“മോനെ ..നീ ഇങ്ങനെ തളർന്നിരുന്നാൽ പറ്റൂല്ല. അബ്ദു പോയി. ഇനി നീയേയുള്ളൂ നിന്റെ ഇത്തയ്ക്ക് . നീ തളർന്നാൽ പിന്നെ അവളുടെ അവസ്ഥ എന്താവും ? ആരുമില്ലെന്നോർത്ത് നീ വിഷമിക്കരുത്. ഞങ്ങളുണ്ട്.” അതൊരു വെറും വാക്കല്ലെന്ന് അവനുറപ്പുണ്ടായിരുന്നു. ആ ഉറപ്പ് അവന് വല്ലാത്തൊരു ധൈര്യം നൽകി.
ഉച്ചയോടെ അബ്ദുവിന്റെ മൃതദേഹവുമായി ആംബുലൻസ് എത്തി.ഹോസ്പിറ്റലിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങിയത് റഫീക്ക് ആയിരുന്നു. അവൻ കാറിൽ ആംബുലൻസിനെ പിന്തുടർന്നു.
ഇടയ്ക്ക് ഒന്നുരണ്ടു തവണ മഴ പെയ്തു.അത് അധികനേരം നീണ്ടുനിന്നില്ലെങ്കിലും ആകാശം ഇരുണ്ടുകൂടി കിടന്നിരുന്നു.
ആർക്കുവേണ്ടിയും കാത്തിരിക്കാനില്ലാത്തതുകൊണ്ട് വൈകാതെതന്നെ ചടങ്ങുകളൊക്കെ തീർത്ത് അബ്ദുവിന്റെ ശരീരം പള്ളിപ്പറമ്പിൽ ഖബറടക്കി. അയൽക്കാരും പരിചയക്കാരുമൊക്കെ അവിടുന്നേ പിരിഞ്ഞുപോയി. വീട്ടിൽ സലീമും മുംതാസും പിന്നെ ഷാഹിദയും കുടുംബവും മാത്രം അവശേഷിച്ചു.
മുംതാസ് ഒരു കട്ടിലിൽ ചുരുണ്ടുകൂടി കിടപ്പുണ്ട്.അവളെ ആശ്വസിപ്പിക്കാൻ ഷാഹിദയും ജുനൈദയും ആവുംവിധം ശ്രമിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് കുട്ടി വിശന്നു കരഞ്ഞു. ബിസ്കറ്റും ഒരു ബോട്ടിലിൽ പാലും കരുതിയിരുന്നതുകൊണ്ട് കുട്ടിയുടെ വിശപ്പടക്കാൻ സാധിച്ചു.
ഇങ്ങനെയിരുന്നാൽ ശരിയാവില്ലല്ലോ എന്നോർത്ത് ഷാഹിദ അടുക്കളയിലേക്ക് പോയി. തലേ രാത്രിയിൽ ആരും അത്താഴം കഴിക്കാഞ്ഞതുകൊണ്ട് മൂടിവച്ചിരുന്ന പാത്രങ്ങൾ തുറന്നപ്പോൾ തന്നെ കേടായ ഭക്ഷണത്തിന്റെ ഗന്ധം അടുക്കളയിൽ നിറഞ്ഞു. എല്ലാം എടുത്ത് അടുക്കളവാതിൽ തുറന്ന് വടക്കേ മുറ്റത്തേക്ക് ഇറങ്ങുമ്പോഴേക്കും കുട്ടിയെ ഉറക്കി കിടത്തിയിട്ട് ജുനൈദയും എത്തി. രണ്ടാളും ചേർന്ന് പാത്രങ്ങളൊക്കെ കഴുകി അടുപ്പിൽ തീമൂട്ടി കഞ്ഞിക്ക് അരിയിട്ടു.
“ഇത് വേകുമ്പോഴേക്കും ഒരു സമയമാകും. ആ കുട്ടികള് രണ്ടും ഇന്നലെ രാത്രിയിലും പട്ടിണിയായിരുന്നു. മോള് പോയി റഫീക്കിനോട് ടൗണിൽ പോയി വല്ലതും വാങ്ങീട്ട് വരാൻ പറയ്…” “ശരിയുമ്മ…ഞാൻ പറയാം ” അവൾ പുറത്തേക്ക് നടന്നു.
ജുനൈദ ചെല്ലുമ്പോൾ മുറ്റത്തെ മാവിന്റെ ചുവട്ടിൽ ഇട്ടിരുന്ന ഒരു കസേരയിൽ ഇരിക്കുകയായിരുന്നു റഫീക്ക്. ജുനൈദ അവനോട് കാര്യം പറഞ്ഞു. അപ്പോൾ തന്നെ വീടിനു പിന്നിലെ ഇടവഴിയിൽ ഇട്ടിരുന്ന കാറുമെടുത്ത് അവൻ ടൗണിലേക്ക് പുറപ്പെട്ടു.
വണ്ടിയോടിക്കുമ്പോഴും അവന്റെ മനസ്സിൽ അബ്ദുവിനെക്കുറിച്ചുള്ള ഓർമ്മകൾ ഒരു വിങ്ങലായി നിറഞ്ഞു നിന്നിരുന്നു. താനും ഉമ്മയുമടങ്ങുന്ന കൊച്ചു കുടുംബത്തിൻ്റെ കഷ്ടപ്പാടുകളിൽ പലപ്പോഴും അബ്ദുക്ക ഒരു താങ്ങായിട്ടുള്ളത് അവനോർത്തു.ഉയർന്ന മാർക്ക് നേടി പ്ലസ് ടൂ പാസായെങ്കിലും മുന്നോട്ട് പഠിക്കാൻ നിവൃത്തിയില്ലാതെ പഠിത്തം നിർത്താൻ തീരുമാനിക്കുകയായിരുന്നു താൻ. എന്തെങ്കിലും പണിക്ക് പോയാലോ എന്നാലോചിക്കുമ്പോഴാണ് അടുത്തുള്ള ഇഷ്ടികക്കളത്തിന്റെ കാര്യം ഓർത്തത്. അവിടെ പോകാൻ തീരുമാനിച്ചപ്പോൾ മറ്റുവഴികൾ കാണാതെ സങ്കടത്തോടെ ഉമ്മ അനുവാദം നൽകി.