************************
മദ്യം… ഇതാണ് ഇവന്റെ കുഴപ്പം പഴയതെല്ലാം തികട്ടിയെടുത്തോണ്ടിരിക്കും.. ആ മുഖം ഓർമ്മകളിൽ വീണ്ടും വന്നതും ഉള്ളൊന്ന് പിടഞ്ഞു,
അവൾ തന്നിട്ട് പോയ ചില ശീലങ്ങൾ അവയെന്നെ വീണ്ടും വീണ്ടും അവളുടെ ഓർമകളിലേക്ക് കൊണ്ടെത്തിക്കുന്നു. ഞാൻ ആ പെണ്ണിനോട് ഒരു സോറി പറയാനായി തിരിഞ്ഞതും ന്റെ നടത്തം നോക്കിയവൾ പുറകെ ഉണ്ട്, ഇവളിത് എങ്ങോട്ടാണോ..??
“” തനിഹ… താനിത് എങ്ങോട്ടാ..?? “” കുറച്ച് ദൂരമായി അവൾ എനിക്ക് പിന്നിലായി വരുന്ന്.ഞാൻ കാര്യം തിരക്കി, അവൾ ഒന്നുമില്ലെന്ന് പറഞ്ഞു തോളനക്കി. ഞാൻ നടത്തം നിർത്തി അവിടെ ഇരിക്കാനായി ഉണ്ടാക്കിയ സിമന്റ് ബെഞ്ചിന്റെ അടുത്തേക്ക് നടന്നു,
“” മറ്റൊരുവളെ ഉള്ളിലിട്ട് നടക്കുന്ന ഒരാളോടൊപ്പം ജീവിക്കാൻ നിക്ക് ഇനി കഴിയില്ല.. നമ്മക്ക് പിരിയാം.. അത്പോലെ മോളെ ഞാൻ വിട്ട് തരില്ല, അവൾ അവളുടെ അച്ഛനെ കണ്ട് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. “”
കാതിലെങ്ങോ ഉരുവിട്ട് കേൾക്കുന്ന അവളുടെ സ്വരം ന്നെ അസ്വസ്ഥനാക്കി, ഞാൻ തല കുമ്പിട്ടു,
ഒരു കൈ ന്റെ തലയിൽ ഒരു താങ്ങായി വന്നെന്നെ തഴുകി, പെട്ടെന്ന് ഞാൻ സോബോധത്തിലേക്ക് വന്നു. എനിക്ക് ആരുടെയും കരുണയോ, സഹാനുഭൂതിയോ ആവശ്യമില്ല, കാരണം എന്റെ ദുഃഖങ്ങളെല്ലാം എനിക്കുള്ളതാണ്, അവയുടെ മുറിവുണങ്ങാത്ത വൃണം അതെന്നിലാണ്.
ഞാൻ കുറച്ചു അകന്നിരുന്നു. ദൂരെ കണ്ട ഒരു ചെറുക്കടയിലേക്ക് നോട്ടം വീണു, നേരെ ചെന്ന് ഒരു ഗോൾഡും രണ്ട് കട്ടനും വാങ്ങി തിരികെ,
“” മ്മ് കുടിക്ക്.. “” ഞാൻ അതവൾക്ക് നീട്ടി, ആ മിഴികളിൽ ഒരു തിളക്കം ഞാൻ കണ്ടു. ഒന്നും ശ്രദ്ധിക്കാതെ ഞാൻ ആ സിഗരറ്റിന് തീ കൊളുത്തി, ഉള്ളിലെ നോവിനായി ഒരു പുക ആഞ്ഞെടുത്തു.
“” യി..മുടിയും താടിയും ഒക്കെ വെട്ടി നിർത്തിക്കൂടെ ഡോക്ടർക്ക്, “”
ഉള്ളിൽ തികട്ടി വരുന്ന ദേഷ്യം പിടിച്ചു നിർത്താൻ ഞാൻ എന്നേ പഠിച്ചിരുന്നു.മറുപടി പറയാതെ കാപ്പി ഞാൻ ചുണ്ടോട് അടുപ്പിച്ചു.കുറച്ച് പ്രയാസം തോന്നിയെങ്കിലും ഞാൻ അത് കുടിച്ചു,
“” സോറി…. “” വീണ്ടും അവളിൽ നിന്നും.. നോക്കിയില്ല.