ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]

Posted by

” എന്താ മാഷെ വൈകിയത് …?”

” ഞങ്ങളങ്ങനെ ബീച്ചിലൊക്കെ പോയി അയ്യപ്പാ ..”

” ഞാൻ അങ്ങോട്ട് തിരഞ്ഞു വരാൻ ഇറങ്ങിയതാ … പിന്നെ എന്നെയവിടെ കയറ്റുമോ എന്ന സംശയത്തിൽ …..” അയ്യപ്പൻ തല ചൊറിഞ്ഞു …

“റസൂലിന്റെ മുന്നാൽ എല്ലാവരും സമൻമാരാണയ്യപ്പാ .. കുറേ തല തിരിഞ്ഞ പ്രമാണികളതു വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു വഷളാക്കി എന്ന് മാത്രം … ”

” അപ്പോൾ എന്താ ചെയ്യുക ? ഇന്ന് പോകണോ ?”

” ഇവിടുത്തെ ഈ കാറ്റും ഉപ്പുവെള്ളമൊന്നും മുംതാസിന് പിടിക്കുന്നില്ല … ”

” ഇവൻമാരുടെ നാട്ടിലെ രാത്രിയാത്ര അത്ര സുഖമുള്ള കാര്യമല്ല. എന്നാലും പോയേക്കാം മാഷേ ….” അയ്യപ്പൻ പറഞ്ഞു….

പിന്നെയെല്ലാം ഝടുതിയിലായിരുന്നു , ജാസ്മിൻ ഒന്ന് മേൽ കഴുകി വസ്ത്രം മാറി … മോളിയെ ടവ്വൽ കൊണ്ടു തോർത്തി. ഷാനു ഇട്ടിരുന്ന ഡ്രസ്സ് മാറി മറ്റൊന്നു ധരിച്ചു. മുംതാസുമ്മയേയും കൂട്ടി ജാസ്മിൻ ഇടനാഴിയിലെത്തുമ്പോൾ ഷാനു ബാഗുകളെല്ലാം പുറത്തുവെച്ചിരുന്നു. രണ്ടു റൂമുകളിലും അവസാനവട്ടം കൂടി എന്തെങ്കിലും മറന്നതുണ്ടോ എന്ന് നോക്കി അവൻ കയറിയിറങ്ങി … ശേഷം ഉറക്കം തൂങ്ങിയാടുന്ന മോളിയേയും കൂട്ടി പടികളിറങ്ങി ..

അയ്യപ്പൻ വണ്ടി തിരിച്ചിട്ടിരുന്നു. ജാസ്മിൻ മുംതാസുമ്മയെ സീറ്റിലിരുത്തി. ശേഷം ഉറക്കം തൂങ്ങുന്ന മോളിയേയും കൂട്ടി സീറ്റിലിരുന്നു … അഞ്ചു മിനിറ്റിനുള്ളിൽ മാഷും ഷാനുവും എത്തി. പുറത്തു നിന്നിരുന്ന അയ്യപ്പൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ..

മറ്റൊരു പുണ്യസ്ഥല സന്ദർശനമോ സ്ഥല സന്ദർശനമോ പ്ലാനിലില്ലാത്തതിനാൽ വീട്ടിലേക്കു തിരികെ പോവുക എന്നതായിരുന്നു ഏക ലക്ഷ്യം …

കോട്ടേജിന്റെ വളവു തിരിഞ്ഞ് ഹൈവേയിലേക്കുള്ള ലിങ്ക് റോഡിലൂടെ ഇന്നോവ ഓടിത്തുടങ്ങി …

“മനസ്സിനൊരു സന്തോഷം …” മുംതാസുമ്മ പറഞ്ഞു.

“വയസ്സായവരുടെ സന്തോഷമെന്നത് ഇങ്ങനെയുള്ള ചില യാത്രകളിൽ മാത്രമാണ് … ” മാഷ് പറഞ്ഞു.

“എനിക്കാണേൽ യാത്രയേ മടുത്തു… ” ഒരു ചിരിയോടെ അയ്യപ്പൻ പറഞ്ഞു.

“പക്ഷേ ജോലി മടുക്കാൻ പാടില്ല അയ്യപ്പാ …..” മാഷ് പറഞ്ഞു …

” അതില്ല മാഷേ …. എന്റെ അന്നമതല്ലേ …”

Leave a Reply

Your email address will not be published. Required fields are marked *