പക്ഷെ അത് ഞാൻ ഒരിക്കൽ പോലും അവളുടെ മുന്നിൽ പ്രകടിപ്പിച്ചിരുന്നില്ല.
ഒരു മാരകമായ പാപം ചെയ്യുന്നതിന് തുല്യമാണ് അത്തരം ചിന്ത എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
“”ടാ… മോനെ, നമ്മുടെ ദീപു കൊച്ചിനെ നീ നന്നായി നോക്കണേ… അവൾക്ക് നമ്മളൊക്കെയേ ഉള്ളൂ., വേറെ ആരുമില്ല.. അവളെ ഒരിക്കലും കൈവിട്ടു കളയരുത് കേട്ടോ…..”” അപ്പൻ അവസാന കാലത്ത് എന്നോടായി എപ്പോഴും പറയുമായിരുന്നു.
സാബുച്ചേട്ടനെ അങ്ങേർക്ക് ഒട്ടും വിശ്വാസമില്ലായിരുന്നു… അവൻ അവന്റെ കാര്യങ്ങൾ മാത്രം നോക്കി നടക്കുന്ന ഒരു സ്വാർത്ഥനാണെന്ന് അപ്പൻ നന്നായി മനസ്സിലാക്കിയിരുന്നു.
എന്തിനും ഏതിനും, അവൾ ചോദിക്കുന്നതിനു മുൻപ് തന്നെ അവളുടെ കൈകളിൽ എത്തിക്കുക എന്നത് എന്റെ ഒരു സന്തോഷം ആയിരുന്നു.
എന്നിട്ടും അവൾ ഈ കടുംകൈ ഞങ്ങളോട് ചെയ്തു എന്നോർത്തപ്പോൾ ദുഃഖം ചില്ലറയൊന്നുമല്ല ഞാൻ ആനുഭവിച്ചത്.
അത് കൊണ്ടൊക്കെ തന്നെയാണ് അമ്മച്ചിക്ക് അവളോട് ഇത്രയും വൈരാഗ്യവും വെറുപ്പും.
ഒരു സുപ്രഭാതത്തിൽ അവൾ അവന്റെ കൂടെ ജീവിതം ആരംഭിച്ചുവെങ്കിലും അവർ തമ്മിൽ നിയമപരമായ വിവാഹം നടന്നിരുന്നില്ല എന്ന ഞെട്ടിക്കുന്ന സത്യം ഞാൻ വൈകിയാണ് അറിഞ്ഞത്.
വെറുതെ ഒരു ലിവിങ് ടു ഗെതർ എന്ന് ഒരു പ്രോസീജർ മാത്രമാണ് അവർ തമ്മിൽ ഉണ്ടായിരുന്നത്.
അത് കൊണ്ട് തന്നെ അവൻ… കിഷോർ മരിച്ചപ്പോൾ അവൾക്ക് അവന്റെ രക്ഷിതാക്കളിലിൽ നിന്നും നിയമപരമായ അവകാശങ്ങൾ ഒന്നും തന്നെ കിട്ടിയില്ല, എന്ന് മാത്രമല്ല, അതേപ്പറ്റി സംസാരിക്കാൻ പോയ എന്റെ സുഹൃത്തിനെ അവർ ഭീഷപ്പെടുത്തുകയും ചെയ്തു..
അപ്പോഴാണ് അവന്റെ അച്ഛൻ വാളരെ മോശപ്പെട്ട മനുഷ്യനാണെന്ന കാര്യം ഞാൻ അറിഞ്ഞത്.
സ്വന്തം അച്ഛനമ്മമാരെയും വീട്ടുകാരെയും ധിക്കരിച്ചു വേറൊരു പെണ്ണിനെ കെട്ടി, കൂടെ ജീവിതം ആരംഭിച്ചത് കൊണ്ട് അയാളിൽ നിന്നും ഒരു ചില്ലി കാശ് പോലും കിട്ടില്ലെന്ന് അയാൾ ആദ്യമേ പ്രഖ്യാപിച്ചിരുന്നു.
പൂത്ത പണമുള്ളയാളായത് കൊണ്ട് തന്നെ അഹങ്കാരത്തിന് ഒട്ടും കുറവില്ലായിരുന്നു അയാൾക്ക്.
അത്യാവശ്യം ഗുണ്ടായിസവും ശിങ്കിടികളും മറ്റും ഉള്ള വ്യക്തി… കർണാടകയിലും, കേരളത്തിലും, തമിഴ് നാട്ടിലും ബിസിനസ്സ് ലിങ്ക് ഉള്ള അയാൾക്ക് നമ്മളെ ഒതുക്കാൻ ഒരു പ്രയാസവുമില്ല എന്ന് എനിക്ക് വ്യക്തമായി.