മിഴി 7 [രാമന്‍]

Posted by

“പോട്ടെ ഡാ… ഇത്തിരി ദിവസംബോയി.. അത്രയല്ലേയുള്ളൂ.. നിനക്കറിയോ?? പണ്ട് ഞാനും പോയി നിന്നെ പോലെ.വീട്ടിൽ നിന്ന് . അന്നച്ഛനെന്നെ കെട്ടിയിട്ട് തല്ലിയെടാ… അതിന്റെ ദേഷ്യത്തിന്.എവിടെ ആരും കാണാതെ. കവല കഴിഞ്ഞു കുറച്ചപ്പുറത്തെത്തിയപ്പോ.. ഇരുട്ടത് വല്ല്യ വടിയും പിടിച്ചൊരാൾ. കയ്യിലൊരു കെടാനായ മെഴുകുതിരിണ്ടായിരുന്നു അതൊന്നാളി വന്നപ്പോ ആളെ മനസ്സിലായി..ആരാ?? അച്ഛന്‍ തന്നെ. പിന്നെയൊരോട്ടായിരുന്നു ജീവനും കൊണ്ട് വീട്ടിലേക്ക്.വീട്ടിലെത്തിയപ്പോഴോ.രണ്ടെണ്ണമമ്മയുടെ വക ഇത്ര നേരം വൈകി എന്നും പറഞ്ഞു.. ” പുറത്തു തഴുകി അച്ഛന്‍ ചിരിച്ചു കൊണ്ട് നിർത്തി. “അതോടെ നാടു വിടാനുള്ള പൂതി പിന്നെ വന്നില്ലെടാ…” ഇത്ര പേടിത്തൊണ്ടൻ ആണോന്ന് മനസ്സിൽ ചോദിച്ചു പോയി. അറിയാതെ ഞാനും ചിരിച്ചു .കണ്ണ് തുടച്ചു തലയുയർത്തുയപ്പോ.അച്ഛൻ ചെറിയ കരച്ചിലിന്റെ വാക്കിലാണെന്ന് തോന്നി..
“സുഖാണോ നിനക്ക്…” ആ സ്നേഹമുള്ള ചോദ്യം. എത്ര ആശ്വാസമാണത്. ചോദിക്കാൻ ഒരാളുണ്ടാകുന്നത് തന്നെ വല്ല്യ ഭാഗ്യമാണെന്ന് ഈ ദിവസങ്ങളിൽ നിന്ന് തന്നെ മനസ്സിലായി.ഞാൻ തലയാട്ടി.ഓളമില്ലാതെയൊന്ന്.അച്ഛന് ഒരിറക്കു വെള്ളം കൂടെ കുടിച്ചു. കണ്ണട ഊരി തുടച്ചു മൂക്കിൽ തന്നെ ഫിറ്റ്‌ ചെയ്തു എന്നെ നോക്കി.
“അടുത്ത.. ഞായർ..” നിർത്തി. ഇത്തിരിപ്പരുങ്ങി അച്ഛനെന്തോ ആലോചിച്ചു.
“അമ്മ തല്ലിയതിന് നിനക്ക് വിഷമംണ്ടോ അഭി..” നേരത്തെ വന്ന ചോദ്യം മറച്ചു അച്ഛനടുത്തതിട്ടു.
അമ്മ എന്നെ തല്ലിയത് എന്തായാലും വെറുതെ ആവുമെന്നറിയാം. ചെറിയമ്മ പറഞ്ഞ എന്തോയൊരു പച്ച കള്ളം വിശ്വസിച്ചു പോയിക്കാണും.എന്നാലും പെറ്റ തള്ളയല്ലേ? സ്വന്തം മോനല്ലേ? മനസ്സിലാക്കാലോ?..
മുഖത്തു എന്തായിരുന്നെന്നറിയില്ല..ഞാൻ പ്രശ്നമൊന്നുമില്ലെന്ന് തലയാട്ടി..
“മ്മ്… അവൾക്ക് നല്ല വിഷമണ്ടെടാ.. നീയ്യിങ്ങനെ പോവ്വൂന്നൊന്നും അവളു കരുതീല്ല. ഏറിയാൽ നീയ്യാശാന്റിയുടേയോ..,ഉഷാന്റിയുടെയോ എടുത്ത് പോവ്വും. അത്രെയേ കരുതീള്ളൂ.എത്ര കാലമായാ മുഖമൊന്ന് തെളിഞ്ഞിട്ടെന്നറിയോ..” സെന്റി വർത്തമാനമാണ്. അത്ര രസിച്ചില്ല. അമ്മയെ ന്യായീകരിക്കാൻ വന്നത് പോലെ.
“അച്ഛാ ഒരു കാരണവുമില്ലാതെയാണ്.. മോനല്ലെന്ന് കരുതിക്കോളാന്നൊക്കെ പ്പറഞ്ഞില്ലേ?..പിന്നെ ഞാനെന്തിന് നിക്കണം ” എവിടെനിന്നോ ഇത്തിരി ദേഷ്യം കൂടെയതിൽ വന്നു.
“അനുനെ ക്കരയിച്ചതിനവൾ നിന്നെ തല്ലൂന്ന് തോന്നുന്നുണ്ടോ…” അച്ഛനിത്തിരി കൂടെയയഞ്ഞു.എന്നെ പറഞ്ഞു മനസിലാക്കാൻ പോകുന്ന പോലെ.എനിക്കൊന്നും അങ്ങു കേറുന്നില്ല!!
“എത്രകാലം നിങ്ങൾ തമ്മിൽ തല്ലുനടന്നു, അന്നൊന്നുമില്ലാത്ത ഇതിപ്പോണ്ടാവാൻ ന്താ കാരണം??” ആ ചോദ്യത്തിൽ മുന്നേയുണ്ടായിരുന്നുന്റെ സംശയം വീണ്ടും വന്നു..
“നിന്റെ അമ്മക്ക് വേറെ വഴിയില്ലായിരുന്നടാ.. അവൾക്ക് അനു അനിയത്തിയും, നീയ്യ് മോനുമല്ലേ??.. നിങ്ങളെ മറ്റൊരു രീതിയിൽ കണ്ടാലവളെങ്ങനെ സഹിക്കും??..” എനിക്ക് നാക്കിറങ്ങിപ്പോയി.നെഞ്ച് കുലുങ്ങി,വിറച്ചു.അച്ഛനെന്റെ മുഖത്തേക്കേ നോക്കിയില്ല.നല്ലത്!!.

Leave a Reply

Your email address will not be published. Required fields are marked *