ഊരാക്കുടുക്ക് 01 [അർജ്ജുൻ ദേവ്]

Posted by

 

“”..അറിയാം.! പക്ഷേ ഇതല്ലാതെ ഞാനെന്താടീ ചെയ്ക..?? അവളേയുംകൊണ്ടെങ്ങോട്ടെങ്കിലും പോകാന്നുവെച്ചാൽ ഈ സാഹചര്യത്തിലവൾക്കതിന് പറ്റോന്നു തോന്നുന്നില്ല.. അല്ലേൽത്തന്നെ ആശുപത്രികിടക്കയിൽ കിടക്കുന്ന അമ്മയെവിട്ടിട്ട് എന്റൊപ്പം വരണമെന്ന് ഞാനെന്തർത്ഥത്തിലാടീ പറക..??”””_ ഞാനവളുടെ മുഖത്തേയ്ക്കു നോക്കി.. അവൾക്കും മറുപടിയില്ല.. അപ്പോൾ ഞാൻ തുടർന്നിരുന്നു;

 

“”..പിന്നെ എനിയ്ക്കൊരു പെണ്ണിനെയിഷ്ടമാണ്.. അവളേ കെട്ടുള്ളൂന്ന് നെഞ്ചുംവിരിച്ചുനിന്ന് പറഞ്ഞൂടേന്നുചോദിച്ചാൽ അതിനു ധൈര്യമില്ലാഞ്ഞിട്ടല്ല.. പക്ഷേ അതുപറഞ്ഞുകഴിഞ്ഞാൽ അതാരാണെന്നു പോലും പറഞ്ഞില്ലെങ്കിൽക്കൂടിയും  പിന്നെനിയ്ക്കവളെ ജീവനോടെ കിട്ടില്ല.. തിരിഞ്ഞുപിടിച്ചവരവളെ കുടുംബത്തോടെ കൊന്നു കുഴിച്ചുമൂടും..  അങ്ങനെയുള്ളപ്പോൾ ഇതല്ലാതെ ഞാനെന്താടീ ചെയ്യുന്നേ..?? നിനക്കുമറിയാവുന്നതല്ലേ എല്ലാം..??”””_ അതുചോദിയ്ക്കുമ്പോൾ എൻറെ ശബ്ദം ചിലമ്പിച്ചിരുന്നു..

 

“”..പാർത്ഥീ.. ഞാൻ നിന്നെ കുറ്റപ്പെടുത്തീതല്ലടാ.. ഇതൊക്കെ എനിയ്ക്കറിയാവുന്നതുമാ.. പക്ഷേ മുന്നോട്ടാലോചിയ്ക്കുമ്പോൾ ഒരെത്തുംപിടിയും കിട്ടുന്നില്ല.. എത്രനാളാടാ നമ്മളിങ്ങനെ മുന്നോട്ടുപോണേ..?? കല്യാണം മുടങ്ങാനുള്ളകാരണം ഏതെങ്കിലുമൊരുത്തി വീട്ടിൽപ്പറഞ്ഞാൽ മതി, അവിടെത്തീരും നമ്മൾ.. പിന്നിത്ത്രേംനാള് നമ്മളവരെ പറ്റിയ്ക്കുവാണെന്നു കൂടിയറിഞ്ഞാൽ പിന്നെന്താ സംഭവിയ്ക്കാൻ പോണേന്ന് ഞാൻപറയണ്ടല്ലോ..!!”””

 

“”..ഏയ്.! ജൂണാച്ചീ.. നീയതുവിടടീ.. ഇപ്പെന്തായാലും അതിനൊരു തീരുമാനമായില്ലേ.. ഇനിയിപ്പോൾ അടുത്തതു വരുമ്പോഴല്ലേ.. അതപ്പൊ നോക്കാന്നേ..!!”””_ അവൾടെ കൈയ്ക്കിട്ടൊരു ഇടിയുംവെച്ച് പറഞ്ഞതും അവളൊന്നുചിരിച്ചു..

