“എന്തിനാ നീയെന്നെയിങ്ങോട്ട് കൊണ്ടുവന്നത്? അറിയോ നിനക്ക് മൂന്ന് മാസങ്ങൾക്ക് മുമ്പ് ഞാൻ അവിടെത്തന്നെ നിന്നിരുന്നു…ഊരും പെരുമൊന്നുമറിയാത്തവളായി…പലരോടും സഹായം ചോദിച്ചു…. ഞാൻ നിന്നോട് ലിഫ്റ്റ് ചോദിച്ചു…നീ സഹായിക്കാം എന്നും പറഞ്ഞ് എന്നെ കാറിൽ കയറ്റി …എന്നിട്ട് ..എന്നിട്ട് ..അറിയില്ലേ അറിയില്ലേ പിന്നീട് എന്താണ് ഉണ്ടായേന്ന്? അവളാണ് ഞാൻ!”
ആ ചോദ്യംകേൾക്കാൻ പ്രേം കുമാർ വെളിച്ചമില്ലാത്ത ആ വീട്ടിൽ നിൽക്കുന്നുണ്ടായിരുന്നില്ല.
നിലം പൊത്തി!
പിമ്പിൽ കിടന്ന സോഫയിലേക്കാണ് പക്ഷെ കുഴഞ്ഞ് വീണത്.
“സാർ!”
അത് കണ്ട് ലാവണ്യ ഉറക്കെ വിളിച്ചു.
പക്ഷെ പ്രേം കുമാർ വിളി കേട്ടതേയില്ല.
ലാവണ്യ പെട്ടെന്ന് ബാഗിൽ നിന്ന് ഫോണെടുത്തു.
ഡയൽ ചെയ്തു.
“ആഹ്! വക്കച്ചൻ സാർ!”
അവൾ ആഹ്ലാദത്തോടെ വിളിച്ചു.
“പ്രേം സാറ് പറഞ്ഞതില്ലാരുന്നോ ഒഡീഷനിൽ അഭിനയിക്കുമ്പം സാറിനെ ശരിക്ക് പേടിപ്പിക്കുന്നയാൾക്ക് അടുത്ത പടത്തിൽ ഹീറോയിന്റെ റോൾ തരുമെന്ന്! എന്ത്? പേടിച്ചോന്നോ? പേടിച്ച് ബോധം കെട്ടു! ആ ബോധം കെട്ട് നിലത്ത് വീണു…എന്താ? എന്താ അഭിനയിച്ചേന്നോ? മൂന്ന് മാസംമുമ്പ് റേപ്പ് ചെയ്യപ്പെട്ട ആപെണ്ണില്ലേ?നമ്മള് മുമ്പേ ടി വിയിൽ കണ്ടത്? ആഹ്! അതുതന്നെ! അവളുടെ പ്രേതമായി അങ്ങ് അഭിനയിച്ചു! പ്രേം സാറ് ദേണ്ടെ ഫ്‌ളാറ്റ്!!”
അതും പ്രേം കുമാർ കേൾക്കുന്നുണ്ടായിരുന്നില്ല.
മണിക്കൂറുകൾക്ക് ശേഷം നഗരത്തിലെ ഏറ്റവും മുന്തിയ ഡോക്റ്റർ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുറിച്ചു:
“….ഡൈഡ് ഡ്യൂ റ്റു നേർവസ്സ് ബ്രെക്ക് ഡൌൺ….”