ചുട്ടൻ മൂപ്പൻ ശേഖരന്റെ അകന്ന ബന്ധത്തിലുള്ള ഒരാളാണ്. ഒരു അറുപതു വയസ്സെങ്കിലും ഉണ്ടാവും. കരിംപന കുന്നിന്റെ അപ്പുറത്തു വശത്തു അവരുടെ ഒരു കുടുംബക്കാവിൻറെ ‘ഇൻചാർജ്’ അദ്ദേഹമായിരുന്നു. എട്ടാം ക്ലാസിലെ അവധിക്കു ഒരു ദിവസം അവന്റെ കൂടെ അവിടെയൊരു പൂജ കാണാൻ ഞാനും പോയി. അച്ഛന്റെ ഓർഡർ കാരണം മറ്റു സമുദായങ്ങളിലോ ജാതികളിലോ ഉള്ള ആൾക്കാരുടെ ചടങ്ങുകളിൽ പങ്കെടുക്കുക എന്നത് കടുത്ത ആചാര ലംഘനം ആയിരുന്നു. എങ്കിലും ഒഴിച്ച് കൂടാത്ത സാഹചര്യങ്ങളിൽ അച്ഛൻ പോകാറുമുണ്ടായിരുന്നു. ആ വാശിപ്പുറത്താണ് ശേഖരന്റെ കൂട്ടത്തിൽ ഉള്ളവരുടെ പൂജയിൽ സംബന്ധിക്കാൻ എനിക്ക് താല്പര്യം തോന്നിയത്.
അവരുടെ കാവിനുള്ളിൽ ചുവപ്പും കറുപ്പും പച്ചയും മാത്രമേ കാണാൻ ഉള്ളായിരുന്നു. കർമ്മികൾ എല്ലാം കറുപ്പ് വേഷം. മൂപ്പൻ ചുവപ്പു വേഷം. വിഗ്രഹങ്ങൾക്ക് പകരം കല്ലുകൾ ആയിരുന്നു. അവയിലെല്ലാം ചുവന്ന തുണി ആണ് ഉടയാടയ്ക്കു പകരം. അക്ഷതവും ഹോമകുണ്ഡവും ഇല്ല. ആർക്കും പൂണുനൂലുകളുമില്ല. പൂക്കളെല്ലാം ചുവപ്പു നിറം.കുമ്പളങ്ങയ്ക് പകരം ജീവനുള്ള ബലിമൃഗങ്ങൾ. ശേഖരന്റെ നിർദ്ദേശം അനുസരിച്ചു ഞാൻ കയ്യും കൂപ്പി അവിടെ നിന്നു. അൽപനേരം കഴിഞ്ഞപ്പോൾ മൂപ്പൻ ഒരു വാളും കയ്യിൽ പിടിച്ചു ഉറഞ്ഞു തുള്ളാൻ തുടങ്ങി. കുപ്പിയിൽ വെച്ചിരുന്ന വെള്ളമെടുത്തു വീണ്ടും വീണ്ടും കുടിച്ചു കൊണ്ട് തുള്ളുന്നത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് അത് വെള്ളം അല്ല ചാരായം ആണെന്ന്. തുള്ളലിന്റെ പാരമ്യം എത്തിയപ്പോൾ ബലിമൃഗങ്ങളെ അവിടെ വെച്ച് തന്നെ അറുത്തു രക്തം കല്ലുകളിൽ അഭിഷേകം ചെയ്തു.
മൂപ്പൻ തുള്ളിയുറഞ്ഞ് കാവിനു വെളിയിലേക്കു പോയപ്പോൾ ആരും പിന്നാലെ പോകാഞ്ഞത് കണ്ടു ഞാൻ അത്ഭുതപ്പെട്ടപ്പോൾ ശേഖരൻ പറഞ്ഞു “അതൊന്നും നോക്കണ്ട, ഇങ്ങു വരും. ദേഹത്തു നിന്നും ദേവി ഇറങ്ങി കഴിയേണ്ട താമസമേയുള്ളു”
അല്പം കഴിഞ്ഞപ്പോൾ അതാ മൂപ്പൻ ശാന്ത രൂപത്തിൽ നടന്നു വന്നു കാവിനുള്ളിലെ ഒരു ഉയര്ന്ന കല്ലിൽ കയറി ഇരുന്നു ഓരോരുത്തരെ ആയി അടുത്തേക്ക് വിളിച്ചു കല്ലിന് ചുവട്ടിൽ കിടന്ന ഒന്ന് രണ്ടു പൂക്കൾ കയ്യിൽ കൊടുത് നെറ്റിയിൽ കൈവെച് അനുഗ്രഹിച്ചു വിടുന്നു. ദക്ഷിണ നൽകുന്നതിന് പകരം ആളുകൾ കുപ്പിയിൽ ചാരായവും പുകയിലക്കെട്ടും ഒക്കെ കാൽക്കൽ വെച്ച് മടങ്ങുന്നു. ശേഖരനെ വിളിക്കാഞ്ഞപ്പോൾ എനിക്കെന്തോ അപാകത തോന്നി. ഞാൻ കൂടെ ഉള്ളത് കൊണ്ടാണോ എന്നൊരു അങ്കലാപ്പ്. അവസാനം ശേഖരനെ വിളിച്ചപ്പോൾ കൂടെ ചെല്ലാൻ ഞാൻ മടിച്ചു നിന്നു. ശേഖരൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് മൂപ്പന്റെ അടുത്തേക്ക് നടന്നു.