 

“”..ആൽഫാ ഗ്രൂപ്പ്സിന്റെ എംഡി പാർത്ഥിവ് വിശ്വനാഥൻറെ അവസ്ഥനോക്കണം.. പുറമേ നിന്നു നോക്കുന്നവർക്ക് എന്തിന്റെ കുറവാ.. എന്നിട്ടവൻ കണ്ട പെണ്ണുങ്ങൾടെ കാലുംപിടിച്ചു നടക്കുവാ.. എന്നെ ഇഷ്ടമല്ലെന്നു പറയണേന്നുംപറഞ്ഞ്.. യോഗംതന്നപ്പാ..!!”””_ എന്നെനോക്കി ആക്കിച്ചിരിയ്ക്കുന്നതിനിടയിൽ അവളാപറഞ്ഞതിന് നോക്കി കണ്ണുരുട്ടാനേ എനിയ്ക്കു തരമുണ്ടായുള്ളൂ.. അല്ലേൽത്തന്നെ സത്യംപറയുമ്പോൾ മുണ്ടുപൊക്കി കാണിയ്ക്കാൻ പറ്റില്ലല്ലോ..

 

പിന്നെയുമവൾ ഓരോന്നുപറഞ്ഞു വാരിയെങ്കിലും എൻറെ മനസ്സപ്പോഴേയ്ക്കും പല്ലവിയിലേയ്ക്ക് ചാഞ്ഞിരുന്നു..

 

കോളേജിൽവെച്ചാണ് ആദ്യമായവളെ കണ്ടുമുട്ടുന്നത്.. ആദ്യം വെറും സൌഹൃദമായി തുടങ്ങിയബന്ധം പിന്നീടെപ്പോഴോ പ്രണയത്തിലേയ്ക്കു വഴിമാറി.. എന്നാലന്നൊന്നും സമ്പത്തും കുടുംബമഹിമയും അച്ഛൻറെ പേരിനുപിന്നിലെ വാലും നമ്മളെ ഒന്നിപ്പിയ്ക്കുന്നതിന് വിലങ്ങുതടിയാകുമെന്ന് കരുതിയിരുന്നില്ല..

 

“”..മാണിക്കോത്ത് തറവാട്..!!”””_ കറുപ്പിൽ സ്വർണ്ണ നിറമുള്ള അക്ഷരങ്ങളാൽ ആലേഖനംചെയ്തിരിക്കുന്ന നെയിംബോർഡിൽ നോക്കി നീട്ടിവായിച്ചിട്ട് ജൂണ എന്നെനോക്കി ആക്കിയൊന്നു ചിരിച്ചു.. അതിനവളെനോക്കി കണ്ണുതുറിപ്പിച്ചശേഷം വണ്ടി പോർച്ചിലേയ്ക്കു കയറ്റിയിട്ട് ഞാൻ തറവാട്ടിന്റെ വിശാലമായ വരാന്തയിലൂടെ അകത്തേയ്ക്കു കേറി.. കൂടെ ജൂണയുമുണ്ട്..

 

“”..ഇതെങ്കിലും നന്നായിത്തന്നെ നടന്നാൽ മതിയായിരുന്നൂ ദേവീ.. എന്റെ കുഞ്ഞിന്റെ ഇതെത്ര കല്യാണമെന്നുവെച്ചാ മുടങ്ങുന്നേ.. അതും ഫോട്ടോ കണ്ടിഷ്ടമായിവിളിച്ച് പെണ്ണുകണ്ടശേഷവും..!!”””_ ഹോളിലേയ്ക്കു കേറിയതും മുത്തശ്ശിയുടെ പതംപറച്ചിലാണ് കേൾക്കുന്നത്.. അതുകേട്ട് ഉള്ളാലെ ചിരിച്ചുകൊണ്ട് ഞാനകത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *