ഇടവഴിയിലേക്ക് ഇറങ്ങുമ്പോൾ അവരുടെ കണ്ണിൽ തടഞ്ഞത് അവിടവിടെയായി വീണു കിടക്കുന്ന വലുതും ചെറുതുമായ മരങ്ങളാണ്. പാടത്തെ കാഴ്ചയാണ് അതിലും ദയനീയം. കുലച്ച് പാതി മൂപ്പെത്തിയ നേന്ത്രവാഴകൾ ആയിരക്കണക്കിനാണ് ഒടിഞ്ഞു നിലംപറ്റി കിടക്കുന്നത്. ആ കാഴ്ച്ച, വധിക്കപ്പെട്ടും അംഗങ്ങൾ ഛേദിക്കപ്പെട്ട് പാതി ജീവനോടെയും നൂറായിരം സൈനികർ ചിതറിക്കിടക്കുന്ന ഒരു പടക്കളത്തെ ഓർമ്മിപ്പിച്ചു.
അങ്ങനെ പിന്നിട്ട വഴിയിൽ ഉടനീളം കൊടുങ്കാറ്റ് സംഹാര താണ്ഡവമാടിയ കാഴ്ചകൾ കണ്ടാണ് അവർ നടന്നത്. അബ്ദുവിന്റെ മുറ്റത്തും പാടവരമ്പിലും പടിക്കെട്ടിലുമായി അവിടവിടെ കുറച്ചാളുകൾ കൂടി നിൽക്കുന്നത് ദൂരത്തു വച്ചേ അവർ കണ്ടു. ഒക്കെയും അയൽക്കാരും പരിചയക്കാരും മാത്രം. ഈ നാട്ടിൽ ബന്ധുക്കളെന്നു പറയാൻ അവർക്ക് ആരുമുണ്ടായിരുന്നില്ല. പണ്ട് വളരെ തെക്കുള്ള ഒരു നാട്ടിൽ നിന്നും പ്രണയം മൂത്ത് ഒളിച്ചോടി ഈ നാട്ടിൽ വന്നവരായിരുന്നു അബ്ദുവും ഭാര്യയും. രണ്ടു കൂട്ടരുടെയും ബന്ധുക്കൾ അതോടെ ഇരുവരെയും തങ്ങളുടെ കുടുംബ പട്ടികയിൽ നിന്ന് വെട്ടിമാറ്റി. പിന്നീട് ഈ നാട്ടുകാരും അയൽക്കാരും ഒക്കെയായിരുന്നു അവരുടെ ബന്ധുക്കൾ.
ഷാഹിദയും ജുനൈദയും പടികൾ കയറി മുറ്റത്തെത്തി. പൂമുഖത്തു തന്നെയുണ്ട് മുംതാസും സലീമും.മുംതാസ് കരഞ്ഞു തളർന്ന് നിലത്തു വിരിച്ച ഒരു പായയിൽ ചുരുണ്ടു കിടപ്പുണ്ട്. സലീം അരഭിത്തിയിൽ മുഖം കുനിച്ചിരിപ്പുണ്ട്. ഇടക്കിടെ കണ്ണുകൾ തുടച്ചും ദീർഘനിശ്വാസങ്ങൾ ഉതിർത്തും എല്ലാം തകർന്നവനെപ്പോലെയുള്ള അവന്റെ ഇരിപ്പ് ആരുടെയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു. ഷാഹിദ മുംതാസിന്റെ അരികിലായി ഇരുന്നു.
“മോളേ….”
ഒരു ഉമ്മയുടെ വാത്സല്യത്തോടെ അവളുടെ തലയിൽ ഒന്നു തഴുകി അവൾ വിളിച്ചു. മുംതാസ് മുഖമുയർത്തിനോക്കി. ഷാഹിദയെ കണ്ടതും അവരുടെ മടിയിൽ മുഖം പൂഴ്ത്തി അവൾ പൊട്ടിക്കരയാൻ തുടങ്ങി.
“ഉമ്മാ….ഞങ്ങക്കിനി ആരൂല്ല… ഉമ്മ പോയി…ഇപ്പോൾ ഉപ്പയും ഞങ്ങളെ വിട്ടുപോയല്ലോ ഉമ്മാ….”
പദം പറഞ്ഞുള്ള അവളുടെ നിലവിളി കേട്ടപ്പോൾ ഷാഹിദയുടെയും കണ്ണുകൾ നിറഞ്ഞു.
“കരയല്ലേ മോളേ…നിങ്ങക്ക് ഞങ്ങളുണ്ട്. ദേ.. ഈ ഉമ്മയും ഈ ജുനൈദാത്തയും റഫീക്കിക്കയുമെല്ലാമുണ്ട്. കരയല്ലേ…മോളേ..”
തന്നാൽ കഴിയും വിധം ഷാഹിദ അവളെ ആശ്വസിപ്പിച്ചു. പിന്നീട് അവർ എഴുന്നേറ്റ് സലീമിന്റെ അരികിലെത്തി. അവന്റെ ശിരസിൽ മെല്ലെ തലോടി.