെ തേടി എത്തുന്നത്. എന്നാൽ നമ്മൾ അവനെ കാത്തിരിക്കണം. അവന്റെ ആ പ്ലാൻ കൂടെ അറിയാൻ പറ്റിയാൽ നമുക്ക് ഒന്നുകൂടി വ്യക്തമായ ഒരു ധാരണ കിട്ടിയേനെ. മ്മ്… അത് എന്തായാലും നോക്കാം.
ഭായ് ഒരു കാര്യം ചെയ്യണം, കിഷോർ നിന്റെ കയ്യിൽ അവന്റെ ഫോട്ടോസ് ഇല്ലേ? അത് നമ്മൾ കുറച്ച് പ്രിന്റ് എടുക്കണം എന്നിട്ട് നമ്മുടെ ആളുകൾക്ക് കൊടുക്കണം. അവനെ ഇവിടെ എവിടെ കണ്ടാലും ഒരു ഗ്യാപ് ഇട്ട് അവനെ വാച്ച് ചെയ്യാൻ പറയണം.
ചുരുക്കത്തിൽ പറഞ്ഞാൽ അവൻ ഇവിടെ എത്തി കഴിഞ്ഞാൽ അവൻ ശ്വാസം വിടുന്നത് പോലും നമ്മൾ അറിയണം അത്ര തന്നെ.
എല്ലാവർക്കും ഹരിയുടെ ആ പ്ലാൻ കൊള്ളാം എന്ന് തോന്നി. പിന്നെ ഉള്ള രണ്ട് ദിവസങ്ങൾ അവർ ആ പ്ലാൻ പല തരത്തിൽ തിരുത്തി. മഹീന്തറിന്റെയും സുഹൃത്തുക്കളുടെയും കോൺടാക്ട് വെച്ച് ആ ഏരിയയിൽ ഉള്ള ഒരുപാട് ആളുകൾ ഈ പ്ലാനുമായി സഹകരിക്കാൻ മുന്നോട്ട് വന്നു.
അത് തന്നെ ആയിരുന്നു ഹരി ആഗ്രഹിച്ചതും. എല്ലാവർക്കും അസ്ലന്റെയും അവന്റെ കൂടെ ഉള്ള കുറച്ച് പേരുടെയും ഫോട്ടോസ് നൽകി. ആ വർക്ഷോപ്പിലും ചുറ്റും ഉള്ള മിക്ക കടകൾ, ധാബകൾ, ഹോട്ടലുകൾ എന്ന് വേണ്ട സകലതിലും ഒരാൾ എങ്കിലും ഈ പ്ലാനുമായി സഹകരണം ഉള്ളൊരാൾ ആയിരുന്നു.
ഈ സമയം ഒക്കെയും പൂനെയിലേക്ക് പോയ ടീമിന്റെ അപ്ഡേറ്റ് വന്നുകൊണ്ടേ ഇരുന്നു.
ഒടുവിൽ ആ ദിനം വന്നെത്തി. അസ്ലൻ ട്രക്ക് നാസിക്കിലേക്ക് ആണ് പോയത് എന്ന് കണ്ടുപിടിച്ച ആ ദിനം. അവർ നാസിക്കിലേക്ക് തിരിച്ചു എന്നറിഞ്ഞ നിമിഷം മുതൽ എല്ലാവരും കാത്തിരിക്കുകയായിരുന്നു അവന്റെ വരവിനായി.
നീ വന്നു… ഞങ്ങൾ വിചാരിച്ച പോലെ തന്നെ നീ ട്രക്കും കണ്ടുപിടിച്ചു അതിന്റെ ഡ്രൈവറിലേക്കും നിന്റെ കൈ എത്തി. പക്ഷേ അത് കഴിഞ്ഞ് ഈ പ്ലാനിൽ ഒരു ട്വിസ്റ്റ് ഉണ്ടായി, നീ പ്ലാൻ ഉണ്ടാക്കാൻ എടുത്ത ഹോട്ടൽ റൂം. അവിടെയും ഞങ്ങളുടെ ആളുകൾ ആണ് നിന്നെ വരവേറ്റത്. നിനക്ക് തന്ന റൂമിൽ അവർ ചെറിയൊരു ഫോൺ ഓൺ ആക്കി വെച്ചിരുന്നു. അതിൽ നിന്ന് ഇങ്ങോട്ട് കാൾ ചെയ്ത് അത് ആ റൂമിൽ മറച്ചുവെച്ചതിനു ശേഷം ആണ് നിനക്ക് റൂം തന്നത്. അത്കൊണ്ട് തന്നെ നിന്റെ പ്ലാൻ ഞങ്ങൾ ഇവിടിരുന്നു കേട്ടു.