ശ്യാമയുടെ വീടിന്റെ താഴ്ഭാഗത്തായുള്ള റോഡിൽ നിൽക്കുമ്പോൾ മുകളിലെ ഒതുക്കുകല്ലുകൾ ഇറങ്ങി സാരിചുറ്റി ഏതോ ഒരു സ്ത്രീ വരുന്നത് ബാലു കണ്ടു. അവൻ ദൃഷ്ടി മാറ്റി. അവളുവല്ലോം കണ്ടോണ്ട് വന്നാൽ ഏതവളേയാ ഈ വായിൽ നോക്കുന്നത് കണ്ടത് എന്നായിരിക്കും ചോദിക്കുക.
ശ്യാമ : “ഹേയ് ശൂ”
ബാലു മുഖമുയർത്തി നോക്കിയപ്പോൾ വഴിവിളക്കിന്റെ പ്രഭയിൽ സെറ്റും മുണ്ടും ധരിച്ച്, പിന്നിലേയ്ക്ക് പടർത്തിയിട്ട കാർക്കൂന്തലിൽ മുല്ലപ്പൂവും ചൂടി, അംഗോപാഗം അതിമനോഹരിയായ് ശ്യാമ!!
ബാലു ഒന്നുകൂടി നോക്കി.
ഇത് അവൾ തന്നെയാണോ?
ഇനി വല്ല സീരിയലും ഷൂട്ടിങ്ങ് നടക്കുന്നുണ്ടോ ഇവിടെ?
അല്ല ശ്യാമ തന്നെ.
ശ്യാമ : “എന്താ മാഷേ, എന്തെങ്കിലും കണ്ട് പേടിച്ചോ?”
ഒരു പെണ്ണിനെ കൂട്ടാൻ അപരിചിതമായ സ്ഥലത്ത് ചെന്ന് കുറ്റിയടിച്ച് നിൽക്കേണ്ടിവന്നതിനാൽ ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു എന്നത് സത്യം.!! കാര്യം അമ്പലത്തിൽ പോകുക എന്ന നല്ല കാര്യത്തിനിറങ്ങിയതാണെങ്കിലും സദാചാര ആങ്ങളമാർ തല്ലുതന്നു കഴിഞ്ഞായിരിക്കും വിശേഷം ചോദിക്കുക.
ബാലു : “ഏയ് നീ ഏത് ഭാഗത്തു നിന്നാണ് വരുന്നത് എന്നറിയാത്തതിനാൽ ഞാൻ നാലു പാടും നോക്കി നിൽക്കുകയായിരുന്നു”
ശ്യാമ : “കിളി പോയി നിൽക്കുകയായിരുന്നു എന്ന് സാരം”
ആ മാസ്മരീക സൗന്ദര്യ ദൃശ്യത്തെ നോക്കി ആ അവസരത്തിൽ അപശകുനം പറയാൻ തോന്നിയില്ല.
ബാലു : “കിളി വന്നല്ലോ?”
ശ്യാമ : “ഓഹോ കൊള്ളാമോ?”
ബാലു : “ഭയങ്കരം”
ശ്യാമ : “ഭയം അങ്കുരിപ്പിക്കുന്ന രൂപമെന്നാണോ അതോ ഈ സ്ഥലമോ?, പേടിക്കേണ്ട പാല മരമൊന്നുമില്ലാ ഇവിടെ”
ബാലു : “പക്ഷേ പാല പൂത്ത മണം തന്നെയാണ് നീ അടുത്തു വന്നപ്പോൾ”
ശ്യാമ : “കവിയായി മാറുമോ? അതോ പോന്നവഴിക്ക് രണ്ടെണ്ണം വീശിയോ?”
ബാലു : “എന്നെ ഒന്ന് വെറുതെ വിടാമോ?” ബാലു ചിരിച്ചു കൊണ്ട് അപേക്ഷിച്ചു.
ശ്യാമ : “ഹും കുറച്ച് ശിക്ഷ കൂടിയുണ്ട് അതു കഴിഞ്ഞ് വിട്ടേക്കാം”
ബൈക്കിന് പിന്നിൽ അവൾ ചേർന്നിരുന്നപ്പോൾ ബാലുവിന്റെ ഉള്ളിൽ അമ്പലത്തിലെ ജനസഞ്ചയം ഈ സുന്ദരിയേയും അവളോടൊപ്പം ക്ഷേത്രദർശനം നടത്താൻ ഭാഗ്യം ലഭിച്ച തന്നേയും അസൂയയോടെ നോക്കുന്ന മുഖങ്ങളായിരുന്നു.