റഫീക്ക് തന്റെ വീടിന്റെ ടെറസിൽ ട്രസ്സ് വർക്ക് ചെയ്യിച്ചു ഷീറ്റിട്ടു. മുഖ്യമായും മഴപെയ്ത് ടെറസിൽ വെള്ളം തങ്ങിനിന്ന് കാലക്രമേണ കോൺക്രീറ്റ് സ്ളാബ് കേടു വരാതിരിക്കാനാണ് അത് ചെയ്തതെങ്കിലും അതിനു പിന്നിൽ മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു എന്ന് അവരൊക്കെയറിഞ്ഞത് ടൌണിൽ നിന്ന് കുറച്ച് സ്റ്റീൽ ബെഞ്ചുകളും ഡസ്കുകളുമായി ഒരു ഡി സി എം വീടിനു മുന്നിൽ വന്നു നിന്നപ്പോഴാണ്. പിന്നാലെ കാറിലെത്തിയ റഫീക്കിന്റെ നിർദ്ദേശ പ്രകാരം ജോലിക്കാർ അതൊക്കെ ചുമന്ന് പടികൾ കയറി ടെറസിൽ കൊണ്ടുപോയിട്ടു. ജോലിക്കാരും വണ്ടിയും തിരികെപ്പോയി .
ഇതൊക്കെ കണ്ട് ഒന്നും മനസിലാകാതെ മിഴിച്ചു നിന്ന അമ്മയോടും ഭാര്യയോടും മുംതാസിനോടും തന്റെ പിന്നാലെ വരാൻ നിർദ്ദേശിച്ചിട്ട് റഫീക്ക് പടികൾ കയറി ടെറസിലെത്തി. അവിടെ ക്രമത്തിൽ നിരത്തിയിട്ട ബെഞ്ചുകളും ഡെസ്കുകളും. അവർ മൂന്നാൾക്കും ഒന്നും പിടികിട്ടിയില്ല.
“ഇതാണ് മുംതാസ് ട്യൂഷൻ സെൻ്റർ. അബ്ദുക്കായുടെ മരണത്തോടെ നിർത്തിവച്ചിരുന്ന മുംതാസിന്റെ ട്യൂഷൻ പരിപാടി നാളെ മുതൽ ഇവിടെ തുടങ്ങുകയാണ്.”
വളരെ നാടകീയമായി റഫീക്ക് ഇത് പറഞ്ഞപ്പോൾ ഷാഹിദയും ജുനൈദയും പുഞ്ചിരിയോടെ കൈയടിച്ചു. മൂന്നു പേരും മുംതാസിന്റെ മുഖത്തേക്ക് നോക്കി. രണ്ടുകണ്ണുകളും അരുവിപോലെ നിറഞ്ഞൊഴുകുന്നു. ചുണ്ടുകൾ കടിച്ചുപിടിച്ച് തേങ്ങലമർത്തിയുള്ള അവളുടെ നിൽപ്പ് കണ്ടപ്പോൾ ഷാഹിദയ്ക്ക് അവളോട് വാത്സല്യവും സഹതാപവും ഒക്കെ ഒരുമിച്ചു തോന്നി.അവർ അനുകമ്പയോടെ അവളെ കെട്ടിപ്പിടിച്ചു. ഷാഹിദയുടെ തോളിൽ മുഖമണച്ച് അവൾ തേങ്ങിക്കരഞ്ഞു. ആ കണ്ണീർ അനന്ദക്കണ്ണീരാണെന്ന് അവർക്ക് അറിയാമായിരുന്നു.
“ഇതിനൊക്കെ ഞാൻ എങ്ങനെയാ നന്ദി പറയേണ്ടത് ?” തേങ്ങലിനിടയിൽ അവൾ ഷാഹിദയോട് ചോദിച്ചു. “നന്ദിയോ..? എന്തിന് ? അന്യ ആളുകളോടല്ലേ നന്ദി പറയുക. ഞങ്ങൾ നിനക്ക് അന്യരായിട്ടാണോ തോന്നുന്നത്..?” റഫീക്കിന്റേതായിരുന്നു ആ ചോദ്യം. “അയ്യോ…അല്ലിക്കാ. നിങ്ങളൊക്കെ എനിക്കും സലീമിനും വേണ്ടി ഇതൊക്കെ ചെയ്യുന്നത് കാണുമ്പോൾ ഞങ്ങൾ ആരും ഇല്ലാത്തവരാണെന്ന് ഞങ്ങൾക്ക് തോന്നുന്നേയില്ല. ” കണ്ണീര് തുടച്ചുകൊണ്ട് മുംതാസ് പറഞ്ഞു. “അതിന് നിങ്ങൾ അരുമില്ലാത്തവരല്ലല്ലോ..ഞങ്ങളൊക്കെയില്ലേ…” റഫീക്കിന്റെ മറുപടി അവളുടെ വായടപ്പിച്ചു കളഞ്ഞു.
വൈകിട്ട് റഫീക്ക് മടങ്ങി സൈറ്റിലേക്ക് പോയി. രണ്ടു ദിവസം കഴിഞ്ഞ് മുംതാസ് തന്റെ ട്യൂഷൻ ക്ലാസുകൾ പുനരാരംഭിച്ചു. ആദ്യത്തെ ഒന്നുരണ്ടു ദിവസം പത്തോളം കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. ദിവസം ചെല്ലുന്തോറും അംഗസംഖ്യ വർദ്ധിച്ചു. ഒടുവിൽ എല്ലാ ബെഞ്ചുകളും നിറയുന്ന രീതിയിൽ കുട്ടികളായി. അവർക്ക് പാഠങ്ങൾ പറഞ്ഞുകൊടുത്തും സംശയങ്ങൾ തീർത്തും അവളുടെ ദിവസങ്ങൾ കടന്നുപോയി. ഇടയ്ക്ക് ട്യൂഷനേടുക്കാൻ ജുനൈദയും അവളെ സഹായിച്ചിരുന്നു.