“ജാച്ചൂമ്മാ …” മോളിയുടെ ശബ്ദം അവളെ ചിന്തയിൽ നിന്നുണർത്തി. ജാസ്മിൻ വേഗം അവളെ വൃത്തിയാക്കിയ ശേഷം അടുക്കളയിൽ കടന്നു … മോളി വീണ്ടും മാഷിന്റെയടുത്തേക്കും …
റൂം തുടയ്ക്കലും വൃത്തിയാക്കലും ഭക്ഷണം പാകം ചെയ്യലുമൊക്കെ ജാസ്മിൻ പെട്ടെന്ന് തീർത്തു. മാഷും മോളിയും കഥ പറച്ചിലുമായി സിറ്റൗട്ടിലായിരുന്നു. മുംതാസിന് ചായ കൊടുത്ത ശേഷം മുറിക്കു പുറത്തിറങ്ങുമ്പോഴാണ് ഷാനു ഉറക്കമെഴുന്നേറ്റു വരുന്നത് …
“നേരം ഉച്ചയാകാറായി … ” അവൾ കളിയാക്കി … പക്ഷേ എന്തുകൊണ്ടോ അവളുടെ നോട്ടം അവന്റെ മുഖത്തേക്ക് നീണ്ടില്ല …
“മോളിയെവിടെ ….”
” പുറത്തുണ്ട് ….” പറഞ്ഞിട്ട് അവൾ വേഗം അടുക്കളയിലേക്ക് തിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മാഷ് ജാസ്മിനെ വിളിച്ചു.
“മോളെ …. നാളെ മുംതാസിനെയും കൊണ്ട് ഞാൻ ബാംഗ്ലൂർക്ക് പോവുകയാണ് … എന്റെ ഒരു സുഹൃത്തിന്റെ മകൻ അവിടെ ഡോക്ടറാണ്. … ”
” ഞങ്ങളും വരട്ടെ … ”
” അത് വേണ്ട … അല്ലെങ്കിൽ തന്നെ നീ ഞങ്ങൾക്കു വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഞങ്ങളെ നോക്കാനുള്ളവർ പണമുണ്ടാക്കാനായി ഓടുന്നു … ”
“അങ്ങനെയൊന്നും പറയല്ലേ ഉപ്പാ…”
“അത് സാരമില്ല, കയ്യിൽ പണം ഇല്ലെങ്കിലും ചികിത്സിക്കണം , അപ്പോൾ പിന്നെ പണം വച്ചു കൊണ്ട് ചികിത്സിക്കാതിരിക്കുന്നതിൽ എന്തർത്ഥം?”
ജാസ്മിൻ വാക്കുകൾ കാതോർത്തു.
“നിനക്ക് ഓടി വരാൻ ഒരു സ്ഥലം ഇതേ ഉള്ളൂ എന്ന് എനിക്കറിയായ്കയല്ല, പിന്നെ ഷാനു മുതിർന്ന കുട്ടി ആയില്ലേ … ഒന്നു രണ്ടാഴ്ച പിടിക്കും ഞങ്ങൾ തിരിച്ചു വരാൻ ….”
“ഉം … ”
” രണ്ടു ദിവസം കൂടുമ്പോൾ ഇവിടെ വന്ന് ഒന്ന് വൃത്തിയാക്കിയിടണം… ചാവി ഞാൻ കടയിൽ ഏല്പിച്ചിട്ടു വിളിക്കാം … ”
” ശരി ഉപ്പാ…”
” ഭക്ഷണം അധികമൊന്നും ഉണ്ടാക്കി വെയ്ക്കണ്ട … നാളെ പുലർച്ചെ പോകും … ” പറഞ്ഞിട്ട് മാഷ് റൂമിലേക്ക് പോയി …
ഉച്ചയ്ക്ക് എല്ലാവരും കൂടെ ഇരുന്നാണ് ഭക്ഷണം കഴിച്ചത് … അതിനു ശേഷം മാഷിന്റെ നിർബന്ധം കാരണം ജാസ്മിനും കുട്ടികളും പോകാനിറങ്ങി … മുംതാംസിനോട് യാത്ര പറയുമ്പോൾ ജാസ്മിന്റെ മിഴികൾ നിറഞ്ഞിരുന്നു. അവരറിയാതെ അവൾ മിഴികൾ തുടച്ചു. മാഷ് സിറ്റൗട്ടിൽ പുഞ്ചിരിച്ച മുഖവുമായി അവരെ യാത്രയയക്കുമ്പോഴും ആ ഹൃദയ വ്യഥ എന്താണെന്ന് ജാസ്മിന് നന്നായറിയാമായിരുന്നു..