ക്ലോക്കിൽ സമയം പതിനൊന്നടിച്ചു. പെട്ടെന്ന് ജനാലയുടെ പാളികൾ തുറന്നടയാൻ തുടങ്ങി. മൂടൽമഞ്ഞിന്റെ ഒരു പാളി മുറിയിലേക്കൊഴുകി വന്നു. ഒപ്പം പനിനീർപ്പൂവിന്റെ സുഗന്ധവും.
“പ്രഭു.” പ്രഭാവതി കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു. “പ്രഭൂ… “അങ്ങെത്തിയോ.”
“ഞാനെത്തി, നീ ആഗ്രഹിച്ചതു പോലെ ഈ രാത്രിയും നാമൊന്നാകും.” നെക്കാർഡോയുടെ കൈപ്പടം പ്രഭാവതിയുടെ ചുമലിൽ അമർന്നു.
“എനിക്ക് അങ്ങയെ നേരിൽ കാണാനാകില്ലേ?” തരളിതയായി പ്രഭാവതി ചോദിച്ചു.
“തീർച്ചയായും. എന്റെ രൂപം നിനക്കു ദർശിക്കാനാകും.” നെക്കാർഡോ പ്രഭാവതിയുടെ ചുമലിൽ നിന്നും കയ്യെടുത്തു.
പ്രഭാവതി നോക്കിനിൽക്കെ മൂടൽമഞ്ഞു പാളികൾ സാവധാനം ഒരു മനുഷ്യരൂപം പ്രാപിച്ചു. അവിടെ തെളിഞ്ഞ രൂപത്തെ പ്രഭാവതി അത്ഭുതപരതന്ത്രയായി കണ്ണിമയ്ക്കാതെ നോക്കി നിന്നു. പാശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച ഒരു യുവകോമളൻ. ആറടിയിലധികം ഉയരം. വിശാലമായ നെഞ്ച്. മസിലുകൾ ഉരുണ്ടു കളിക്കുന്ന ബലിഷ്ഠമായ കൈകൾ. ദേവതകളെ തോൽപ്പിക്കുന്ന സൌന്ദര്യമുള്ള മുഖത്ത് വശ്യ മനോഹരമായ കണ്ണുകൾ. കറുത്ത് നേരിയ താടിമീശ.
പ്രഭാവതി ശരിക്കും അയാളിൽ മയങ്ങിപ്പോയി. തലേന്ന് അയാളുടെ കരുത്താണ് അവളെ മയക്കിയത്. ഇപ്പോഴിതാ അയാളുടെ സൌന്ദര്യവും. തന്റെ പകുതി പ്രായം പോലും ഈ യുവാവിന് കാണില്ല എന്നു പ്രഭാവതിക്ക് തോന്നി.
“നമ്മുടെ ബന്ധത്തിന് പ്രായം ഒരു തടസ്സമല്ല പ്രഭാവതി.” അവളുടെ മനസ്സ് വായിച്ച നെക്കാർഡോ പറഞ്ഞു. “നാം തമ്മിലുള്ള ബന്ധം നിനക്ക് ഗുണകരമായതാകും. ഇനി നിനക്ക് പ്രായം വർദ്ധിക്കില്ല. നിന്റെ ശരീരസൗന്ദര്യം കൂടി വരുകയേ ഉള്ളൂ.”
നെക്കാർഡോ പ്രഭാവതിയുടെ ഇരുതോളുകളിലും കൈ വെച്ച് അവളെ തന്നോട് ചേർത്തു പിടിച്ചു മന്ത്രിക്കുന്നതുപോലെ പറഞ്ഞു. “നിലാവസ്തമിക്കുന്നതിന് മുൻപ് എനിക്കു മടങ്ങണം.”