” ന്നാ …” അവൾ കയ്യിലിരുന്ന കുറിപ്പ് അവനു നേരെ നീട്ടി … ” പോയി വാങ്ങി വാ…” ഷാനുവിന്റെ മുഖം ഒന്ന് വാടിയത് അവൾ കണ്ടു .. എന്നാലും അവൻ കുറിപ്പ് വാങ്ങി മുറിയിലേക്ക് പോകാനൊരുങ്ങി ..
“ഡോക്ടറെ കാണേണ്ട കാര്യമൊന്നുമില്ല … വിളിക്കുമ്പോൾ കേൾക്കുന്നുണ്ട് … ” അർത്ഥം വെച്ച് പറഞ്ഞിട്ട് അവൾ തിരിഞ്ഞു .. വാതിൽപ്പടിയിൽ എത്തിയ ഷാനു അതു കേട്ട് തിരിഞ്ഞു നോക്കിയപ്പോഴേക്കും ജാസ്മിൻ ഹാളിൽ നിന്ന് റൂമിലേക്ക് പോയിരുന്നു ..
വസ്ത്രം മാറി ഷാനു തരുവണയിലേക്ക് പോയി. പനി വിട്ടിറങ്ങിയ മോളി ജാസ്മിനോട് ചോദിച്ചു മേടിച്ച് ഒരു കപ്പ് ചായയുമായി നേരെ ടി.വിയ്ക്കു മുൻപിലേക്കു വന്നു… ഡോറ കളി തുടങ്ങി. ഒരു പനിയിൽ മോളിയുടെ വിസ്മൃതിയിലാണ്ടു പോയ പാവക്കുട്ടി, സെറ്റിയുടെ അടിവശത്തിരുന്ന് ഡോറയെ ആദ്യമായി കണ്ടു. ജാസ്മിൻ ബണ്ണും റസ്ക്കുമായി മോളിക്കടുത്തേക്ക് വന്നു. ടി.വി കാണുമ്പോൾ മാത്രമേ വല്ലതും അവൾ കഴിക്കൂ എന്നറിയാവുന്ന ജാസ്മിൻ ചായയിലും, ചൂടുവെള്ളത്തിലും മുക്കി അവൾക്ക് റസ്ക്കും ബണ്ണും കൊടുത്തുകൊണ്ടിരുന്നു … അപ്പോഴേക്കും ഷാനു എത്തി .. അവൻ പെട്ടെന്ന് എത്തിയല്ലോ എന്ന് അവളോർത്തു.
രണ്ട് ചെറിയ സഞ്ചിയിലുള്ള സാധനങ്ങളുമായി ഹാൾ കടന്ന് അവൻ അടുക്കളയിലേക്ക് പോയി .. മോളി മതിയെന്നു പറഞ്ഞപ്പോൾ ജാസ്മിൻ എഴുന്നേറ്റു .. അവൾ അടുക്കളയിലേക്ക് ചെന്നു.. പൊടികളൊക്കെ ശ്രദ്ധയോടെ അതാതിന്റെ ഡപ്പകളിലേക്ക് പകർത്തുകയായിരുന്നു അവനപ്പോൾ …
” അപ്പോൾ നേരത്തെ വരാനും അറിയാം … ” അവനെ കടന്ന് ബാക്കി വന്ന റസ്ക്കും ബണ്ണും അടച്ചു വെക്കുന്നതിനിടയിൽ അവൾ , അവന് മുഖം കൊടുക്കാതെ പറഞ്ഞു …
” പോന്ന വഴിക്ക് ഡോക്ടറെ കാണിച്ചുമ്മാ , ചെവിക്ക് നോ പ്രോബ്ലം … മാത്രമല്ല, കേൾവിശക്തി കൂടുതലാന്ന് … ”
അവൾ മനസ്സിലാകാതെ അവനെ നോക്കി തിരിഞ്ഞു ..
” അതായത്, മനസ്സിന്റെ വിളി വരെ കേൾക്കാൻ ശേഷി ന്റെ ചെവിക്കുണ്ടെന്ന് പറഞ്ഞു. ” അവള നോക്കാതെ ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണവൻ പറഞ്ഞത് .. ജാസ്മിന്റെ ഹൃദയത്തിൽ പ്രണയ വർഷം തുടങ്ങി …