“”…എടാ… മുട്ടായി വാങ്ങിത്തന്നകാര്യം വീട്ടിപ്പറയല്ലേട്ടോ..!!”””_ മീനാക്ഷിയെ ഒരിക്കൽകൂടി നോക്കി തിരിഞ്ഞുനടന്നയെന്നെ ചേച്ചിയോർമ്മിപ്പിച്ചു…
കൂടെച്ചെല്ലാൻ സമ്മതിയ്ക്കാതിരുന്ന ദേഷ്യത്തിൽ ഞാനതിന് അമർത്തിയൊന്നു മൂളുക മാത്രമാണപ്പോൾ ചെയ്തത്…
എന്നാൽ മീനാക്ഷിയെന്നെ മൈന്റുപോലുംചെയ്യാതെ നടന്നുനീങ്ങിയതോടെ എന്റെവിഷമവും ഇരട്ടിച്ചു…
പിന്നീടൊന്നും മിണ്ടാതെയാണ് ശ്രീക്കുട്ടനൊപ്പം വീട്ടിലേയ്ക്കുനടന്നത്…
അതിനിടയിൽ അവനെന്തൊക്കെയോ പറഞ്ഞെങ്കിലും ഞാനതൊന്നും കേട്ടില്ല…
“”…സിത്തൂ… വാടാ ഉണ്ണിയപ്പം കഴിച്ചേച്ചുപോവാടാ..!!”””_ ശ്രീക്കുട്ടന്റെ വീട്ടിനുമുന്നിലെത്തിയപ്പോൾ ചെറിയമ്മവിളിച്ചെങ്കിലും നിന്നില്ല…
സത്യത്തിലപ്പോൾ ഉണ്ണിയപ്പംകഴിയ്ക്കാനുള്ള മാനസികാവസ്ഥയിലൊന്നുമായിരുന്നില്ല ഞാൻ…
മീനാക്ഷി മൈന്റു ചെയ്യാതെപോയ സങ്കടമൊരുവശത്ത്…
ഇനിയവളെല്ലാം ചേച്ചിയോടുപറയോന്നുള്ള പേടിമറുവശത്ത്…
അതുകൊണ്ട് ചെറിയമ്മപറഞ്ഞതു കേട്ടെന്നുകൂടി നടിയ്ക്കാതെ ഞാൻ ഞങ്ങടെ പറമ്പിലേയ്ക്കുകയറി…
അപ്പുറവുമിപ്പുറവുമാണ് ഞങ്ങൾടെ വീടുകൾ…
അതിനിടയിൽ ചെറിയൊരു തിട്ടമാത്രമേയുള്ളു കേട്ടോ…
മുഖവും വലിച്ചുമുറുക്കിയ അവസ്ഥയിൽ വീട്ടിൽ ചെന്നുകയറി ബാഗും ഹോളിലെ സോഫയിലേയ്ക്കിട്ടുകൊണ്ട് അടുക്കളയിലേയ്ക്കു നടന്നു…
“”…ആഹാ.! ഇന്നുസാറ് നേരത്തെയാണല്ലോ…
എന്തുപറ്റി..??”””_ അടുക്കളയിൽ ഏതൊക്കെയോ പലഹാരങ്ങളുണ്ടാക്കാനുള്ള പരിശ്രമത്തിലായിരുന്ന അമ്മ എന്നെക്കണ്ടതും ആക്കിയചോദ്യമിട്ടു…