ഊരാക്കുടുക്ക് 01 [അർജ്ജുൻ ദേവ്]

Posted by

ഊരാക്കുടുക്ക് 01

Oorakudukku Part 1 | Author : Arjun Dev


 

“”..കാര്യങ്ങളങ്ങനാണേൽ പിന്നെ നമുക്ക് മോളെ വിളിയ്ക്കാമല്ലേ..??”””_ തിരിഞ്ഞും മറിഞ്ഞുമിരുന്ന് ഓരോരുത്തരോടും വർത്താനം പറയുന്നതിനിടയിൽ സമയംകണ്ടെത്തി വേണുവങ്കിൾ സദസ്സിലെല്ലാവരോടുമായി ചോദ്യമിട്ടതിന്,

 

“”..പിന്നെന്താ.. അതല്ലേലും മോളെക്കാണാൻ തന്നാണല്ലോ ഞങ്ങളുവന്നത്..!!”””_ എന്നായിരുന്നു വല്യച്ഛൻറെ മറുപടി.. എന്നിട്ടെന്തോ വലിയ തമാശപറഞ്ഞമട്ടിൽ അട്ടഹസിച്ചു ചിരിയ്ക്കുകയും ചെയ്തു.. പിന്നെ പറയണോ മാണിക്കോത്ത് തറവാടുമുഴുവൻ ആ ചിരിയിൽ പങ്കുചേർന്നു.. എന്തു തേങ്ങ കേട്ടിട്ടാണോയെന്തോ..??!!

 

“”..ഭദ്രേ.. നീയെന്നാ മോളെ വിളിച്ചോ..!!”””_ വല്യച്ഛൻപറഞ്ഞ കോമഡിയുടെ ബാക്കിപത്രമായി അവശേഷിച്ചചിരി മുഖത്തുനിന്നും മായ്ക്കാതെതന്നെ വേണുവങ്കിൾ പിന്നിലായിനിന്ന ഭാര്യയോടുപറഞ്ഞു.. അവരപ്പോൾത്തന്നെ അതിനു  തലകുലുക്കിക്കൊണ്ടകത്തേയ്ക്കു നടക്കുകയുംചെയ്തു.. പിറകേ രണ്ടു പെണ്ണുങ്ങളുംകൂടി…

 

അപ്പോഴാണടുത്തിരുന്ന ജൂണ എന്റടുത്തേയ്ക്കായി തലചെരിച്ചത്…

 

“”..എടാ.. സത്യത്തിലെനിയ്ക്കേ അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ; ഒരു പെണ്ണുകാണൽ ചടങ്ങിനെനന്തിനാടാ ഇത്രേമാൾക്കാർ..??”””_ എനിയ്ക്കു വീട്ടീന്നു പുറപ്പെട്ടപ്പോഴേ തോന്നിയസംശയം ജൂണയ്ക്കപ്പോഴാണു തോന്നിയിട്ടുണ്ടാവുക.. ചുറ്റുമിരുന്നവരെ കണ്ണോടിച്ചുകൊണ്ട് അതെന്നെ തോണ്ടിയവൾ ചോദിച്ചപ്പോൾ ആകെക്കൊണ്ട് പൊളിഞ്ഞുനിന്ന ഞാൻ,

 

“”..കാശിൻറെ കഴപ്പ്..!!”””_ എന്നൊറ്റവാക്കിൽ മറുപടിയൊതുക്കി.. കേട്ടതും തികട്ടിവന്ന ചിരിയൊതുക്കാനായവൾ പണിപ്പെടുമ്പോഴാണ് അച്ഛന്റെയടുക്കലായിരുന്ന അമ്മയുടെ സ്വരംകേൾക്കുന്നത്;

 

“”..മോളെന്താ അവിടെത്തന്നെ നിന്നുകളഞ്ഞത്.. നാണിച്ചുനില്ക്കാതെ ഇങ്ങോട്ടുവന്നെല്ലാർക്കും ചായകൊടുക്ക് മോളെ..!!”””_ ലിവിങ്ങ് റൂമിലേയ്ക്കുള്ള എൻട്രൻസിൽ ചായയടങ്ങിയ ട്രേയുമായി പതുങ്ങിനിന്ന പെണ്ണിനോടായി അമ്മപറഞ്ഞു… ഉടനേ പിന്നിലായിനിന്ന അവൾടെയമ്മ പയ്യെയൊന്നു തള്ളി…

 

“”..ഇതു കുറേയുണ്ടല്ലോ… ഇങ്ങനെ താങ്ങിപ്പിടിച്ച് ഓരോരുത്തർക്കും കൊണ്ടോയി കൊടുക്കുന്നേലും നല്ലത് വല്ല കലത്തിലുമൊഴിച്ച് അവിടെവല്ലതും വെയ്ക്കുന്നതല്ലായിരുന്നോ..??”””_ പെണ്ണിന്റെ കയ്യിലിരുന്ന ട്രേയിൽനോക്കിയുള്ള ജൂണയുടഭിപ്രായം… പിന്നെ തിരിഞ്ഞെന്നെനോക്കി;

 

“”..ഇതുങ്ങൾക്കെല്ലാത്തിനും കൂടെ ചായയിടാൻ പാല് ടാങ്കറിലടിച്ചിട്ടുണ്ടാവണോല്ലോ..!!”””_ ന്ന് പിറുപിറുത്തുകൊണ്ട്

കയ്യിലിരുന്ന ലഡ്ഡു പാതി കടിച്ചുപറിച്ചു.. അതിനിടയിൽ ഞാനവളെ രൂക്ഷമായി നോക്കുന്നതവളു കാണുകയുംചെയ്തു… ഉടനേയൊന്നിളിച്ചു കാട്ടി,

 

“”..എടാ.. നീ ടെൻഷനാവാതെ.. നമുക്കു സെറ്റാക്കാന്ന്.. നമ്മളിതാദ്യത്തെയൊന്നുവല്ലല്ലോ..!!”””_ ന്ന് തുടയിൽത്തട്ടി എന്നെ സമാധാനിപ്പിച്ചശേഷം മുഖമുയർത്തിയ അവളുടെകണ്ണുകൾ എന്തിലോ ഉടക്കിനിന്നതുപോലെ എനിയ്ക്കുതോന്നി.. ആ കണ്ണുകളൊന്നു തിളങ്ങിയോ..?? അതോ അത്ഭുതമാണോ..?? അറിയില്ല.! പക്ഷേയാ കണ്ണുകൾ പതിവില്ലാത്തതെന്തോ കണ്ടെന്നതുപോലെ വിടർന്നിരിയ്ക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *