“നീ പോയി നിന്റെ തുണികളും മറ്റും ബാഗിൽ എടുത്തു വയ്ക്ക്..”
മുംതാസിനെ അടുക്കളയിൽ നിന്നും തള്ളിയിറക്കി ജുനൈദ പറഞ്ഞു. അരമണിക്കൂറിനുള്ളിൽ എല്ലാവരും അവിടെനിന്നിറങ്ങി. വീട് പൂട്ടി പടിയിറങ്ങുമ്പോൾ മുംതാസ് ഒന്നു തേങ്ങി. ഷാഹിദ അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. രണ്ടു പേരുടെയും തുണികളും മറ്റും നിറച്ച രണ്ട് ബാഗുകൾ സലീം തന്നെ എടുത്തു.
കാറിൽ കയറുമ്പോൾ ഇരുവരും ഒന്നുകൂടി തങ്ങളുടെ വീട്ടിലേക്ക് നോക്കി. ഉപ്പയും തങ്ങളും സന്തോഷത്തോടെ കഴിഞ്ഞിരുന്ന വീട്. കൊച്ചുകൊച്ചു പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമൊക്കെയായി സ്നേഹത്തോടെ തങ്ങൾ ജീവിച്ച വീട്. ഉപ്പയുടെ അദ്ധ്വാനത്തിന്റെ ഫലം. നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് അവർ കാറിൽ കയറി.
യാത്രയിൽ ആരും ഒന്നും സംസാരിച്ചില്ല. വീട്ടിലെത്തി ഷാഹിദയും ജുനൈദയും മുംതാസും ഇറങ്ങി. കുഞ്ഞ് , ഷാഹിദയുടെ തോളിൽ കിടന്നുറങ്ങുകയായിരുന്നു.
“ഞങ്ങൾ അങ്ങോട്ട് കയറുന്നില്ല.” റഫീക്ക് അവരോട് പറഞ്ഞു. എന്നിട്ട് മുംതാസിനെ നോക്കി പറഞ്ഞു. “എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഉമ്മയോടൊ ജുനുവിനോടോ പറയാൻ മടിക്കരുത്. ഇത് നിന്റെ വീടായിത്തന്നെ കരുതണം ”
അവൾ അതുകേട്ട് സമ്മതഭാവത്തിൽ തലയാട്ടി.
കാർ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ ജുനൈദ പൂട്ടു തുറന്ന് ഉള്ളിലേക്ക് കയറി.പിന്നാലെ മുംതാസിന്റെ കൈപിടിച്ചുകൊണ്ട് ഷാഹിദയും. മുൻപ് പലതവണ അവിടെ വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ മുംതാസിന് എല്ലാം അപരിചിതമായി തോന്നി. ഇവർക്കൊക്കെ താൻ ഒരു ഭാരമാകുമോ എന്ന സംശയമാണ് അതിനു കാരണം. അവളുടെ അവസ്‌ഥ ഷാഹിദയ്ക്ക് മനസിലായി.
“മോളേ…മോള് ഒന്നുകൊണ്ടും വിഷമിക്കണ്ട. അബ്ദുവിനോട് ഞങ്ങൾക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. അതിന്റെ ഒരംശമെങ്കിലും ഇങ്ങനെ വീട്ടാൻ കഴിയുമല്ലോ എന്ന സന്തോഷമാണ് ഞങ്ങൾക്ക്.”
അവളുടെ ശിരസിൽ തലോടിക്കൊണ്ട് ഷാഹിദ പറഞ്ഞു.
താഴത്തെ നിലയിലെ മൂന്ന് കിടപ്പുമുറികളിൽ ഒന്ന് അവൾക്കായി ഒരുക്കി.മുറിയിൽ കയറി അവൾ ആകെയൊന്നു കണ്ണോടിച്ചു. ഒരു വലിയ കട്ടിൽ. അതിൽ നല്ല കനമുള്ള മെത്ത. മുറിയുടെ ഒരു മൂലയിൽ ഡ്രെസ്സിംഗ് ടേബിൾ. അതിൽ നിലക്കണ്ണാടി. ഒരുവശത്തെ ഭിത്തി മുഴുവൻ വാർഡ്റോബുകൾ.
ബാഗ് വാർഡ്‌റോബിൽ വച്ചിട്ട് അവൾ ബാത് റൂമിന്റെ വാതിൽ തുറന്നു. ഷവറും ഗെയ്‌സറും ഒക്കെയുണ്ട്. ഇതൊക്കെ കണ്ടപ്പോൾ അവൾക്ക് ഒന്നു കുളിക്കണമെന്നു തോന്നി. രാവിലെ കുളിച്ചതുമില്ലല്ലോ. അവൾ നേരെ ഹാളിലേക്ക് ചെന്നു. കുട്ടിയെ മടിയിൽ ഇരുത്തി ഷാഹിദ ടി വി കാണുന്നു.