വളയും മോതിരവും ജിമിക്കിയും മാലകളും ചാർത്തി അസ്സലൊരു കല്യാണപെണ്ണിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ആമി കൂടെയുള്ളവർക്ക് തന്നെ ഒരു കാഴ്ചവിരുന്നായി മാറി.
“ചേച്ചി ഞാൻ മാമിയെ ഇങ്ങോട്ട് വിടാം..”
“ശെരി..വരുമ്പോ കുടിക്കാൻ കുറച്ച് വെള്ളമെടുക്കാൻ പറയ്.”
“ആ..”
കസിൻ പിള്ളേർ ചിരിച്ചു കൊണ്ട് ഉത്തരം കൊടുത്ത് പുറത്തേക്കിറങ്ങി.
“ആമി.. വി ആർ വെയ്റ്റിംഗ്..വെള്ളം കൂടുതൽ കുടിക്കേണ്ടാട്ടോ മുഹൂർത്ത സമയം പെടുക്കാൻ മുട്ടും..”
ദൃശ്യ അതും പറഞ്ഞു കളിയാക്കി കൊണ്ട് പുറത്തേക്ക് പോകാനൊരുങ്ങിയപ്പോൾ ആമിയവളെ പോടിയെന്നും വിളിച്ച് തലയാട്ടി സമ്മതം കൊടുത്തു.
ശേഷമവൾ കണ്ണാടിയിൽ നോക്കി പുഞ്ചിരിച്ച് സാരിയിലും മുഖത്തും ടച്ചപ്പ് ചെയ്തു. ഇന്ന് തന്റെ മംഗല്യമാണ്. തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ശ്രീയേട്ടൻ, പ്രണയിച്ച ചെക്കൻ കഴുത്തിൽ വരണമാല്യം ചാർത്തുന്നത് സങ്കൽപ്പിച്ച് അവളുടെ ഉള്ളിൽ സന്തോഷവും നാണവും പൂത്തുലഞ്ഞിരുന്നു.
മുഹൂർത്തസമയം അടുത്തത് കാരണം കസിൻ പിള്ളേരും ആമിയുടെ മാമിമാരും വന്ന് സമയാതിക്രമം അറിയിച്ചപ്പോൾ അവളവരുടെ കൂടെ മണ്ഡപത്തിലേക്ക് ആഗമിച്ചു. മണ്ഡപത്തിൽ ശ്രീയുടെ അടുത്ത് ചെന്നിരുന്നു. ഏട്ടനെ നോക്കി ചിരിക്കാൻ ശ്രമിച്ചു. കൂടെയുള്ള ഒരാളുടെയും മുഖത്തു എനിക്ക് നോക്കാൻ തോന്നിയില്ല. അതിലുപരി നാണവും. താലിക്കെട്ട് കാണാൻ വേണ്ടി വിയർത്തൊലിച്ചു വന്ന റിതിനെ ഒരു നോക്ക് മുന്നിൽ കണ്ട് ഒരു വെമ്പൽ ഉള്ളിലൂടെ കടന്നു പോയി. ചടങ്ങുകളെല്ലാം ഭംഗിയിൽ ഭംഗിയായി കഴിഞ്ഞു. പിന്നീട് മനസ്സ് സ്വസ്ഥം ശാന്തം.
സ്വന്തം വീട്ടിൽ നിന്ന് മാറി ഇപ്പോ തന്റെ പ്രിയതമന്റെ വീട്ടിൽ നവവധു എന്ന അലങ്കാരത്തിൽ ആമി തിളങ്ങി. ശ്രീയുടെ ബന്ധുക്കൾ എന്ന് പറയാൻ അമ്മാവന്റെ കുടുംബവും പിന്നെ കുറച്ച് അകന്ന ബന്ധുക്കൾ മാത്രമേ വീട്ടിൽ ഉണ്ടായുള്ളൂ. എല്ലാവരോടും തന്മയതത്തോടെയും സ്നേഹത്തോടെയും ഇടപഴകി ശ്രീയുടെ ഭാര്യയെന്ന കടമ നിറവേറ്റി. എല്ലാവർക്കും ആമിയെ നല്ലപോലെ ഇഷ്ടപ്പെടുകയും ചെയ്തു. ശ്രീയുടെ നിർബന്ധ പ്രകാരം അമ്മാവനും കുടുംബവും അന്നവന്റെ വീട്ടിൽ തന്നെ തങ്ങി. സമയം രാത്രിയിലേക്ക് നീണ്ടു.