“വെളിച്ചം വേണ്ട!”
അവൾ പറഞ്ഞു.
“എനിക്ക് ഇരുട്ടാണ് ഇഷ്ടം!”
പ്രേം കുമാറിന് ഒന്നും മനസിലായില്ല.
“ലാവണ്യ…?”
“ഇരുട്ടാണ് എനിക്കും എന്റെ കൂട്ടുകാർക്കും ഇഷ്ടം!”
“കൂട്ടുകാരോ?”
അയാൾ ഭയന്നു ചോദിച്ചു.
“നീയെന്താ ഈ പറയുന്നേ?”
“അതെ കൂട്ടുകാർ..മരിച്ചവർ ..മരിച്ച് അലയുന്നവർ …”
“നീയെന്താ കരുതിയെ? ഈ പിച്ച് കേട്ടിട്ട് ഞാൻ പേടിച്ചുപോകുമെന്നോ?”
“പേടിക്കണം”
അവൾ അയാൾക്ക് നേരെ അടുത്തു.
“ഇന്ന് നീ പേടിക്കും…”
അവൾ അൽപ്പം കൂടി അയാളോടടുത്തു.
“ഓർക്കുന്നുണ്ടോ, നിന്റെ കാറിൽ കയറുമ്പോൾ ഞാൻ എന്താ പറഞ്ഞെ?”
പ്രേം കുമാർ ഓർത്ത് നോക്കി.
“എന്റെ കാറ് കേടായി. കുറെ നേരമായി ഞാൻ പല വണ്ടിക്കും കൈകാണിച്ചു! ഒരുത്തനേലും ഒന്ന് നിർത്തണ്ടേ!”
അതെ, അങ്ങനെയാണ് അവൾ പറഞ്ഞത്!
എന്നിട്ട് അയാൾ അത് അവളോട് പറഞ്ഞു.
“യെസ് ..ഞാൻ പറഞ്ഞത് അതുതന്നെയാണ്! പക്ഷെ ഞാൻ നിന്നിടത്ത് ഏതെങ്കിലും വണ്ടി കിടപ്പുണ്ടായിരുന്നോ?”
അത് കേട്ട് അയാൾഒന്നമ്പരന്നു!
നിറയെ പൂത്തു നിന്ന ദേവദാരു.
അതിന്റെ ചുവട്ടിൽ അവൾ.
മറ്റൊന്നുമുണ്ടായിരുന്നില്ല.
“ഒറ്റയ്ക്ക് ആയിരുന്നു ഞാൻ…”
അവൾ തുടർന്നു.
“നിന്നോട് പറഞ്ഞു, എന്റെ വീട് അൽപ്പം ദൂരെയാണ് എന്ന്. ഒറ്റയ്ക്ക് ഒരു പെണ്ണിനെ കാണുമ്പൊൾ സമൂഹം ആദരവോടെ നോക്കിക്കാണുന്ന നിന്നനെപ്പോലെയുള്ളവർ ചെയ്യേണ്ടത് എന്താ? അവളെ വീട്ടിൽ കൊണ്ടുപോയാക്കുകയെന്നതല്ലേ? എന്നിട്ട് നീയിപ്പോൾ ചെയ്തതെന്താ? നീ ഒറ്റയ്ക്ക് താമസിക്കുന്ന ഈ വീട്ടിലേക്ക്, രാത്രിയാകാൻ പോകുന്ന ഈ സമയം എന്നെ കൂട്ടിക്കൊണ്ട് വന്നിരിക്കുന്നു…വീട്ടിലുണ്ടായിരുന്ന ജോലിക്കാരനെ പുറത്തു വിട്ടിരിക്കുന്നു!”
അവളുടെ ശാസത്തിലെ തണുപ്പ് തന്നെ മരവിപ്പിക്കുന്നത് പോലെ അയാൾക്ക് തോന്നി.