“” അതെന്താ ഡോക്ടർ അങ്ങനെ പറഞ്ഞെ.. “” അവൾ ധൃതിയിൽ വെളിയിലേക്ക് വന്നു.
“” അതങ്ങനെ ആയോണ്ട്…! “”
പിന്നെ ഞങ്ങൾ ഒന്നും തന്നെ മിണ്ടിയിരുന്നില്ല. ഞങ്ങൾക്കിടയിലെ സംസാരങ്ങൾ ഒതുക്കാൻ ഞാൻ പ്രത്യകം ശ്രദ്ധിച്ചിരുന്നു.അവൾ കിടക്കാൻ ഒരുങ്ങുമ്പോൾ ഞാൻ മുറിയിൽ കയറി കതക് അയച്ചിരുന്നു. ഓർമ്മകളെ പുൽകി ഗൂഢമായ ഇരുട്ടിന്റെ ആഴങ്ങളിൽ പകച്ചു നിൽക്കാൻ ഞാൻ മുന്നൊരുക്കം കൂട്ടി,.
***************************
“” ഹേയ് യു.. ഉറക്കം ഒക്കെ എങ്ങനെ..?? “”
കണ്ണും ചിമ്മി അടുക്കളയിലേക്ക് കയറി വന്ന തനിഹയെ കണ്ടു ഞാൻ കയ്യിൽ ഉണ്ടായിരുന്ന കോഫി അവൾക്ക് നേരെ നീട്ടി,
“” ബ്രഷ് ചെയ്യാതെ ഞാൻ കോഫി കുടിക്കില്ല..””
നീട്ടിയ കോഫിയവൾ കയ്യിലേക്ക് വാങ്ങി മറുപടി നൽകി.
”’ ഓഹ്.. അങ്ങനെയാണോ.. പക്ഷെ എനിക്ക് അങ്ങനെ അല്ലാട്ടോ… അല്ലേൽ തന്നെ പല്ലൊക്കെ തേച്ചു വന്നിത് കുടിക്കുമ്പോളത്തേക്കിനും കോഫിയുടെ രുചിയങ് പൊകുലേ.. ഇത് ആ എണ്ണിറ്റ് വരുന്ന വരവില് കുടിക്കണം അഹ്.. അന്തസ്സ്… “”
ഞാൻ ഗ്ലാസ്സ് ചുണ്ടോടാടുപ്പിച്ചു, അവൾ കാണാനായി ഒരിറക്ക് കുടിച്ചതും അവളും കോഫി കയ്യിലേക്ക് എടുത്ത് ചുണ്ടോട് ചേർത്തു.
“” എങ്ങനെയുണ്ട്… മറ്റേതിലും ബെറ്റർ അല്ലെ.. “”
അവളത്തിന് തലകുലുക്കി. അവളിപ്പോ ഓർക്കുന്നത് ഇവൻ എന്തൊരു ഡോക്ടർ അട എന്നായിരിക്കും.. അടിക്കുമ്പോൾ വെള്ളം തീർന്നാൽ പൈപ്പ് വെള്ളം ചേർത്തടിക്കുന്ന ന്നോട്.. ഹ്മ്മ്.
“” പോകണ്ടേ.. ഇനിയിപ്പോ താൻ ഹോസ്റ്റലിലേക്ക് പോകാൻ നിക്കണ്ട, ഇവിടുന്ന് നേരിട്ട് പോകാം ഹോസ്പിറ്റലിൽ.. ന്തേ… “”
“” മ്മ്.. അല്ല ഡോക്ടറെ ഡ്രസ്സ്… “” അവൾ വീണ്ടും പരുങ്ങലോടെ ന്നെ നോക്കാതെ പറഞ്ഞു.
“” അതിൽ നിന്ന് ഒന്നെടുത്തോ.. ഏതായാലും ഇന്നൊരു ദിവസത്തേക്കല്ലേ..!””
പിന്നെ ഞങ്ങൾ രണ്ടാളും റെഡി ആകാൻ തീരുമാനിച്ചു. സാദാരണ ഒറ്റക് ഉള്ളപ്പോ ഒന്നും രാവിലെ ഉണ്ടാകാറില്ല.. വഴിയിലെ മുത്തുപ്പാണ്ടി അണ്ണന്റെ കടയിലെ ചൂട് മസാല ദോശ ആയിരിക്കും പതിവ്. വെളിയിൽ നിന്ന് ഫുഡ് കഴികാം ന്നുള്ള തീരുമാനത്തിൽ ഞങ്ങൾ വെളിയിലേക്ക് ഇറങ്ങി.
***********************
സിദ്ധാർഥ് ഹോട്ടലിൽ വണ്ടി നിർത്തി ഇറങ്ങുമ്പോൾ ദൂരെ സ്റ്റാർട്ട് ആക്കിയിട്ടിരുന്ന കാറിൽ നിന്നും രണ്ട് കണ്ണുകൾ അവനെയും അവന്റെ കൂടെ ഉള്ള തനിഹയെയും നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് ആ കാർ പൊടിയും പറത്തി മുന്നോട്ടേക്ക് കുതിച്ചു.