“അതേ ഭായ്… മഹീന്തർ സിംഗ്.”
“മ്മ്… നീ പോയി ബാക്കി ഉള്ളവരെ ഒക്കെ വിളിക്ക് ഞാൻ അപ്പോഴേക്കും ഞാൻ അങ്ങ് വരാം. ഇപ്പോഴും സോളിഡ് ആയി ഒരു എവിഡൻസ് നമുക്ക് കിട്ടിയിട്ടില്ല. എന്നാലും ഏകദേശം ഒരു 75% നമ്മൾ ശെരിയായ വഴിയിൽ തന്നെ ആണ്. അത് പോരാ നമുക്ക്. ഉറപ്പ് വരുത്തണം എന്നിട്ട് വേണം ഒരു പ്ലാൻ ഇടാൻ.” അസ്ലൻ ആലോചനയിൽ ആയിരുന്നു. അപ്പോഴേക്കും സാജിദ് ബാക്കി ഉള്ളവരെ കൂട്ടാനായി നടന്നു.
അസ്ലൻ ആ സമയം പുറത്ത് ഇറങ്ങി ചുറ്റും ഒന്ന് പരിശോധന നടത്താൻ തുടങ്ങി. പകൽ സമയം ആയതിനാൽ ആ വഴിയിൽ ഒന്നും അധികം ആരെയും കാണുന്നില്ല. പുരുഷന്മാർ മിക്കവരും ഈ വണ്ടിത്താവളത്തിൽ തന്നെ പണി എടുക്കുന്നവർ ആണ്. സ്ത്രീകൾ അതിന് അടുത്ത് ഉള്ള ഹോട്ടലുകളിലോ അല്ലെങ്കിൽ തെരുവോര കച്ചവടമോ നടത്തുന്നവർ ആണെന്ന് അയാൾ ആദ്യത്തെ അന്വേഷണത്തിൽ തന്നെ മനസ്സിലായിരുന്നു.
അധികം വീടുകൾ ഇല്ല ഈ ഭാഗത്ത്, കുറച്ച് സ്ഥലത്ത് വണ്ടികളുടെ കുറെ പാർട്സ് വെറുതെ കൂട്ടി ഇട്ടിരിക്കുന്നു. അയാൾ ചുറ്റും ശ്രദ്ധിച്ചുകൊണ്ട് മുന്നോട്ട് നടന്നു. കുറച്ച് അകലെ ആയി അയാൾക്ക് ഒരു ഇരമ്പൽ കേൾക്കാം. അല്പം കൂടി മുന്നോട്ട് പോയതും അതൊരു ജെസിബിയുടെ ശബ്ദം ആണെന്ന് മനസ്സിലായി. അയാൾ ആ ഭാഗത്തേക്ക് നടന്നു.
ഒടുവിൽ അയാൾ അവിടെ എത്തിച്ചേർന്നു. അധികം ആരെയും അവിടെയും കണ്ടില്ല. ഒരു ഡ്രൈവറും അയാളുടെ സഹായിയും മാത്രം. ജെസിബി വെച്ച് കുഴി എടുക്കുകയാണ്. അസ്ലൻ അവിടെ നിന്ന സഹായി എന്ന് തോന്നിക്കുന്നവനെ അടുത്തേക്ക് വിളിച്ചു. അതുകണ്ട ഡ്രൈവർ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും അയാളുടെ ജോലി തുടർന്നു.
ആ പയ്യൻ അരികിൽ വന്നതും അസ്ലൻ അവന്റെ കൂർമ്മബുദ്ധി ഉപയോഗിക്കാൻ തുടങ്ങി. ആ വണ്ടിയുടെ ഡ്രൈവറിനെ പറ്റി അറിയുക അതായിരുന്നു അയാളുടെ ലക്ഷ്യം. അസ്ലൻ ആ പയ്യന്റെ മുന്നിൽ ഒരു പാവത്തിനെ പോലെ അഭിനയിച്ചു. അത് തന്നെ ആയിരുന്നു അയാളുടെ വിജയവും. ഞൊടിയിടയിൽ മാനറിസം മാറ്റാൻ കഴിവുള്ളവൻ ആയിരുന്നു അയാൾ.