എന്നാൽ അവളപ്പോഴുമെന്നെ നോക്കി പേടിപ്പിയ്ക്കാൻ മറന്നില്ല…
അവളെന്നെ രൂക്ഷമായി നോക്കുമ്പോളൊക്കെ ഞാൻ പേടിച്ചെങ്കിലും അവളെയങ്ങനെ വെറുതേ വിടാനെനിയ്ക്ക് ഉദ്ദേശമില്ലായ്രുന്നു…
വഴിപാടിനുള്ള രസീത്വാങ്ങാനും അകത്തുകയറി തൊഴുതിട്ടുവന്നപ്പോൾ കൂട്ടത്തിനിടയിൽ കാണാതെപോയ മീനുവേച്ചീടെ ചെരിപ്പു തപ്പിപ്പിടിച്ചു കൊടുക്കാനുമൊക്കെ ഞാനാണ് കൂടുതൽ ഉത്സാഹിച്ചതെങ്കിലും അവളെന്നോടൊന്നു മിണ്ടുകപോലും ചെയ്തില്ല…
എന്നിരുന്നാലും അവൾ ചേച്ചിയോടൊന്നും പറഞ്ഞില്ലെന്നത് വിഷമത്തിനിടയിലും എനിയ്ക്കു ചെറിയൊരാശ്വാസമായി…
അന്ന് അമ്പലത്തിൽപ്പോയി വന്നതിൽപ്പിന്നെ മീനാക്ഷിയെ പലപ്രാവശ്യം കാണാൻ ശ്രെമിച്ചെങ്കിലും നടന്നില്ല…
സൈക്കിളുമെടുത്തവളുടെ വീടിനുമുന്നിലൂടെ പലപ്രാവശ്യം റൗണ്ടടിച്ചെങ്കിലും അവളുടെ പൊടിപോലും കാണാൻപറ്റിയില്ല…
ഓണാവധിയായതുകൊണ്ട് അവളു വീട്ടിൽനിന്നും പുറത്തിറങ്ങിയതുമില്ല…
വീട്ടിലെ ഫോണിൽനിന്നും കീത്തു അവളെ വിളിയ്ക്കുമ്പോൾ ഒന്നുമറിയാത്തപോലെ ഞാനും അടുത്തൊക്കെച്ചെന്നു ചുറ്റിപ്പറ്റിനിൽക്കും…
കാര്യമൊന്നും ഉണ്ടായിട്ടല്ല…
എങ്കിലും അതിലന്നെന്തോ സുഖമൊക്കെയുണ്ടായിരുന്നു…
അങ്ങനെയിരിയ്ക്കേ ഒരുദിവസമാണ് ശ്രീക്കുട്ടിയുടെ പിറന്നാൾവരുന്നത്…
ശ്രീക്കുട്ടിയെന്നു പറയുന്നത് ചെറിയമ്മയുടെ ഇളയമോളാണ് കേട്ടോ…
അതായത് ശ്രീക്കുട്ടന്റെ അനിയത്തി…
ചെറിയച്ഛൻ ഗൾഫിലായതുകൊണ്ടും വീട്ടിൽ ചെറിയമ്മയും രണ്ടുകുട്ടികളും മാത്രമായതിനാലും മിക്കപ്പോഴും അവര് ഞങ്ങളുടെ വീട്ടിലായിരിയ്ക്കും….