ബാലു : “ഞാൻ നിന്നെ വിളിച്ചിട്ടില്ലാ മോളേ” എന്നാണ്.
ശ്യാമ : “നിങ്ങൾ ഇന്നലെ കുടിച്ച് ഓവറായി ആ സുരഭി ബാറിന്റെ ജെങ്ഷനിലെ ഇലക്ട്രിക്ക് പോസ്റ്റിന് താഴെ മൂത്രമൊഴിച്ചത് സത്യമാണോ?”
ബാലു : “പൊയ്ക്കോണം വേണ്ടാദീനം പറയാതെ”
ശ്യാമ : “ഉള്ളതു പറഞ്ഞാൽ കള്ളിക്ക് തുള്ളൽ എന്നു പറഞ്ഞതു പോലാണല്ലോ?”
ബാലു : “ഞാൻ ഇന്നലെ കഴിച്ചു എന്നത് നേരാണ്.. പക്ഷേ നിന്നെ ഞാൻ വിളിച്ചിട്ടില്ല”
ശ്യാമ : “പിന്നെങ്ങിനെ ഞാൻ അറിയും ബാലമാമാ പിമ്പിരിയായിരുന്നൂ എന്ന്?”
ബാലു : “ആരെങ്കിലും നിന്നോട് പറഞ്ഞു കാണും”
ശ്യാമ : “എന്നോടാരും പറഞ്ഞില്ല”
ബാലു : “ശ്യാമേ മനുഷ്യന് സ്വൽപ്പം സൗര്യം തരുമോ? നിന്റെ തമാശയ്ക്ക് തുള്ളാനുള്ളതാ ഞാൻ”
ശ്യാമ : “ഒരു താമാശുമല്ല നഗ്നസത്യം, പകൽ പോലെ സ്പഷ്ടം”
ബാലു : “ഓഹോ വലിയ സാഹിത്യഭാഷയാണല്ലോ?”
ശ്യാമ : “എങ്കിലും ഇന്നലെ എന്നോട് പറഞ്ഞത്ര വരില്ല”
ബാലു : “എങ്കിൽ കേൾക്കട്ടെ നിന്റെ റിക്കാർഡിങ്ങ്”
ശ്യാമ : “അത് കേൾപ്പിക്കാം, ധൃതി പിടിക്കാതെ.. ആദ്യം ഞാൻ ചോദിക്കുന്നതിന് ഉത്തരം പറയ്? എന്തിനാ ഇന്നലെ വലിച്ചു കയറ്റിയത്?”
ബാലു : “അത് എന്റെ ഇഷ്ടം”
ശ്യാമ : “ഓഹോ?”
ബാലു : “ങാ”
ശ്യാമ : “എനിക്കീ സാധനത്തിന്റെ മണം പോലും ഇഷ്ടമല്ല” അവൾ ഒരു തത്വസംഹീത പറയുന്നതുപോലെ ആരോടെന്നില്ലാതെയാണ് അത് പറഞ്ഞത്.
ബാലു : “ഇഷ്ടപ്പെടണമെന്ന് ഞാൻ പറഞ്ഞോ?”
ശ്യാമ : “പറഞ്ഞാലും ഇഷ്ടപ്പെടില്ല”
ബാലു : “നീ അത് വിട്, കാര്യത്തിലേയ്ക്ക് വാ, റിക്കാർഡ് ചെയ്തത് കാണിക്ക്”
ശ്യാമ : “കാണിക്കാം”
ബാലു : “എന്നാ കാണിക്ക്”
ശ്യാമ : “പിന്നെ കാണിക്കാം ഇപ്പോ ജോലി എന്തെങ്കിലും തീർക്കാനുള്ളത് ചെയ്യ്, ദാ കളക്ഷനും ഡെലിവറി ചെയ്യേണ്ട ലിസ്റ്റും, സ്റ്റോക്കും എല്ലാം ഒന്നൂടെ നോക്കിക്കേ, നമ്മുടെ കഞ്ഞിയാണ് നമ്മുക്ക് മുഖ്യം. ജൽദി, ജൽദി”
അവൾ വിഷയം മാറ്റി തന്നെ വടിയാക്കുകയണെന്ന് ബാലുവിന് മനസിലായി. താൻ ഇന്നലെ ഒരു സുരഭി ബാറിന്റെ പരിസരത്തും പോയിട്ടുമില്ല. ഇനി പൂസുമൂത്ത് രാത്രി വണ്ടിവല്ലോം എടുത്ത് പോയോ?