നേരം പുലർന്നപ്പോഴേക്കും മഴ തോർന്ന് ആകാശം തെളിഞ്ഞിരുന്നു. ജുനൈദയാണ് ആദ്യം ഉണർന്നത്. പ്രഭാത കൃത്യങ്ങൾക്ക് ശേഷം അടുക്കളയിൽ കയറി കാപ്പിയുണ്ടാക്കി ഓരോരുത്തരെയായി വിളിച്ചുണർത്തി കാപ്പി നൽകി. സൈറ്റിൽ വർക്കുകൾ നിർത്തി വച്ചിരുന്നതുകൊണ്ട് റഫീക്കിന് ഉടൻ മടങ്ങിപ്പോകേണ്ട അവശ്യമുണ്ടായിരുന്നില്ല. എങ്കിലും രാഹുൽ എന്നും സൈറ്റിൽ പോയി ഒന്നു ചുറ്റിക്കറങ്ങി വിവരങ്ങൾ റഫീക്കിനെ അറിയിച്ചുകൊണ്ടിരുന്നു. ഷെഡുകളിൽ സൂക്ഷിച്ചിരുന്ന സിമന്റും മറ്റും നനയാതെ നോക്കാൻ അവിടെ ഒരു ജോലിക്കാരനെ ഏർപ്പെടുത്തിയിരുന്നു.
മേനോനുമായി റഫീക്ക് സംസാരിച്ചു. ഇവിടുത്തെ അവസ്ഥകൾ ബോദ്ധ്യപ്പെടുത്തിയപ്പോൾ രണ്ടാഴ്ച്ച കഴിഞ്ഞ് വർക്കുകൾ തുടങ്ങിയാൽ മതിയെന്ന് മേനോൻ പറഞ്ഞു. പതിമൂന്നാം നാളിലെ മരണാനന്തര ചടങ്ങുകൾ കഴിയുന്നതുവരെ ഷാഹിദയും കുടുംബവും അബ്ദുവിന്റെ വീട്ടിൽ തന്നെ താമസിച്ചു.
പതിമൂന്നാം നാൾ രാത്രിയിൽ എല്ലാവരെയും വിളിച്ചിരുത്തി റഫീക്ക് ചില നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. അത് ഇപ്രകാരമായിരുന്നു. ഇനിയും ഇങ്ങനെ അധിക ദിവസം തുടരാൻ സാധിക്കില്ല. മരിച്ചവർ ഇനി ഒരിക്കലും തിരികെ വരില്ല. ജീവിച്ചിരിക്കുന്നവർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ. അടുത്ത ദിവസം സൈറ്റിലേക്ക് തന്നോടൊപ്പം സലീമും വരണം. അപ്പോൾ മുംതാസ് ഒറ്റയ്ക്കാവും. ഇവിടെ അവളെ തനിയെ വിടാൻ പറ്റില്ല. അതുകൊണ്ട് ഈ വീട് തൽക്കാലം പൂട്ടിയിട്ടിട്ട് മുംതാസ് ഉമ്മയ്ക്കും ജുനൈദയ്ക്കും ഒപ്പം തന്റെ വീട്ടിലേക്ക് താമസം മാറുന്നു. ബാക്കിയൊക്കെ പിന്നീട് തീരുമാനിക്കാം.
എല്ലാവരും റഫീക്കിന്റെ തീരുമാനം അംഗീകരിച്ചു. എങ്കിലും മുംതാസിന്റെ മുഖത്ത് ഒരാശങ്കയുടെ നിഴൽ പരന്നത് ഷാഹിദ കണ്ടു. അവർ അവളെ ചേർത്തുപിടിച്ചു. “മോള് ഒന്നും ആലോചിച്ചു വിഷമിക്കേണ്ട. നീ വരുന്നത് നിന്റെ സ്വന്തം വീട്ടിലേക്കാണെന്നു വിചാരിച്ചാൽ മതി. എന്റെ റഫീക്കിനെയും ജുനൈദയെയും പോലെതന്നെയാണ് എനിക്ക് നിങ്ങൾ രണ്ടാളും.” അതുകേട്ടപ്പോൾ മുംതാസ് ജുനൈദയുടെ നേരെ നോക്കി.
“എന്താടീ നോക്കുന്നത് ? ഞാൻ നിന്റെ ഇത്തയല്ല എന്നു നിനക്ക് തോന്നുന്നുണ്ടോ ?” ജുനൈദ അൽപ്പം കടുപ്പത്തിലാണ് ചോദിച്ചത്.
പക്ഷേ ആ ഗൗരവം കൃത്രിമമാണെന്ന് മുംതാസിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവൾ ജുനൈദയെ നോക്കി ചിരിച്ചു.
രാവിലെ ഷാഹിദയാണ് അടുക്കളയിൽ കയറിയത്. ചായയും ഉപ്പുമാവും പഴവും മേശപ്പുറത്തു നിരന്നു. എല്ലാവരും കഴിച്ചു. പാത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കാൻ ജുനൈദയോടൊപ്പം മുംതാസും കൂടിയെങ്കിലും ജുനൈദ തടഞ്ഞു.