മനു.. അവന്മാർക്ക് രണ്ടെണം കൊടുക്കണടാ. ഗ്രീഷ്മ പോയതും ഞാൻ മനുവിനോട് പറഞ്ഞു.
ടാ.. വേണോ. അവന്മാര് ലോക അലമ്പാണ്. നിനക്കറിയാലോ രണ്ടാഴ്ച മുൻപാണ് അവന്മാര് പത്തിലെ ചേട്ടന്മാരെ തല്ലിയത്. നമ്മള് വെറുതെ പ്രശ്നത്തിന് നിൽക്കണോ.. അത് പറയുബോൾ അവന്റെ വാക്കുകളിൽ ചെറിയ ഭയമുണ്ടായിരുന്നു.
വേണം. എനിക്ക് ആ സഞ്ജയ്‌നെ മാത്രം മതി. ഒരു കാര്യം ചെയ്യാം സ്കൂള് വിട്ടുപോവുബോ അവൻ മാത്രേ ഉണ്ടാവു. അപ്പോ മതി. ഞാൻ എന്റെ പ്ലാൻ മനുവിനോട് പറഞ്ഞു.
മ്മ്.. ഒരു ബലമില്ലാത്ത മൂളലായിരുന്നു മനുവിന്റെ മറുപടി.
അന്ന് സ്കൂൾ വിട്ട് പോകാൻ നേരം ഞങ്ങൾ അനുവിനെ പറഞ്ഞു വിട്ട് സഞ്ജയ്‌യുടെ പുറകെ ചെന്നു. ആരും ഇല്ലാത്ത ഒഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ അവനെ ഞങ്ങൾ രണ്ടുപേരും ചേർന്ന് ചവിട്ടികൂട്ടി.
അതിന് ശേഷം ഒരു ഓട്ടമായിരുന്നു. വീട് എത്തുന്നത് വരെ തിരിഞ്ഞുപോലും നോക്കാതെ ഞാനും മനുവും ഓടി.
എന്നാൽ ആ പ്രശ്നം അവിടം കൊണ്ട് ഒന്നും തീർന്നില്ല. പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ പലിശയടകം ഞങ്ങൾക്ക് തിരിച്ച് കിട്ടി.
മുടിയൻ സഞ്ജയ്‌യെ ഞങ്ങൾ തല്ലിയത് സ്കൂളിന് പുറത്ത് വച്ച് ആയതുകൊണ്ട് അത് പ്രശ്നമായില്ല. എന്നാൽ അവർ ഞങ്ങളെ തിരിച്ച് തല്ലിയത് സ്കൂളിൽ വച്ചായതുകൊണ്ട് അത് സ്കൂൾ തലത്തിൽ പ്രശ്നമായിമാറി.
വീട്ടിൽ നിന്നും ആളെ കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന് പറഞ്ഞപ്പോൾ ചെറിയ ഭയം തോന്നിയെങ്കിലും വീട്ടുകാർ കാര്യമറിഞ്ഞപ്പോൾ കൂടുതൽ പ്രശ്നമൊന്നും ഉണ്ടായില്ല.
അതും പോരാഞ്ഞ് പിന്നിടങ്ങോട്ട് അനുവിന്റെ ബോഡിഗാർഡ് സ്ഥാനവും എനിക്ക് കല്പിച്ചു കിട്ടി.
എന്നാൽ ആ ഒരു പ്രശ്നത്തിന് ശേഷം എനിക്ക് അനുവിനോടുള്ള വികാരം എന്താണെന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു.
പ്രശ്നങ്ങൾ എല്ലാം ഒതുങ്ങിയതിന് ശേഷമുള്ള ഒരു ദിവസം:
അല്ലടാ ശ്രീക്കുട്ട നീ അന്ന് സഞ്ജയ്‌നെ തല്ലുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നല്ലോ എന്റെ പെണ്ണ് എന്റെ പെണ്ണ്ന്ന്.
സത്യം പറയടാ.. എന്താ നിന്റെ മനസ്സില്.
ടാ മനു. അത്…
മ്മ്.. പോരട്ടെ..
അതേയ്…
നീ കാര്യം പറയടാ.
എനിക്ക് അവളെ ഇഷ്ടാണ്.
ആരെ..
അനുനെ.. വല്ല പ്രശ്നവും ആവോ..