“ഒരു മിനിറ്റ്, ” ഐശ്വര്യ ഫോൺ കൈയ്യിലെടുത്ത ശേഷം പുറത്തിറങ്ങി.
ഒരു രണ്ടുമിനിറ്റിന് ശേഷം കോൾ കട്ട് ചെയ്ത് തിരികെ കാറിൽ കയറുമ്പോൾ ഐശ്വര്യയുടെ മുഖം നല്ല ഗൗരവത്തിലായിരുന്നു.
“എന്താടി എന്തുപറ്റി?” രജനി ചോദിച്ചു.
“ഓ ഒന്നുമില്ല, ഓഫീസിൽ നിന്നാ വർക്ക് കോൾ”
“ഈ ശനിയാഴ്ചയും ഓഫീസ്?”
“ഹാ എന്തുചെയ്യാനാ. ഒരു പണി ഏൽപ്പിച്ചാൽ ഉത്തരവാദിത്വത്തോടെ ചെയ്യാൻ കഴിവില്ലാത്തവർ ആണ് കൂടെ.”
“അപ്പൊ പ്ലാൻ ഡ്രോപ്പ് ആയോ?”
“ഹേയ് ഡോണ്ട് ബോതർ. ഞാൻ ഒഴിവാക്കി വിട്ടിട്ടുണ്ട്”
“അയ്യട ഇതു ചുമ്മാ നമ്പർ, ഇവൾക്ക് കുറേ പണിയുണ്ടെന്ന് നമ്മളെ കാണിക്കാൻ. നമ്മൾ രണ്ടും ഹൗസ് വൈഫ് ആണല്ലോ. മിക്കവാറും ഇവൾക്ക് ഓഫീസിൽ കുറെ ഫാൻ ബോയ്സ് ഉണ്ട്. ഇത് അതിൽ ആരെങ്കിലുമാകും. നമ്മൾ അറിയാതിരിക്കാൻ ചുമ്മാ പെട്ടെന്ന് ഗൗരവം.”
“ഹേയ്, രജനി. ഡോണ്ട് ടീസ് ഹെർ. അവളെ കണ്ടാൽ അറിയില്ലേ ഡിസ്റ്റർബ്ഡ് ആണെന്ന്,” നിർമല പറഞ്ഞു.
അതിനിടെ ഐശ്വര്യ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു. പക്ഷേ ഉടനെ ചവിട്ടി നിർത്തി. വണ്ടി പെട്ടെന്ന് ബ്രെയ്ക്ക് ചെയ്തതിന്റെ ഉലച്ചിൽ കഴിഞ്ഞപ്പോൾ സംശയത്തോടെ തന്നെ നോക്കുന്ന നിർമലയോടും രജനിയോടുമായി ഐശ്വര്യ പറഞ്ഞു, “ഗേൾസ്! ഐ ഹാവ് ആൻ ഐഡിയ. നിങ്ങൾക്ക് ഒരു ഒരാഴ്ച്ച കഴിഞ്ഞ് വീട്ടിൽ പോയാൽ മതിയോ?”
രജനിയും നിർമലയും ഐശ്വര്യയ്ക്ക് വട്ടാണോ എന്ന് സംശയിച്ചു നോക്കി.
“ഒരാഴ്ച്ച ഇവിടെ ഇരുന്ന് എന്തെടുക്കാനാ? നീയും അഭിയും നാട്ടിൽ പോകുമ്പോ വീടിന് കാവൽ കിടക്കാനോ?” രജനി ചോദിച്ചു.