എന്നാൽ, താമസിയാതെ ഞാൻ അറിഞ്ഞു ദീപു അബോധാവസ്ഥയിൽ കിടക്കുകയാണെന്നും, അവൾ ചികിത്സയിലാണെന്നും
എല്ലാം കഴിഞ്ഞു, ഇനി ദീപു എന്ന വ്യക്തി വെറുമൊരു പിടിച്ചു ഓർമ്മകൾ മാത്രമായി എന്ന് കരുതി അഗാധമായി ദുഃഖിച്ചിരുന്ന എനിക്ക് അത് ഒരു വലിയ ആശ്വാസമായിരുന്നു.
എന്റെ പ്രിയപ്പെട്ട,…
എന്റെ ജീവന് തുല്യം സ്നേഹിച്ച…
എന്റെ സഹോദരി എന്ന് വിശേഷിപ്പിച്ച..
എന്റെ മനസ്സിൽ ഒരു സുഹൃത്തിന്റെ സ്ഥാനമുള്ള,..
എന്റെ ആരൊക്കെയോ ആയിരുന്ന…
എന്റെ മനസ്സിന്റെ കോണിൽ ആരോരുമറിയാതെ ഞാൻ എന്തിനോ വേണ്ടി കാത്ത് സൂക്ഷിച്ച സ്വപ്നങ്ങളുടെ പങ്കാളി….
എന്റെ ദീപുവിൽ ജീവന്റെ കണിക അവശേഷിക്കുന്നു എന്നറിഞ്ഞപ്പോൾ എന്റെ ജീവൻ തന്നെ എനിക്ക് തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു.
എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല… എല്ലാം കഴിഞ്ഞു, എല്ലാം നഷ്ട്ടപ്പെട്ടു, ഇനി അതൊക്കെ ഒരു പിടി ചാരം മാത്രമെന്നു എന്ന് കരുതിയ എനിക്ക് അതൊരു വലിയ പ്രതീക്ഷയുടെ വെളിച്ചമായിരുന്നു..
ഒരു മായാ ലോകം പോലെ….
ജീവാപായം ഒന്നും സംഭവിച്ചില്ലല്ലോ… എന്ന്, ആശ്വസിച്ച എനിക്ക് വേറൊരു ഇരുട്ടടിയാണ് കിട്ടിയത്.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയുമ്പോൾ, മനസ്സിന്റെ സമനില തെറ്റിയ ദീപ്പുവിനെയാണ് എനിക്ക് കിട്ടിയത്…
ഇതിലും കൂടുതൽ ശിക്ഷ ഒരു മനുഷ്യന് കിട്ടാനുണ്ടോ…?
ദൈവം നൽകിയ പളുങ്കു പാത്രം, ഈ കണ്ട കാലമത്രയും ഉള്ളം കൈയിൽ വച്ച് സൂക്ഷിച്ച് അവസാനം മറ്റൊരുവൻ എന്റെ കൈകളിൽ നിന്നും തട്ടി പറിച്ചെടുത്തു ഉടച്ച് വഴിയരികിൽ ഉപേക്ഷിച്ച പോലെ ആയിരുന്നു ദീപു എന്റെ കൈയ്യിൽ കിട്ടുമ്പോൾ
ഈ ജീവിതം പോലും ഒരു കാലയളവ് വരെ എന്റെ സഹോദരി സ്ഥാനത്തു നിൽക്കുന്ന ദീപു എന്ന വ്യക്തിക്ക് വേണ്ടി ഉഴിഞ്ഞു വച്ച ആളായിരുന്നു ഞാൻ.
കാലക്രമേണ, ഒരു സഹോദരി എന്നതിലും ഉപരി അവളിൽ ഞാൻ എന്തൊക്കെയോ പ്രത്യേകതകൾ കണ്ടു തുടങ്ങി.
സിംപതിയുടെ മൂടുപടം ഇല്ലാതെ നോക്കിയാൽ മനസ്സിൽ അവളോട് എന്തോ ഒരിഷ്ടം.
അവൾ എനിക്ക് ആരൊക്കെയോ, ആണെന്ന ഒരു ധാരണ.
അവകാശപെടാനില്ലെങ്കിലും, എന്റെ സ്വന്തമാണെന്ന തോന്നൽ, എന്നിൽ എന്റെ ഉള്ളിന്റെ ഉള്ളിൽ മനസ്സിന്റെ കോണിൽ ഉറഞ്ഞു കുടികിടപ്പുണ്ടായിരുന്നു.