ചേച്ചി എന്താ പറയേണ്ടത് എന്നോർത്ത് പരുങ്ങി.
“അവളുമാരും എന്റെ അടുത്തു നിന്നും വാങ്ങാറുണ്ട്..” അത്രയും പറഞ്ഞ് ചേച്ചി വീട്ടിലേയ്ക്ക് നടന്നു. അതിരിലെത്തിയപ്പോൾ എന്നെ ദൂരെ നിന്നും സ്വരമില്ലാതെ വിളിച്ചു..
“ബാ” ചുണ്ടുകൾ അനങ്ങുന്നത് മാത്രമേ ഞാൻ കണ്ടുള്ളൂ. ചേച്ചി അതിരിൽ നിന്നിരുന്ന ചെമ്പരത്തിയിൽ നിന്നും പൂക്കൾ പൊട്ടിച്ചു.
ഞാനും പിന്നാലേ ചെന്നു.
ചേച്ചി അവിടെ തന്നെ നിന്നും. അടുത്തെത്തിയതും …
“‘നിക്ക്’ വിഷമമായിപ്പോയല്ലേ?, സോറി”
“സാരമില്ല ചേച്ചി…” ഞാൻ മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല…
( ചേച്ചി സോറി എന്നോട് പറയുന്നതൊന്നും എനിക്കിഷ്ടമല്ല, എന്നും ചേച്ചിയാണ് ‘എന്റെ ഏറ്റവും വലിയ ശരി’.)
“നിന്റെ കുറുമ്പ് കൂടുന്നത് കണ്ട് കുറെ ദിവസമയി ഞാൻ ഓങ്ങിയിരിക്കുകയായിരുന്നു…” അതും പറഞ്ഞ് ചേച്ചി ഹൃദ്യമായ ഒരു കുസൃതി ചിരി ചിരിച്ചു.
“പക്ഷേ.. വേറെ ആരെങ്കിലും ആയിരുന്നേൽ എനിക്ക് വിഷമമില്ലായിരുന്നു”
ചേച്ചി കണ്ണിൽ നോക്കി അർത്ഥം വച്ചെന്നപോലൊരു ചിരി…
“എനിക്കെല്ലാം മനസിലാകുന്നുണ്ട്”
“എന്തോന്ന്”
“ഒന്നുമില്ല…”
ഞാൻ കൂടുതൽ ചോദിച്ചില്ല, ചേച്ചി പറയാൻ പോകുന്നത് “ചേച്ചിയോട് എനിക്ക് പ്രേമമാണ്” എന്നാണോ എന്നു കരുതി ഞാൻ ഭയപ്പെട്ടു.
ഞങ്ങൾ സംസാരിക്കാൻ എന്തൊക്കെയോ ബുദ്ധിമുട്ടുന്നതു പോലെ. എന്നെ തിരിച്ചു വിളിച്ചു കൊണ്ടുവരാൻ ചേച്ചി വന്നെങ്കിലും അത് വെറും സഹോദര സ്നേഹത്തിനും അപ്പുറമുള്ള ഒരു ബന്ധമാണെന്ന് ഇരുവർക്കും മാനസിലായ പ്രതീതി.
ഉള്ളിൽ ആ ഒരു ചമ്മൽ രണ്ടു പേർക്കും ഉണ്ട്. ചേച്ചി തരളിതയായ പോലെ. ആ വാക്കൊന്നും അന്ന് അറിയില്ല. അർത്ഥവും അറിയില്ല. ഇന്ന് ചിന്തിക്കുമ്പോളും അത് മാത്രമാണ് ചേരുന്ന വാക്കെന്നു തോന്നുന്നു.
അവരുടെ പറമ്പിലേയ്ക്ക് ഞങ്ങൾ കടന്നതും ചേച്ചി കുറേക്കൂടി ആർജ്ജവമുള്ളവളായതായ എനിക്ക് തോന്നി.
ദൂരെ മറ്റൊരു പറമ്പിൽ ഇവർക്ക് പമ്പും ടാങ്കും എല്ലാം ഉണ്ട്. ആ പറമ്പിലെ ജലസേചനത്തിനായാണ് അത് വച്ചിരിക്കുന്നത്. ആ തോട്ടം നനയ്ക്കാൻ അവിടെ ചെന്ന് മോട്ടർ ഓൺ ചെയ്യണമായിരുന്നു. എന്നെ ഒരിക്കലും അങ്ങോട്ടൊന്നും കൊണ്ടു പോകില്ലായിരുന്നു, എന്തെന്നാൽ അവരുടെ വീട്ടിലെ പണികൾ എന്തെങ്കിലും എന്നെക്കൊണ്ട് എടുപ്പിച്ചു എന്ന തോന്നൽ എന്റെ വീട്ടുകാർക്ക് വരുമോ എന്ന ഭയം ചേച്ചിയുടെ വീട്ടിലുള്ളവർക്കുണ്ടായിരുന്നു. ഞാൻ എന്തെങ്കിലും സഹായം ചെയ്താൻ താൽപ്പര്യം കാണിച്ചാൽ പോലും അവർ സമ്മതിക്കില്ലായിരുന്നു. എന്തിന് കടയിൽ നിന്നും സാധനങ്ങൾ മേടിക്കാൻ പോലും എന്നെ വിടില്ലായിരുന്നു.