*****************************************
രണ്ട് ദിവസങ്ങൾക്ക് ശേഷം….
ഹരി : “ഭായ്… എല്ലാം സെറ്റ് അല്ലേ?”
മഹീന്തർ : “നീ ഇത് എത്രാമത്തെ തവണയാണ് എന്നോട് ചോദിക്കുന്നത്? എടാ.. ഇവർക്ക് പോകാൻ ഉള്ള 10 ലോറികളും പുറത്ത് കിടപ്പുണ്ട്. ആ ഡ്രൈവർമാർക്ക് വല്ലതും കഴിക്കാൻ ഉള്ള സാവകാശം നീ കൊടുക്ക്. ഹല്ല പിന്നെ!!” മഹീന്തർ പറഞ്ഞത് കേട്ട് ഹരി ചിരിച്ചു.
ആ പെൺകുട്ടികളെ എല്ലാം വീട്ടിൽ എത്തിക്കാൻ ഹരി മഹീന്തറിനോട് പറഞ്ഞു കുറച്ച് ലോറികൾ ഏർപ്പാട് ചെയ്തു. ഇവരെല്ലാം പല പല സംസ്ഥാനത്തു നിന്നും ആയത് കൊണ്ട് ലോറിയിൽ കയറ്റി വിട്ടാൽ വേഗം എത്തിക്കാം എന്ന് ഹരി ഊഹിച്ചു. അതിനായി മഹീന്ദറിന് അത്ര വിശ്വാസമുള്ള ഡ്രൈവർമാരെ തന്നെ സെലക്ട് ചെയ്തിരുന്നു.
ഒരു അപകടത്തിൽ വെച്ചാണ് കണ്ട് മുട്ടിയത് എങ്കിലും ആ പെൺകുട്ടികൾ മനസ്സുകൊണ്ട് ഒരുപാട് അടുത്തിരുന്നു അത്കൊണ്ട് തന്നെ വിടപറയൽ എല്ലാവർക്കും വേദന നൽകി. പലർക്കും പലരുടെയും ഭാഷ പോലും അറിയില്ല എങ്കിലും എല്ലാവരും തമ്മിൽ കെട്ടിപിടിച്ചു കരഞ്ഞു. കണ്ട് നിന്നവർക്കൊക്കെ കരച്ചിൽ വന്നുപോയി.
മിഴിയും പൂജയും ജാനകിയും അവർക്ക് യാത്രയിൽ വേണ്ടുന്ന സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് നൽകി. അവരെ ഓരോ ലോറികളിൽ യാത്രയാക്കി. വണ്ടിയിൽ കേറുന്നതിന് മുൻപ് ഓരോരുത്തർ ആയി വന്ന് ഹരിയുടെ കയ്യിൽ രാഖി കെട്ടി കൊടുത്തു. അവന്റെ കണ്ണുകൾ നിറഞ്ഞു. ജാനകി അവനെ ചേർത്ത് പിടിച്ചു.
അവരെല്ലാം കണ്ണിൽ നിന്ന് മാഞ്ഞതും ഹരി ഒരു ദീർഘശ്വാസം എടുത്തു.
“ഹോ അങ്ങനെ അത് കഴിഞ്ഞു… ഇനി ഇതേപോലെ ഇവരെ രണ്ടിനേം പാക്ക് ചെയ്യണം പിന്നെ ഈ ജേർണലിസ്റ്റ് തെണ്ടിയേം” ഹരി മിഴിയേയും പൂജയെയും കിഷോറിനെയും നോക്കി പറഞ്ഞു.
“അവരവിടെ നിക്കട്ടെഡാ നിങ്ങളെ എല്ലാരേം ഞാൻ കൊണ്ടുപോയി ആക്കാം പൂനെയിൽ. നമുക്ക് വൈകിട്ട് പോകാം. പോരെ?” മഹീന്തർ പറഞ്ഞത് ഹരിയും ശെരിവെച്ചു.
എല്ലാവരും നടുമുറ്റത്തു വന്നിരുന്ന് കഴിഞ്ഞ കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്ത് ഇരുന്നു. മിഴിക്കും പൂജയ്ക്കും അപ്പോഴാണ് കാര്യങ്ങളുടെ ഒക്കെ കിടപ്പ് മനസ്സിലായത്. അവർക്ക് അതൊന്നും വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല.